ഒരു ചുമ്മാ ബ്ലോഗ്.. മസിലുപിടുത്തക്കാർ ദയവായി ക്ഷമിക്കുക..!!

Saturday, June 13, 2009

അച്ചുവും സുകുവും മിമിക്രി പട്ടിയും

(കഥക്കും കഥാപാത്രങള്‍ക്കും മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയ ഒരു വ്യക്തികളുമായി യാതൊരു സാമ്യവുമില്ല. (ഇത്തരക്കാര്‍ ജീവിച്ചിരിക്കുന്നതിലും ഭേദം...തമസോമാ..സത്ഗമയാ:) അഥവാ ആര്‍ക്കെങ്കിലും അങിനെ തോന്നുന്നു എങ്കില്‍ ഈയുള്ളവന്‍ ഉത്തരവാദി അല്ല.)

പള്ളിക്കൂടം അവധി ആയതിനാല്‍ എന്തു ചെയ്യണം എന്നറിയാതെ വെറുതെ വീടിന് ചുറ്റും കറങ്ങി നടന്ന അച്ചുവിന്റെ മുന്‍പില്‍ അയലത്തെ വീട്ടിലെ കുരുത്തം കെട്ട സുകുമാരന്‍ എന്ന സുകു പെട്ടന്ന് മുന്‍പിലേക്ക് വന്നു..
ഇന്ന് നമുക്ക് മാഷും കുട്ട്യോളും കളിക്കാം.. എന്താ.. സുകു പുതിയ ഐഡിയയുമായി വന്നപ്പോള്‍ അച്ചുവിനും തോന്നി.. കൊള്ളാം..
സുകു സ്വയം മാഷായി വെള്ള കുപ്പായവുമിട്ട് ഒരു വടിയുമായി പുറത്ത് കൂട്ടിയിട്ടിരുന്ന മണല്‍കൂമ്പാരത്തിന് മുകളില്‍ കയറിയിരുന്നു..അച്ചു അനുസരണയുള്ള ഒരു കുട്ടിയായി മുന്നില്‍ ഇരിപ്പുറപ്പിച്ചു..
“ഞാന്‍ ചോദിക്കുന്ന ചൊദ്യങള്‍ക്കൊക്കെ മണിമണിയായി ഉത്തരം പറയണം.. കേട്ടല്ലോ..?” സുകുമാഷ് ആദ്യത്തെ ചോദ്യം തപ്പാന്‍ തുടങി..
“മണിമണിയായി ഉത്തരം പറഞ്ഞാല്‍ എനിക്കെന്തു തരും..” അച്ചുവിന്റെ ചോദ്യം ന്യായമാണ്.
“പറഞ്ഞാല്‍ ഒരു ലാവ്‌ലിന്‍ കേക്ക് വാങ്ങി തരാം.....”
ചോദ്യം ഒന്ന്..
ആദ്യം വാക്യത്തില്‍ പ്രയോഗിക്കാനാണ്, മുടന്തന്‍ ന്യായം..
“മണിമണി..” അച്ചുവിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല ഉത്തരം പറയാന്‍..
“മണിമണിയോ.. അതെന്ത് ഉത്തരമാ..” മാഷായ സുകുവിന് വല്ലാത്ത ദേക്ഷ്യം വന്നു...
നീയല്ലെ പറഞത് എല്ലാ ചോദ്യങള്‍ക്കും “മണിമണിയായി” ഉത്തരം പറയണം എന്ന്.. പിന്നെന്താ..
ഉത്തരം “മണിമണി” അച്ചുവിന് ഒരു കൂസലുമില്ല..
“എടാ കൊച്ചാണാ.. മണിമണിയായി ഉത്തരം പറയണം എന്ന് പറഞ്ഞാല്‍ നല്ല ഉഷാറായിട്ട് ഉത്തരം പറയണം എന്നാണ്.. മനസ്സിലായോ..”
“വോ.. അങ്ങിനെ.. ശരി.. ശരി.. ചൊദ്യം എന്താ...”
“വാക്യത്തില്‍ പ്രയോഗിക്കുക, മുടന്തന്‍ ന്യായം..” മാഷായ സുകു ഒന്നുകൂടി ചോദ്യം ആവര്‍ത്തിച്ചു...
“അടുത്ത കാലത്തായി ചില മുടന്തന്മാര്‍ ഒരുതരം ന്യായം പറഞ്ഞു തുടങിയിട്ടുണ്ട്..” അച്ചുവിന്റെ ഉത്തരം സുകുമാഷിന് കത്തിയില്ല.. എങ്ങാണ്ട് കൊള്ളിച്ചുകൊണ്ടുള്ള ഒരു മുനയില്ലെ... ആ.. എന്തേലുമാകട്ടെ..
ഒരെണ്ണം കൂടി മര്യാദക്ക് ഉത്തരം പറയണം
“പൊട്ടിച്ചിരി”
“ഇന്നലെ ഞാന്‍ രഹസ്യമായി ലൗലിക്ക് എഴുതിവച്ചിരുന്ന കത്ത് ഇന്ന് ഞാന്‍ അറിയാതെ ആരോ പൊട്ടിച്ചിരിക്കുന്നു..”
“ഇനി അതു വേണ്ടാ.. അടുത്ത ചോദ്യം.. ഞാന്‍ പറയുന്ന വാചകത്തിന്റെ ഭാവി കാലം പറയണം..”
“മത്തായി കുട്ടപ്പനെ കുത്തി.. ഭാവി കാലം പറ..”
“മത്തായിയുടെ ഭാവി കോടതി വേണ്ടവിധത്തില്‍ കൈകാര്യം ചെയ്ത്കൊള്ളും.. എന്തായാലും മത്തായിക്ക് ഇപ്പോള്‍ അത്ര നല്ല കാലമല്ല..” അച്ചു ഒന്ന് നെളിഞിരുന്നു..
സുകുമാഷിന് കുറേശ്ശെ ദേക്ഷ്യം വന്നുതുടങ്ങി..
മതി മതി.. നമുക്ക് ഇനി കണക്ക് പടിക്കാം..
ഇമ്മാതിരി പൊട്ടന്‍ ചോദ്യങളാണെങ്കില്‍ ഞാന്‍ കളിക്കാനില്ല... അച്ചുവിനും ദേക്ഷ്യം വന്നു തുടങ്ങി..
“നീ കളിച്ചെ പറ്റൂ..”
“കളിക്കില്ല...”
“കളിക്കണം..”
“ഇല്ലാ.. ഇല്ലാ..”
“എടാ കിടന്നിടത്ത് കിടന്ന് തൂറരുത്.....”
“എന്ന് വച്ചാ‍ല്‍ പട്ടീന്നോ.. ഞാന്‍ കാണിച്ച് തരാമെടാ..മൈ.. മൈഗുണാ..”
കളിച്ചു കളിച്ച് കളിയുടെ അവസാനം കളി തീക്കളിയാകുമെന്ന് ആരും കരുതിയില്ല. അങോട്ടും ഇങോട്ടും ഉള്ള ആക്രോശങള്‍ക്കൊടുവില്‍ അച്ചു സ്വന്തം അഛനോട് പരാതിയുമായെത്തി..
“അഛാ.. അഛാ..”
“എന്താടാ..”
“അപ്പുറത്തെ സു...സുകു.. ” അച്ചു വിങലൊതുക്കാന്‍ അല്പം പ്രയാസപ്പെട്ടു..
“സുകുവിനെന്തു പറ്റിയെടാ...“
“അഛാ.. സുകു എന്നെ പട്ടീന്ന് വിളിച്ചു..”
അലസനായിരുന്ന അഛന്‍ സടകുടെഞെണീറ്റു..
“എന്തിനാടാ അവന്‍ നിന്നെ പട്ടീന്ന് വിളിച്ചത്... നിന്റെ വലിയ കൂട്ടുകാരനല്ലായിരുന്നോ അവന്‍...”
“ആ... പണ്ട് കൂട്ടായിരുന്നു.. ഇപ്പോള്‍ പട്ടീന്ന് വിളിച്ചതോടെ കൂട്ടു വിട്ടു.. എന്തായാലും ഇതിനൊരു പരിഹാരം ഉണ്ടാ‍ക്കണം”
ഇനി നാളെയാകട്ടെ.. ഞാന്‍ അവനോട് സംസാരിക്കാം..
ഇന്നത്തെ ഒരു ദിവസം കഴിയുമ്പോള്‍ ചിലപ്പോള്‍ രണ്ടു പേരും ഈ നിസ്സാര കാര്യം മറന്നു പോയാലൊ.. പിറ്റേ ദിവസം അതിരാവിലെ പത്രം വായിച്ചുകൊണ്ടിരുന്ന അഛന്റെ മുന്‍പിലേക്ക് 32 പല്ലും പുറത്ത് ക്ലോസപ്പായി കാട്ടി വെളുക്കെ ചിരിച്ചുകൊണ്ട് മുറ്റത്തതാ ക്ലാ.. ക്ലാ.. ക്ലി.. ക്ലീ.. ക്ലു.. ക്ലൂ...സൂ.. സൂമാരന്‍..
എന്താ സൂമാരാ.. അതിരാവിലെ.. നീയെന്തിനാ ഇന്നലെ അച്ചൂനെ പട്ടീന്ന് വിളിച്ചത്...
“ഓ.. അത് ഇന്നലത്തെ ഒരു ദേക്ഷ്യത്തിനല്ലെ.. ഇപ്പൊ അതൊക്കെ തീര്‍ന്നു..”
പിള്ളാ‍രായാല്‍ ഇങിനെ വേണം.. പിണക്കം മനസ്സില്‍ വെച്ചോണ്ടിരിക്കരുത്...
“ആട്ടെ.. എങിനാ പിണക്കം തീര്‍ന്നെ..”
“അച്ചു രാവിലെ എന്നെ ഫോണ്‍ ചെയ്ത് ഇന്നലത്തെ കാര്യം ഞാന്‍ മറന്നു.. നീ ഒന്നും മനസ്സില്‍ വെച്ചേക്കരുത്.. നമ്മളൊക്കെ നല്ല കുട്ട്യ്യോളല്ലെ.. എന്നു പറഞ്ഞു....”
“അതെപ്പോ...”
“ഇപ്പോ.. അര മണിക്കൂറെ ആയുള്ളു..”
“അരമണിക്കൂറൊ..”
“അതെ..”
“നിനക്കു തെറ്റിയില്ലല്ലൊ.. അച്ചു തന്നെയാണോ വിളിച്ചത്”
“അച്ചു തന്നാ.. എനിക്കവന്റെ ശബ്ദം ഏത് ഇരുട്ടത്ത് കേട്ടാലും അറിയില്ലെ... അല്ല.. അതെന്താ അങ്കിള്‍ എടുത്ത് എടുത്ത് ചോദിക്കുന്നത്...”
“അല്ലാ അതുപിന്നെ .. എങിനെ ശെരിയാകും..”
“അതെന്താ..”
“അവനിതുവരെ ഉറക്കമെണീറ്റിട്ടില്ലല്ലോ... അപ്പോപ്പിന്നെ അവനെങിനെ രാവിലെ നിനക്ക് ഫോണ്‍ ചെയ്യും..”
“അവന്‍ ഫോണ്‍ ചെയ്തിട്ട് ഉറങുന്നതുപോലെ കിടക്കുന്നതായിരിക്കും അങ്കിള്‍.. ഉടനെ ഇങോട്ട് വരാനും കൂടി അവന്‍ എന്നോട് പറഞ്ഞു.. അതല്ലെ ഞാന്‍ രാവിലെ തന്നെ വന്നത്..”
ഉറക്കച്ചടവോടെ കണ്ണ് തിരുമി പുറത്തേക്ക് വന്ന അച്ചു ചിരിച്ചുകൊണ്ട് മുറ്റത്ത് നില്‍ക്കുന്ന സുകുവിനെ കണ്ടതോടെ മുഖത്തെ മസിലുകള്‍ വരിഞ്ഞുമുറുകി.. പെട്ടന്നുണ്ടാ‍യ മൂത്രശങ്ക തീര്‍ത്തിട്ട് ഇവനോട് സംസാരിക്കാം എന്ന് കരുതി അച്ചു പെട്ടന്ന് അകത്തേക്ക് പോയി.. തിരിച്ച് വന്നപ്പോഴും പുറത്ത് സുകുവിന്റെ മുഖത്തെ ചിരി മാഞ്ഞിട്ടില്ലായിരുന്നു...
“അഛാ ദേ.. അവന്‍ രാവിലെ വീട്ടുമുറ്റത്ത് വന്ന് ചിരിക്കുന്നത് കണ്ടില്ലെ... പട്ടീന്ന് വിളിച്ചിട്ട്.. അവനോട് ചോദിക്കഛാ.. ചോദിക്ക്..” അച്ചുവിന് വല്ലാതെ ദേക്ഷ്യം വരുന്നുണ്ടായിരുന്നു..
ട്‌ര്‍..ട്‌ര്‍ണീം..ട്‌ര്‍..ട്‌ര്‍ണീം.. പെട്ടന്ന് സുകൂന്റെ ഇളിയിലിരുന്ന മൊബൈല്‍ ബെല്ലടിച്ചു..
“ഹലോ..”
“സുകുവല്ലെ.. ” അങേ തലക്കല്‍ പരിചയമുള്ള സ്വരം..
“അതെ.. ആരാ..”
“എടാ ഇതു ഞാനാ.. അച്ചു..”
സുകു മുന്നില്‍ മസില് വലിച്ച് പിടിച്ച് നില്‍ക്കുന്ന അച്ചുവിനെ പിന്നെയും പിന്നെയും നോക്കി.. അവന്റെ കൈയ്യില്‍ ഫോണൊന്നും കാണുന്നില്ലല്ലോ.. പിന്നെ ഇതാരാ.. അച്ചുവിന്റെ സ്വരത്തില്‍..
“ഹലോ ഇതാരാ” സുകുവിന്റെ ശബ്ദം കുറേശ്ശെ വിറച്ചു തുടങി...
“ഹ..ഹഹ..ഹാ.. പറ്റിച്ചേ.. എടാ ഇതു മിമിക്രിയാ.. മിമിക്രി.. വെറുതെ സമയം മിനക്കെടുത്തുന്ന നിന്നെപ്പോലെയുള്ളവര്‍ക്കൊക്കെ ഇനി ഇതെ ഉള്ളു ഒരു വഴി... ഇനി മിമിക്രി ചികിത്സയാ..മിമിക്രി ചികിത്സ.. നിനക്കും അച്ചുവിനും പിന്നെ എല്ലാ നാണം കെട്ടവന്മാര്‍ക്കും... ജഗ്രതൈ..!!!”
കട്ടായ ഫോണിലേക്കും പിന്നെ അച്ചുവിന്റെ മസിലിലേക്കും മാറിമാറി നോക്കി സുകു ഇളിഭ്യനായി തിരിഞ്ഞു നടന്നു..
എന്നാലും എന്റെ ശബ്ദത്തില്‍ ആരാടാ അവനെ വിളിച്ചത്... അച്ചുവിനൊരു പിടിയും കിട്ടിയില്ലാ.. അയലോക്കത്തെ
ലൗലിക്കേസില്‍ പിണങ്ങാറായി ഇരിക്കുന്ന മറ്റവന്‍ മിമിക്രിക്കാരനെ ഇറക്കിയതാണോ... എനിക്കിട്ട് പണിയാന്‍‍... ആ.. ആര്‍ക്കറിയാം... എന്നാലും എന്റെ മിമിക്രിക്കാരാ.. ലാവ്‌ലിന്‍ സലാം...

Thursday, February 26, 2009

ശ്രീമാന്‍ മിണ്ടാതിരിയും ഒരു ഈമെയില്‍ ദുരന്തവും..!!

(ഈമെയിലില്‍ കളര്‍ഫുള്‍ സ്വപ്നം കാണാന്‍ കാത്തിരിക്കുന്ന സകലമാന വയസ്സ മിണ്ടാതിരിമാര്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നു...)

ഡബ്ലിയു.ഡബ്ലിയു.യാഹൂ ഡോട്ട് കോം.. ഹോ ഒരു വിധത്തില്‍ അത്രേം ടയിപ്പ് ചെയ്ത്
ഒരു നെടു നിശ്വാസവും വിട്ട് മിണ്ടാതിരി മൂപ്പീന്ന് സോഡാ ഗ്ലാസ്സ് മാതിരിയുള്ള കണ്ണട
ഊരി മെശപ്പുറത്ത് വച്ചിട്ട് അര കപ്പ് വെള്ളവും കുടിച്ച് ഒന്നുകൂടി നിവര്‍ന്നിരുന്നു. കുറെ നാളായി ഒരു ഈ മെയില്‍ ഉണ്ടാക്കാന്‍ മൂപ്പീന്ന് പെടാപ്പാട് പെടുന്നു..
പിള്ളാരോടൊക്കെ അതിന്‍റെ വഴി ചോദിച്ച് ചോദിച്ച് മടുത്തു... എല്ലാര്‍ക്കും ഒരു
തരം "പുന്‍‌ഞ്ഞ" ഭാവം.. വയസ്സാം കാലത്ത് മൂപ്പീന്നിന് ഇമെയില്‍
എന്തിനാണെന്നാവും.. ഒടുവില്‍ ഒരു കൊച്ചന് ഒരു ഹാഫും (വളരെ പാടു പെട്ടാണ്
ഹാഫാക്കിയത്.. ചെക്കന് ഫുള്ളിലായിരുന്നു പിടിത്തം) പറോട്ടയും, ചിക്കന്‍ 65 -ഉം
കാണിക്ക വച്ചിട്ടാണ്ഇമെയില്‍ ഉണ്ടാക്കാനുള്ള സൂത്ര വഴി ചെക്കന്‍ കടലാസില്‍ കുറിച്ച് തന്നത്.
ദൈവമേ പേപ്പറെവിടെ..? ഹാവൂ.. ഇവിടുണ്ട്.. ഭൂലോകത്തിന്‍റെ
ഉള്ളറകളിലേക്കുള്ള രഹസ്യ താക്കോലുമായി യാഹു എന്ന ഭൂതം മിണ്ടാതിരി
മൂപ്പീന്നിനു മുന്നില്‍ ഹാജര്‍.. സോഡാ ഗ്ലാസ്സ് കണ്ണട വീണ്ടും ഫിറ്റ് ചെയ്ത് മൂപ്പീന്ന്
കസേര ഒന്നുകൂടി മോണിട്ടറിന് മുന്നിലേക്ക് വലിച്ചിട്ടു. നമ്പര്‍ 2 എന്ന് ചെക്കന്‍
എഴുതിയ ഭാഗത്ത് മൂപ്പീന്ന് അടുത്തതെന്തു എന്നു നോക്കി ഉറപ്പു വരുത്തി.. ങ്ഹാ..
കണ്ടു.. സൈന്‍ അപ്പ്.. കൈയ്യുടെ വിറയല്‍ കാരണം ഞെക്കി പിടിക്കുന്നതിനുള്ള
സുനാപ്പി (എന്താ അതിന്‍റെ പേര്.. മറവി ഉള്ളതു കൊണ്ട് പഴയതു പോലെ ഒന്നും
ഓര്‍മ്മയില്‍ നില്‍ക്കുന്നില്ല. എന്തെങ്കിലും ആകട്ടെ..) പായല്‍ തെറ്റുന്ന പൊലെ
കൈയ്യില്‍ നിന്നും വഴുതി പോകുന്നു.. മൂപ്പീന്ന് അതൊന്നും പക്ഷെ കാര്യമാക്കിയില്ല..
മൂന്നാമത്തെ കുത്തിന് പ്രയത്നം ഫലം കണ്ടു. വീണ്ടും ചെക്കന്‍ എഴുതിയ പേപ്പ‌ര്‍
നോക്കി നമ്പര്‍ 3: അടുത്ത പേജിലെ ആദ്യത്തെ വരിയില്‍ സോഡാ ഗ്ലാസ്സിലൂടെ
കണ്ട full name: എന്ന കോളത്തില്‍ കുറുന്തോട്ടി വീട്ടില്‍ ശ്രീമാന്‍ മിണ്ടാതിരി എന്ന്
അക്ഷരങള്‍ പെറുക്കി എടുത്ത് വച്ച് തീര്‍ന്നപ്പോള്‍ ഒന്ന് കിതച്ചു . ആഗ്രഹിക്കുന്ന e
-mail ID എന്ന കോളത്തില്‍ കുറുന്തോട്ടി മിണ്ടാതിരി അറ്റ് യാഹൂ ഡോട്ട് കോം എന്ന്
അടിച്ചിട്ട് മറ്റാരെങ്കിലും ഇതിനു മുന്‍പ് അത് റാഞ്ചി പോയോ എന്ന് രണ്ട് മിനിറ്റ്
മൗനമായി താടിക്ക് കൈ കൊടുത്ത് ആലോചിച്ച് ഇരുന്ന് പോയി. ഹൂറേ...
കിട്ടിപ്പോയീ.. വായ തുറന്ന് ആഹ്ലാദിച്ചപ്പൊള്‍ വെയ്പ് പല്ല് കീബോര്‍ഡിലേക്ക് വീണ്
മോണിട്ടറിലെന്തോ ഒന്ന് മിന്നി മറഞ്ഞു. വീണ്ടും എഴുതി നിറക്കാനുള്ള കോളങളുടെ
നീളവും എണ്ണവും കണ്ടപ്പോള്‍ ശ്രീമാന്‍ മിണ്ടാതിരി ഒന്നു ഞെട്ടി. പക്ഷെ രണ്ടും
കല്‍‌പ്പിച്ച് ഇറങ്ങിത്തിരിച്ച സ്ഥിതിക്ക് ഒരു കര കണ്ടിട്ടു തന്നെ ബാക്കി കാര്യം.
ഇനിയൊരു ജീവിതം ഉണ്ടെങ്കില്‍ അറ്റ്ലീസ്റ്റ് ഒരു ഈമെയിലെങ്കിലും ഇല്ലാതെ ..ഛ
ഛായ്.. സംഭവിക്കാന്‍ പാടില്ല.. നാണം കെട്ട് ജീവിക്കുന്നതിലും ഭേദം
വയസ്സുകാലത്ത് ആത്മഹത്യ ചെയ്യുകയല്ലാതെ വേറെ വഴിയില്ല. ആ ചെക്കന്‍റെ
ഒരു കൂട്ടുകാരന്‍ പറഞത് കേട്ടപ്പോള്‍ മുതല്‍ തോന്നിയ മോഹമാണ്. കിളവന്‍റെ
അതിമോഹമെന്ന് നാട്ടുകാര് പറയും.. പോയി ജോലി നോക്കാന്‍ പറ. എന്തൊക്കെ
പരിപാടികളാ ആ പയ്യന്‍സും കൂട്ടുകാരും ഒപ്പിക്കുന്നത്.. ഓരോ ദിവസം അവന്മാരുടെ
ബൈക്കിന്‍റെ പുറകില്‍ ഓരോരോ കളര്‍ഫുള്‍..മാറി മാറി.. ഹോ.. ദൈവമെ..എന്നെ
ഇത്രയും നേരത്തെ എന്തിനാ വയസ്സനാക്കി മാറ്റിയത്.. അല്ലെങ്കില്‍ ഈ ഇന്‍റര്‍
നെറ്റ് പരിപാടി ഒരു പത്തെഴുപത് വര്‍ഷം നേരത്ത രംഗത്തിറക്കിക്കൂ‌ടായിരുന്നോ
ഭഗവാനെ.. ഹാ.. ഇനി പറഞിട്ടെന്തു ഫലം.. ബാക്കി ഉള്ള സമയം ഒട്ടും പാഴാക്കാന്‍
പാടില്ല.. മുട്ടയിടാന്‍ വെമ്പുന്ന പിടക്കോഴിയുടെ ഉശിരോടെ കിളവന്‍ വളഞ്ഞു
കുത്തിയ നടുവിനെ നിവര്‍ത്തിയെടുത്ത് വീണ്ടും ഉഷാര്‍ ആയി നിവര്‍ന്നിരുന്നു..
ഏകദേശം പാതിരാക്കോഴി കൂവിത്തീര്‍ന്നതോടെ കുറുന്തോട്ടി മിണ്ടാതിരി അറ്റ് യാഹൂ
ഡോട്ട് കോം എന്ന സ്വന്തം ഈമെയിലുമായി ശ്രീമാന്‍ മിണ്ടാതിരി തന്‍റെ ആദ്യ
ദൗത്യം പൂര്‍ത്തിയാക്കി അല്പം മയങാനുള്ള തയ്യാറെടുപ്പിനായി കിടക്കയിലേക്ക്
ചാഞു. കിടന്നു കൊണ്ട് നാളെമുതല്‍ തന്‍റെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്ന
പുതു പുത്തന്‍ മാറ്റത്തിന്‍റെ വര്‍ണ പൊലിമയിലേക്ക് വീഴാന്‍ തുടങ്ങവെ "എന്തുവാ
മനുഷ്യനെ വയസ്സുകാലത്ത് ഉറക്കമൊന്നുമില്ലെ?" എന്ന ശബ്ദം കേട്ടിടത്തേക്ക്
രൂക്ഷമായി ഒന്നു നോക്കി.. "ഹോ..കളഞ്ഞു.. പിശാശ്.." വയസ്സുകാലത്തും സ്വന്തം
ഭാര്യയുടെ സ്നേഹ സം‌രക്ഷണ സ്വരം ഒരു തരം ചൊറിച്ചിലായി ശ്രീമാന്‍
മിണ്ടാതിരിക്ക് അനുഭവപ്പെട്ടു. നാളെ എന്‍റെ ജീവിതത്തില്‍ വരാനിരിക്കുന്ന പുത്തന്‍
അനുഭവങ്ങളെക്കുറിച്ച് ഈ മൂശേട്ട കിളവിക്ക് എന്തറിയാം.. ഹോ.. തിരിഞ്ഞു
നോക്കിയ വഴിയില്‍ പെഡലിയൊന്നു പിടിച്ചു.. കൂട്ടത്തില്‍ പ്രായത്തിന്‍റെ
അഷ്കിതയില്‍ മുന്‍പു മുതലേ ഉണ്ടായിരുന്ന വലിവ് പെട്ടന്ന് തലപൊക്കിയതും
പുതിയതായി ആയാസപ്പെട്ട് ഉണ്ടാക്കി എടുത്ത കുറുന്തോട്ടി മിണ്ടാതിരി അറ്റ് യാഹൂ
ഡോട്ട് കോം എന്ന് ഈ മെയില്‍ ഒരു ഊര്‍ദ്ധ ശ്വാസം പോലെ കീഴ് വായുവായി
തുരുതുരെ പുറത്തേക്ക് പോകാന്‍ തുടങിയതും കളര്‍ഫുളായി മനക്കോട്ട
കെട്ടിയതെല്ലാം ഒരു ബ്ലാക്‍ ആന്‍റ് വൈറ്റ് ആയി മുന്നില്‍ വട്ടം കറങ്ങാന്‍ തുടങി.
ശ്രീമാന്‍ മിണ്ടാതിരി ചരിഞ്ഞ് ഒന്നെണീക്കാന്‍ ഒരു ശ്രമം അതോ ഒരു ശ്രമം പോലെ
എന്തൊ ഒന്ന് നടത്തി നോക്കി. കൂട്ടത്തില്‍ ശ്വാസം വിടാനുള്ള ശ്രമം പാളുന്നതായി
ശ്രീമാന്‍ മിണ്ടാതിരിക്ക് അനുഭവപ്പെട്ടു.. ഈശ്വരാ.. മിണ്ടാതിരി അറ്റ് യാഹൂ ഡോട്ട്
കോം എന്ന എന്‍റെ ഈ മെയില്‍, നാളെ മുതല്‍ കാണാനിരുന്ന പുത്തന്‍ കളര്‍ഫുള്‍
ജീവിതം.. എല്ലാം ഒരൊറ്റ പിടലി വെട്ട് കൊണ്ട് അവസാനിച്ചോ..?? എണ്‍പതാം
വയസ്സില്‍ വയസ്സായിപ്പോയതിന്‍റെ മനക്ലേശത്തില്‍ ശ്രീമാന്‍ മിണ്ടാതിരിയുടെ
കണ്ണുകള്‍ അവസാന കുപ്പിയും വിറ്റ് തീര്‍ന്ന സിവില്‍ സപ്ലൈസ് മദ്യ ഷാപ്പിന്‍റെ
ഷട്ടര്‍ താഴുന്ന മാതിരി മെല്ലെ മെല്ലെ ഒരു പുതിയ ഈമെയില്‍ ലോകത്തേക്ക്...

Friday, February 20, 2009

ഒരുപുതിയ ഗള്‍ഫ് കത്ത്..

സുഹ്റയും (മക്കളും) അറിയുവാന്‍, ഈ കത്ത് അവിടെ കിട്ടുമ്പോള്‍ ചിലപ്പോള്‍ നീ അന്തം വിടുമായിരിക്കും, കൂടെക്കുടെ ഫോണ്‍ ചെയ്തുകൊണ്ടീരുന്ന ഈ മനുഷ്യന്‍ ഈ കാലത്തും കത്തെഴുതുവാന്‍ എന്തിനാ സമയം മിനക്കെടുത്തുന്നതെന്ന്. കത്തെഴുതാതിരുന്നിരുന്ന് എന്‍റെ കൈയ്യക്ഷരം എന്തു വ്രിത്തികേടായി എന്നു ഇതു കാണുമ്പോള്‍ നിനക്കെങ്കിലും മനസ്സിലാകും. ഇപ്പോഴത്തെ പിള്ളാരൊക്കെ ഫോണ്‍ ചെയ്യുന്നേനും പുറമെ ഈമയിലെന്നോ, ആ മെയിലെന്നോ ഒക്കെയുള്ള ഒരു പുതിയ സംഭവം കമ്പൂട്ടറിന്‍റെ എന്തൊക്കെയോ കളികളായിട്ടുണ്ട്. ഹാ.. അതെന്തെങ്കിലുമാകട്ടെ.. ഞാനീ ഗള്‍ഫില്‍ വന്നിട്ട് ഇന്നേക്ക് കാലമെത്രയായി എന്ന് നിനക്കെങ്കിലും ഓര്‍മ കാണുമായിരിക്കും. അതോ ആര്‍ഭാടങ്ങളില്‍ ജീവിച്ചതുകൊണ്ട് നീയും അതു മറന്നോ? നിന്നെ താലി കെട്ടി സുമാര്‍ മൂന്ന് മാസം തികയുന്നേനും മുമ്പേ വിസ സംഘടിപ്പിച്ച് ഗള്‍ഫിലേക്ക് പറക്കുമ്പോള്‍ ആരും കാണാതെ വീടിന്‍റെ ചായ്പിനു പുറകില്‍ മാറി നിന്ന് ഏങ്ങി കരയുന്ന നിന്‍റെ മുഖം ഇന്നലത്തേതു പോലെ എനിക്കു ഇന്നും ഓര്‍മ്മയുണ്ട്. ഇന്ന് നിന്‍റെ മുഖത്ത് ചിലപ്പോളൊക്കെ മിന്നിമറയുന്ന ഒരു തരം ഭാവം ഞാന്‍ കണ്ടില്ല എന്നു നടിക്കുന്നത് നിനക്കും
മനസ്സിലാകുമായിരിക്കും. നമ്മുടെ മൂത്ത മകളുടെ കുട്ടിക്ക് കഴിഞ ആഴ്ചയില്‍ ഒരു വയസായി എന്നു മരുമകന്‍ വിളിച്ചു പറഞിരുന്നു. ഇക്കണ്ട കൊല്ലങ്ങളൊക്കെയും ഈ മരുഭൂമിയില്‍ ഒറ്റക്ക് ഒരു യന്ത്രക്കാളകണക്കെ ജോലിചെയ്ത് ജോലിചെയ്ത് ശരീരം മനസ്സ് പറയുന്നിടത്ത് നില്‍ക്കാതെ ആയിരിക്കുന്നു. ഇപ്പോഴും മണിക്കൂറുകളോളം ബസ്സ് കാത്ത് നിന്ന് കിട്ടുന്ന തിരക്കുള്ള ഒന്നില്‍ കയറിപ്പറ്റി ജോലിസ്ഥലത്തെത്തുമ്പോള്‍ ഇയ്യിടെ ആയി സ്ഥിരമായി താമസിക്കാറുണ്ട്.
പഴയതുപോലെ അതിരാവിലെ എണീല്‍ക്കാന്‍ ഒരു വല്ലായ്ക ഉണ്ട്. കമ്പനിയിലെ ആ കള്ളഹിമാര്‍ സൂപ്പര്‍‌വൈസര്‍ രണ്ട് മൂന്ന് ദിവസം വല്ലാതെ ഒക്കെ പറഞ്ഞു. എന്നാലും എനിക്ക് മനസ്സില്‍ ഒരു സന്തോഷം ഇവിടെ ഞാന്‍ ബസ്സിലും മറ്റുമൊക്കെ കയറിയിറങ്ങുകയാണെങ്കിലും അവിടെ നീയും മക്കളുമൊക്കെ നമ്മുടെ പുത്തന്‍ ചുവന്ന കാറിലാണ് മീന്‍ മേടിക്കാന്‍ വരെ പോകുന്നതെന്ന് കഴിഞ ആഴ്ച‌യില്‍ നാട്ടില്‍ നിന്നും വന്ന നമ്മുടെ തെക്കേലത്തെ പോക്കറിന്‍റെ മോന്‍ പറഞറിഞ്ഞു. കാറിന്‍റെ കാര്യം പറഞ്ഞപ്പളാ ഓര്‍ത്തത് നമ്മുടെ ഡ്രൈവര്‍ക്ക് സുഖമല്ലെ? കൊറെ കൊല്ലമായി നിനക്കറിയാമല്ലോ എനിക്ക് ഒരു ദിവസം ഒരു നേരമെങ്കിലും ചോറ് കഴിക്കുന്നത് നിര്‍ബന്ധമാണെന്ന്.. കഴിഞ്ഞ ആഴ്ചയില്‍ ഇവിടെ ഞാന്‍ സ്ഥിരം അരി മേടിക്കുന്ന ബക്കാലക്കാരന്‍ (ഇവിടുത്തെ പലവ്യന്‍‌ജ്ഞന കട) ഇന്ത്യയില്‍ നിന്നും ഇപ്പോള്‍ അരി വരുന്നില്ല എന്നു പറഞ്ഞു. അതുകാരണം ഇപ്പോള്‍ പകരം മൂന്ന് നേരവും കുബ്ബൂസാണ് കഴിക്കുന്നത്. ഇപ്പോഴത്തെ കുബ്ബൂസാണെങ്കിലോ പണ്ടത്തേതിന്‍റെ പകുതിയോളം വലിപ്പത്തില്‍ മെലിഞ്ഞു ചെറുതായിരിക്കുന്നു. സാധനങളുടെ വില കൂടിയതിനനുസരിച്ച് കുബ്ബൂസിന്‍റെ വില കൂട്ടാതെയും എണ്ണം കുറക്കാതെയും വലിപ്പത്തില്‍ പിശുക്കു കാട്ടി അറബി തന്‍റെ വിശാല ബുദ്‌ധി പവപ്പെട്ടവന്‍റെ വയറ്റത്ത് സീലടിച്ച് വച്ചു. പച്ച‌രി ചോറ് എനിക്ക് പഥ്യമല്ല എന്നറിയാമല്ലൊ. പിന്നെ കിട്ടുന്ന അരിക്ക് ഹലാക്കിന്‍റെ വിലയും. ഇപ്പോള്‍ വയറിന് ചില വല്ലായ്കകള്‍ തുടങിയിട്ടുണ്ട്. പ്രായത്തിന്‍റെ അസ്വസ്ഥതകള്‍ വേറെയും.. അസുഖം വല്ലതും വന്നാല്‍‌ ഇവിടെ കുഴഞുപോയതു തന്നെ. മുന്‍പൊക്കെ സര്‍ക്കാര്‍ ആശുപത്രിയില്‍ പൈസയൊന്നും കൊടുക്കണ്ടായിരുന്നു. ഇപ്പോള്‍ ചീട്ടെടുക്കുന്നതിന് ആദ്യം കാശു കൊടുത്ത് സ്റ്റാമ്പ് എടുക്കണം. പിന്നെ ഹെല്‍ത്ത് ഇന്‍ഷൂറന്‍സെന്നും, വിസയടിക്കാനെന്നും മറ്റുമൊക്കെ പറഞ്ഞ് കിട്ടുന്നതിന്‍റെ നല്ല ഭാഗവും ഇവിടെ തന്നെ കൊടുത്തെ പറ്റൂ. എന്നു കരുതി മാസം തോറും നിനക്കയക്കുന്നതില്‍ കുറവു വരുത്തുവാന്‍ പറ്റുമോ? ചിലവിന്‍റെ കാര്യം പറഞ്ഞപ്പോളാണ് പ്രധാനപ്പെട്ട ഒരു കാര്യം വിട്ടു പോയത്. ഞങള്‍ താമസിച്ചു കൊണ്ടിരുന്ന റൂമില്‍ നിന്നും താമസം മാറി. കെട്ടിടം പൊളിഞു വീഴാറയപ്പോള്‍ അറബി വന്ന് എല്ലാരോടും മാറിക്കോളാന്‍ പറഞ്ഞു. ഇപ്പോള്‍ ഞാനും നമ്മുടെ തെക്കേലെ പോക്കറിന്‍റെ അളിയന്‍ കുഞാമുവും കൂടി വേറൊരു റൂമിലാണ്. പഴയതിന്‍റെ ഇരട്ടി വാടക ഇവിടെ കൊടുക്കണം. ഇതും ഉടനെ പൊളിച്ചു മാറ്റും എന്ന് കൂടെ താമസിക്കുന്ന മറ്റാളുകള്‍ പറയുന്നത് കേട്ടു. അങനെയെങ്കില്‍ താമസത്തിന്‍റെ കാര്യം വീണ്ടും പ്രശ്നമാകുന്ന ലക്ഷണമാണ്. ഓരോ മാറ്റത്തിനും വാടകയിനത്തില്‍ ചിലവ് കൂടി വരുകയാണ്. കമ്പനിയില്‍ നിന്നും കുറേശ്ശെ കുറേശ്ശെ പ്രായമായ ആളുകളെ പിരിച്ച് വിട്ടുകൊണ്ടിരിക്കുകയാണ്. അറബിയുമായുള്ള പഴയ പരിചയം വച്ചാണു ഇത്ര നാളും ഇവിടെ പിടിച്ചു നിന്നത്. ഇപ്പോള്‍ കമ്പനി കാര്യങളൊക്കെ നോക്കുന്നത് അറബിയുടെ മകനാണ്. എന്നാണ് ചീട്ടെടുക്കുന്നതെന്ന് അറിയില്ല. പലപ്പൊ പലപ്പോളായി നിന്‍റെ പേര്‍ക്ക് അയച്ച് തന്നിട്ടുള്ള തുകയാണ് ആകെ സമ്പാദ്യം. നിനക്കും അറിയവുന്നതാണല്ലൊ അത്. തെക്കേലത്തെ പോക്കറിന്‍റെ മോന്‍ നീയും മക്കളും അവിടെ അടിച്ചു പൊളിക്കുന്നെന്നോ മറ്റോ ഒക്കെ പറഞ്ഞു. എനിക്കൊന്നും മനസ്സിലായില്ല. കഴിഞ പ്രാവശ്യം നാട്ടില്‍ നിന്ന് കൊണ്ടുവന്ന ഷര്‍ട്ടും പാന്‍റ്‌സും ഇപ്പോള്‍ ഇടാന്‍ വയ്യാത്ത പരുവത്തില്‍ ആയി. പങ്കജ കസ്തൂരി തീര്‍ന്നു. ഇവിടെ തണുപ്പു തീര്‍ന്നു വരുന്നു.. കുറെ അസുഖങ്ങള്‍ തണുപ്പു കഴിയുന്നതോടെ മാറിക്കിട്ടും.. ഇന്നലെ ഭയങ്കര പൊടിക്കാറ്റായിരുന്നു. ഒരുതരം കാട്ടറബികളുടെ സ്വഭാവം തന്നെയാണ് ചിലപ്പൊള്‍ ഇവിടുത്തെ കാലാവസഥയും. ഒരു ലക്കും ലഗാനും ഇല്ലാത്ത മാതിരി..വേറെ പ്രത്യേകിച്ച് ഒന്നും ഇല്ല. എപ്പോഴും പറയുന്ന മാതിരി എല്ലാത്തിനും ഒരു കരുതല്‍ വേണം. ഇവുടുത്തെ പോക്കു കണ്ടിട്ട് ഇനി അധികം നാള്‍ പിടിച്ചു നില്‍ക്കാന്‍ കഴിയും എന്നു തോന്നുന്നില്ല... അത്രക്കുണ്ട് ഇവിടുത്തെ ചിലവുകള്‍...
നിറുത്തട്ടെ..
എന്നു നിന്‍റെ സ്വന്തം..

Friday, January 23, 2009

ഗാസ കത്തുന്നു

(ഗാസയിലെ ക്രൂരമായ നരഹത്യക്ക് ബലിയാടാക്കപ്പെട്ട ഓരോ പലസ്തീന്‍‌ പൗരന്‍‌മാര്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നു.)



ഞാനെന്‍റെ കണ്ണുകള്‍ പത്രത്താളുകളില്‍ പരതി
പത്രത്തിലേക്കിറ്റുവീണ ചോരത്തുള്ളി
എന്‍റെ കണ്ണുകളില്‍‌ നിന്നാണെന്ന് ഞാനറിഞില്ല
ചോരവീണ് മങിയ പത്രത്താളില്‍
നിഴല്‍ പോലെ ഞാനൊരു
പിന്‍ച്ചു കുഞ്ഞിന്‍റെ ശരീരം കണ്ടു
കൈയ്യില്‍ വെടിക്കോപ്പുകളേന്തി
ലോകത്തിന്‍റെ വിനാശകാരികള്‍
ആ കുഞിന്‍റെ ശരീരം ചവിട്ടി മെതിച്ചു
കറുത്ത പുകയും തീ പാറുന്ന ആയുധങളും
അവിടെ മരണവലയമൊരുക്കി
വീണ്ടും വീണ്ടും മങിവരുന്ന
അക്ഷരക്കൂട്ടങള്‍ക്കിടയില്‍
ആ കുഞിന്‍റെ നെഞ്ചകം പിളര്‍ന്ന്
ചോര കുടിക്കുന്ന രക്തക്കൊതിയന്‍‌മാര്‍
മരിച്ചു വിറങലിച്ച ശവങള്‍ക്കു നേരെ
വീണ്ടും വീണ്ടും വെടിയുതിര്‍ത്തുകൊണ്ടിരുന്നു
ചുവരുകളില്ലാത്ത ഇരുളടഞ്ഞ വീട്ടിനുള്ളില്‍
ഗ്രഹനാഥനെ ആരോ വിലങ്ങിടുന്നു
കുഞ്ഞിനെ തിരയുന്ന അമ്മയുടെ നേരേ
രക്തക്കൊതിനായ നിഴല്‍‌ രൂപം തോക്ക് ചൂണ്ടുന്നു
വെടിയൊച്ചകള്‍, തെന്നി വീഴുന്ന വികല രൂപങ്ങള്‍
ചുറ്റുമുണ്ടായിരുന്നവര്‍ എവിടെ
കണ്ണുകള്‍ ഇരുളുന്നതാണോ
അതോ നിങള്‍ കണ്ണുകളില്‍‌ ഇരുട്ടു നിറച്ചതാണോ
പത്രത്തിലെ അക്ഷരങള്‍ വെടിയുണ്ടകളായി
രൂപം മാറുന്നു
രക്തം വീണ ചിത്രങള്‍ ശവക്കൂമ്പാരങളായി
ചോര വീണ ഹ്രിദയം പിളര്‍ത്തി
ഹൂങ്കാര ശബ്ദത്തോടെ
അധിനിവേശത്തിന്‍റെ കാടത്തം
പുതിയ മാറ്റത്തിന്‍റെ ചിലങ്ക കെട്ടുന്നു
ഗാസ; രക്തപ്പുഴക്ക് മേല്‍‌
കണ്ണുനീരിന്‍റെ ഒഴുക്കുചാല്‍
ദിശയില്ലാതെ ശവങളും പേറി
കാലത്തിന്‍റെ മുന്നില്‍ ചോദ്യ ചിഹ്നമാകുന്നു
നിനക്ക് മുന്നില്‍‌ ഉയിര്‍ത്തെഴുന്നേല്‍‌പ്പിന്‍റെ
ഒരുകാലം ഇനിയുമില്ലെ
ഇവിടെ മനുഷ്യനാര്

Saturday, January 17, 2009

സര്‍ ഒരു സംശയമുണ്ട് സര്‍..!

ആഗോള സാമ്പത്തിക മാന്ദ്യം ലോകം മുഴുവനും സുനാമി പോലെ ചുഴറ്റി അടിച്ചുകൊണ്ടീരിക്കുന്നു. പല വന്‍‌കിട കമ്പനികളും പിടിച്ചു നില്‍ക്കാന്‍ "എന്തും ചെയ്യും സുകുമാരനെ" പ്പോലെ പലതും ചെയ്യുന്നു. എന്തിന് മാസാവസാനം പറ്റ് കടക്കാരന്‍ കാശ് ചോദിക്കുമ്പോള്‍ "എന്തരടെ നീ ഈ ലോകത്തൊന്നും അല്ലേടെയ്, പേപ്പറുകളൊന്നും വായിക്കാറില്ലേടെയ്, ലോകത്ത് മൊത്തം പ്രശ്നങളാടെയ്, ഇതൊക്കെ ഒന്നു തീരട്ടെ, എന്നിട്ടല്ലെ ഈ ചീള് കണക്ക്" എന്നു പറഞ്ഞു ചില വില്ലന്മാര്‍ കടക്കാരന്‍ കുത്തിനു പിടിക്കും വരെ ആഗോള സാമ്പത്തിക മാന്ദ്യം കാരണമാക്കി മുങിനടക്കുന്നു.പക്ഷെ ഞാന്‍ ആലോജിക്കുന്നത് നമ്മള്‍ മലയാളിക്ക് ഇതൊന്നും ബാധകമല്ലെ. ക്രിസ്റ്റ്മസ്സ് തലേന്ന് മലയാളികള്‍ ഒറ്റദിവസം കൊണ്ട് കുടിച്ച് തീര്‍ത്തത് 35 കോടിയുടെ മദ്യമാണ്. പുതുവര്‍ഷ തലേന്ന് ആയപ്പോള്‍ അത് 40 കോടി ആയി. ഹോ.. ഞാന്‍ മലയാളി യെന്ന് ഏത് കോത്താഴത്ത് നിന്ന് വേണമെങ്കിലും വിളിച്ച് പറയാന്‍ എനിക്ക് ആക്രാന്തമായി സര്‍. അത്രക്ക് അഹങ്കാരമുണ്ട് സര്‍ ഞാന്‍ മലയാളി എന്ന് പറയുവാന്‍‌.ചിലപ്പോള്‍ ദൈവത്തിന്‍റെ സ്വന്തം നാട് ആയതുകൊണ്ടാണോ നമുക്ക് ആഗോള സാമ്പത്തിക മാന്ദ്യം പുല്ലു വിലയായിരിക്കുന്നത്.എന്താണ് സര്‍ ഈ പറയുന്ന ആഗോള സാമ്പത്തിക മാന്ദ്യം. ആര്‍ക്കാണ് സര്‍ ഈ ആഗോള സാമ്പത്തിക മാന്ദ്യം. ഇതാരാണു സര്‍ കണ്ടു പിടിച്ചത്.കണ്ടു പിടിച്ചത് ആരായാലും സര്‍ ആ മാന്യ ദേഹത്തിനെ ഏത് രാജ്യത്തായലും തിരോന്തരത്തോ കൊച്ചിയിലോ ഒന്ന് കൊണ്ട് വന്ന് കാര്യങള്‍ പഠിക്കാന്‍ ഒരവസരം ഉണ്ടാക്കി കൊടുക്കാന്‍ നമ്മുടെ സര്‍ക്കാരോ (സര്‍ക്കാരിന്‍റെ കാര്യം പറഞ്ഞപ്പോഴാ ഓര്‍ത്തത്, പിടിച്ച് വച്ചിരിക്കുന്ന പുലിവാല്‍‌ വിട്ടിട്ട് അവര്‍ക്ക് ഭരിക്കാന്‍ എവിടാ നേരം) അല്ലെങ്കില്‍‌ ഇവിടുത്തെ മാന്യ പൗര ദേഹങളോ ശ്രമിക്കണം എന്നാണ് എന്‍റെ അഭിപ്രായം. ഇവിടുത്തെ സിനിമാ കൊട്ടകകളായ കൊട്ടകളിലെല്ലാം സൂപ്പര്‍സ്റ്റാറന്‍‌മാരുടെ സിനിമകള്‍ക്ക് തള്ളോടെ തള്ള് തന്നെ. ഇവിടെ മാന്ദ്യം ടിക്കറ്റ് കിട്ടാതെ പൊരിവെയിലത്ത് നിന്ന് രാവിലത്തെ ക്യൂവില്‍ നിന്ന് വൈകിട്ടത്തെ ക്യൂവിലേക്ക് സ്ഥലം മാറി നില്‍‌ക്കേണ്ടീ വരുന്ന പ്രേക്ഷക ലക്ഷങള്‍ക്കല്ലെ. നാടനും ഫോറിനും പിന്നെ ഫോറിന്‍ കോട്ടിട്ട നാടനും സര്‍ക്കാര്‍ ലേബലില്‍ ലോപമേതുമില്ലാതെ സദാ സമയവും ജനങള്‍ക്ക് എത്തിച്ച് കൊടുക്കാന്‍ ജാഗരൂഗരായിരിക്കുന്ന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍റെ മുന്നിലെ മനുഷ്യ ചങല പോലത്തെ ക്യൂ കണ്ടാല്‍ ആര്‍ക്കെങ്കിലും പറയാന്‍ പറ്റുമോ സര്‍ മാന്ദ്യം ആര്‍ക്കാണെന്ന്? തോളത്ത് മൊബൈല്‍ ഫോണും ഫിറ്റ് ചെയ്ത് ബൈക്കില്‍ ചെത്തിനടന്ന് അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും ഗാന്ധിത്തലയുള്ള താളുകള്‍ ഒരു മടിയുമില്ലാതെ ലാവിഷായി ചിലവാക്കി നടക്കുന്ന യുവാക്കളോട് ചോദിക്കണം സര്‍ നിങള്‍ ആഗോള മാന്ദ്യം ഈ വഴിയെങാനും പൊയത് കണ്ടോ എന്ന്. ദൈവങളെ വിറ്റ് കീശ വീര്‍പ്പിക്കുന്ന പുതുക്കൂറ്റന്‍ കച്ചവട തന്ത്രജ്‌ഞന്‍‌മാരുടെയും മതങളെ തമ്മിലടിപ്പിക്കലാണ് പുതു രാഷ്ട്രീയപ്പിടിച്ച് നില്‍‌പ്പിന്‍റെ ഏക വഴിയെന്നു വിശ്വസിക്കുന്ന ജനാധിപത്യ വിശ്വാസികളുടെയും പിന്നെ ദൈവത്തിന്‍റെയും (കണ്ടാല്‍ പിടിച്ച് സീരിയലാക്കിക്കളയുമെന്ന് പേടിച്ച് ദൈവങ്ങളാരും ഇപ്പൊള്‍ ഈ വഴിക്ക് വരുന്നില്ലെന്ന് കുബുദ്ധികള്‍) സ്വന്തം നാടായ കേരളാവില്‍ നിന്ന് ഏതാനും പേരെ ഈ പറയുന്ന സാമ്പത്തിക മാന്ദ്യമുള്ള എല്ലാ രാജ്യങളിലേക്കും കണ്‍സല്‍റ്റണ്ടുമാരായി അയച്ചാല്‍ അവരുടെ മാന്ദ്യവും തീരും, നമ്മുടെ നാട്ടിലെ തൊഴിലില്ലായ്മക്ക് ഒരല്‍‌പ്പം പരിഹാരവുമാകും. എന്താണു സര്‍ ഞാന്‍ പറഞ്ഞത് അവിവേകമാണോ? അഭിപ്രായമറിയാന്‍ താല്‍‌പര്യമുണ്ട്..



Thursday, February 14, 2008

ഒരു മൈതീന്‍ കഥ

തട്ടിപ്പിന് ഒരു കലാശാല ഉണ്ടെങ്കില്‍ അതിന്റെ വൈസ് ചാന്‍സ്‌ലര്‍
ആകാന്‍ യോഗ്യതയുള്ള ഒരേ ഒരു വിദ്വാന്‍ വെട്ടുക്കിളി മൈതീന്‍
ആണെന്ന് ഞാന്‍ എവിടെ വേണമെങ്കിലും നെഞ്ചില്‍ കൈ വച്ച്
പറയും. പക്ഷെ ഏത് കൊമ്പനും ചിലപ്പോള്‍ പറ്റ് പറ്റിപ്പോകും.നാട്ടിലെ
തട്ടിപ്പില്‍ പ്രത്യേകിച്ച് ഒരു പ്രഫഷണലിസം ഇല്ലാ എന്ന തോന്നല്‍
വെട്ടുക്കിളിയെ നാടു വിട്ട് പോകാന്‍ പ്രേരിപ്പിച്ചു. (നാട്ടിലെ ചെറുപ്പക്കാര്‍
കൈവച്ച് കൈവച്ച് നാട്ടില്‍ നില്‍ക്കകള്ളിയില്ലാതെ രായ്ക്ക് രാമാനം
കിട്ടിയ പാണ്ടി ലോറിയില്‍ കയറി തമിഴ് നാട്ടില്‍ എവിടെയോ
മുങിയതാണെന്ന് പിന്നാമ്പുറത്ത് കുബുദ്ധികള്‍ പറയുന്നത് മൈതീനു
പണ്ട് മത്തായി പറഞതു പോലെ..). വെടിക്കെട്ട് വിദ്വാന്റെ വീട്ടിലെ
പശുക്കുട്ടിക്ക് രാവിലെ ഒരു ഓലപ്പടക്കമെങ്കിലും ദിവസവും
പൊട്ടിക്കേട്ടില്ലെങ്കില്‍ അന്നത്തെ ദിവസം സ്വാഹ എന്ന പോലെ,
വെട്ടുക്കിളി മൈതീന്‍ മദ്രാസില്‍ എത്തിയിട്ട് ആരെ പറ്റിക്കണം എന്ന്
ഒരു പിടിയുമില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാന്‍ പറ്റാത്തതുകൊണ്ട്
അങ്ങോട്ട് മാത്രം നടന്ന് തലപുകഞ്ഞ് ആലോചിച്ചു.
കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല.. ദേ നില്‍ക്കുന്നു.. ഒരു അറബി
നേരെ മുന്നില്‍ മുകളിലേക്ക് നോക്കി.. വെട്ടുക്കിളി വെട്ടിത്തിരിഞ്ഞ്
അറബി നോക്കുന്നത് എന്താണെന്ന് ഉറപ്പ് വരുത്തി.
ഓഹോ.. മുന്നിലെ വലിയ കെട്ടിടത്തിന്റെ മുകളില്‍ ഫിറ്റ് ചെയ്തിരിക്കുന്ന
പ്രത്യേക തരത്തിലുള്ള ക്ലോക്കിലാണ് അറബിയുടെ കണ്ണ്.
ഐഡിയ വര്‍ക്കൌട്ട് ചെയ്തെടുക്കുവാന്‍ വെട്ടുക്കിളിക്ക് സൂപ്പര്‍
കമ്പ്യൂട്ടറിന്റെ ആയിരത്തില്‍ ഒരംശം സമയമെ വേണ്ടി വന്നുള്ളൂ.
പിന്നെ ഒന്നും ആലോചിച്ചില്ല..
ഒറ്റ ചാട്ടം അറബിയുടെ മുന്നിലേക്ക്.. പിന്നെ ഒരു ഡയലോഗും.. ആ
ക്ലോക്ക് വില്‍ക്കാന്‍ വച്ചിരിക്കുന്നതാ.. അറബിക്ക് വേണേല്‍ അര
വിലക്ക് തരാം.. അരമണിക്കൂര്‍ നേരത്തെ കശപിശക്ക് ശേഷം
അറബിയും മൈതീനുമായി വിലയില്‍ ഒരു ഒത്തു തീര്‍പ്പായി.. 1000
രൂപാ.. അറബി പിന്നെ തിരിഞ്ഞും മറിഞ്ഞും ആലോചിക്കാതെ
പോക്കറ്റില്‍ നിന്നും 1000 രൂപാ വെട്ടുക്കിളിക്ക് നീട്ടി.. ഒറ്റ
റാഞ്ചലായിരുന്നു..
പിന്നെ അറബിയോട് പറഞ്ഞു.. ഞാന്‍ പോയി ഒരു ഏണി എടുത്ത്
കൊണ്ട് വരട്ടെ.. അതുവരെ ഈ റോഡിന്റെ അരികിലേക്ക് മാറി നില്‍ക്ക്
അറബീ.. അല്ലെങ്കില്‍ വല്ല പാണ്ടീ ലോറിയും വന്ന് കയറും. പിന്നെ
മിന്നല്‍ പോലെ മൈതീന്‍ പിന്നാമ്പുറത്തേക്ക് മറഞു.
നട്ടുച്ച വരെ മുട്ടന്‍ വെയിലത്ത് നിന്ന് തല ചൂടായപ്പോള്‍ ഏണി
എടുക്കാന്‍ പോയ മൈതീന്റെ പിതാവിനെയും പിതാ മഹനെയും പിന്നെ
മറ്റ് കുടുംബ ശ്രേഷ്ഠ്ന്മാരെയും മനസാ സ്മരിച്ച് അവര്‍ക്കൊക്കെ
ദീര്‍ഘായുസ്സിന്നായി ഉച്ചത്തില്‍ പ്രാര്‍ഥിച്ച് അറബി കിട്ടിയ ടാക്സിക്ക്
സ്ഥലം വിട്ടു എന്ന് കഥാ ബാക്കി.

മൈതീന്റെ കഥ തുടരും..

Saturday, November 10, 2007

ദിവാകരന്‍ വീണ്ടും

(ക്ലിക്കി വലുതാക്കി വായിക്കാന്‍ അപേക്ഷ)