ഒരു ചുമ്മാ ബ്ലോഗ്.. മസിലുപിടുത്തക്കാർ ദയവായി ക്ഷമിക്കുക..!!

Friday, January 23, 2009

ഗാസ കത്തുന്നു

(ഗാസയിലെ ക്രൂരമായ നരഹത്യക്ക് ബലിയാടാക്കപ്പെട്ട ഓരോ പലസ്തീന്‍‌ പൗരന്‍‌മാര്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നു.)



ഞാനെന്‍റെ കണ്ണുകള്‍ പത്രത്താളുകളില്‍ പരതി
പത്രത്തിലേക്കിറ്റുവീണ ചോരത്തുള്ളി
എന്‍റെ കണ്ണുകളില്‍‌ നിന്നാണെന്ന് ഞാനറിഞില്ല
ചോരവീണ് മങിയ പത്രത്താളില്‍
നിഴല്‍ പോലെ ഞാനൊരു
പിന്‍ച്ചു കുഞ്ഞിന്‍റെ ശരീരം കണ്ടു
കൈയ്യില്‍ വെടിക്കോപ്പുകളേന്തി
ലോകത്തിന്‍റെ വിനാശകാരികള്‍
ആ കുഞിന്‍റെ ശരീരം ചവിട്ടി മെതിച്ചു
കറുത്ത പുകയും തീ പാറുന്ന ആയുധങളും
അവിടെ മരണവലയമൊരുക്കി
വീണ്ടും വീണ്ടും മങിവരുന്ന
അക്ഷരക്കൂട്ടങള്‍ക്കിടയില്‍
ആ കുഞിന്‍റെ നെഞ്ചകം പിളര്‍ന്ന്
ചോര കുടിക്കുന്ന രക്തക്കൊതിയന്‍‌മാര്‍
മരിച്ചു വിറങലിച്ച ശവങള്‍ക്കു നേരെ
വീണ്ടും വീണ്ടും വെടിയുതിര്‍ത്തുകൊണ്ടിരുന്നു
ചുവരുകളില്ലാത്ത ഇരുളടഞ്ഞ വീട്ടിനുള്ളില്‍
ഗ്രഹനാഥനെ ആരോ വിലങ്ങിടുന്നു
കുഞ്ഞിനെ തിരയുന്ന അമ്മയുടെ നേരേ
രക്തക്കൊതിനായ നിഴല്‍‌ രൂപം തോക്ക് ചൂണ്ടുന്നു
വെടിയൊച്ചകള്‍, തെന്നി വീഴുന്ന വികല രൂപങ്ങള്‍
ചുറ്റുമുണ്ടായിരുന്നവര്‍ എവിടെ
കണ്ണുകള്‍ ഇരുളുന്നതാണോ
അതോ നിങള്‍ കണ്ണുകളില്‍‌ ഇരുട്ടു നിറച്ചതാണോ
പത്രത്തിലെ അക്ഷരങള്‍ വെടിയുണ്ടകളായി
രൂപം മാറുന്നു
രക്തം വീണ ചിത്രങള്‍ ശവക്കൂമ്പാരങളായി
ചോര വീണ ഹ്രിദയം പിളര്‍ത്തി
ഹൂങ്കാര ശബ്ദത്തോടെ
അധിനിവേശത്തിന്‍റെ കാടത്തം
പുതിയ മാറ്റത്തിന്‍റെ ചിലങ്ക കെട്ടുന്നു
ഗാസ; രക്തപ്പുഴക്ക് മേല്‍‌
കണ്ണുനീരിന്‍റെ ഒഴുക്കുചാല്‍
ദിശയില്ലാതെ ശവങളും പേറി
കാലത്തിന്‍റെ മുന്നില്‍ ചോദ്യ ചിഹ്നമാകുന്നു
നിനക്ക് മുന്നില്‍‌ ഉയിര്‍ത്തെഴുന്നേല്‍‌പ്പിന്‍റെ
ഒരുകാലം ഇനിയുമില്ലെ
ഇവിടെ മനുഷ്യനാര്

Saturday, January 17, 2009

സര്‍ ഒരു സംശയമുണ്ട് സര്‍..!

ആഗോള സാമ്പത്തിക മാന്ദ്യം ലോകം മുഴുവനും സുനാമി പോലെ ചുഴറ്റി അടിച്ചുകൊണ്ടീരിക്കുന്നു. പല വന്‍‌കിട കമ്പനികളും പിടിച്ചു നില്‍ക്കാന്‍ "എന്തും ചെയ്യും സുകുമാരനെ" പ്പോലെ പലതും ചെയ്യുന്നു. എന്തിന് മാസാവസാനം പറ്റ് കടക്കാരന്‍ കാശ് ചോദിക്കുമ്പോള്‍ "എന്തരടെ നീ ഈ ലോകത്തൊന്നും അല്ലേടെയ്, പേപ്പറുകളൊന്നും വായിക്കാറില്ലേടെയ്, ലോകത്ത് മൊത്തം പ്രശ്നങളാടെയ്, ഇതൊക്കെ ഒന്നു തീരട്ടെ, എന്നിട്ടല്ലെ ഈ ചീള് കണക്ക്" എന്നു പറഞ്ഞു ചില വില്ലന്മാര്‍ കടക്കാരന്‍ കുത്തിനു പിടിക്കും വരെ ആഗോള സാമ്പത്തിക മാന്ദ്യം കാരണമാക്കി മുങിനടക്കുന്നു.പക്ഷെ ഞാന്‍ ആലോജിക്കുന്നത് നമ്മള്‍ മലയാളിക്ക് ഇതൊന്നും ബാധകമല്ലെ. ക്രിസ്റ്റ്മസ്സ് തലേന്ന് മലയാളികള്‍ ഒറ്റദിവസം കൊണ്ട് കുടിച്ച് തീര്‍ത്തത് 35 കോടിയുടെ മദ്യമാണ്. പുതുവര്‍ഷ തലേന്ന് ആയപ്പോള്‍ അത് 40 കോടി ആയി. ഹോ.. ഞാന്‍ മലയാളി യെന്ന് ഏത് കോത്താഴത്ത് നിന്ന് വേണമെങ്കിലും വിളിച്ച് പറയാന്‍ എനിക്ക് ആക്രാന്തമായി സര്‍. അത്രക്ക് അഹങ്കാരമുണ്ട് സര്‍ ഞാന്‍ മലയാളി എന്ന് പറയുവാന്‍‌.ചിലപ്പോള്‍ ദൈവത്തിന്‍റെ സ്വന്തം നാട് ആയതുകൊണ്ടാണോ നമുക്ക് ആഗോള സാമ്പത്തിക മാന്ദ്യം പുല്ലു വിലയായിരിക്കുന്നത്.എന്താണ് സര്‍ ഈ പറയുന്ന ആഗോള സാമ്പത്തിക മാന്ദ്യം. ആര്‍ക്കാണ് സര്‍ ഈ ആഗോള സാമ്പത്തിക മാന്ദ്യം. ഇതാരാണു സര്‍ കണ്ടു പിടിച്ചത്.കണ്ടു പിടിച്ചത് ആരായാലും സര്‍ ആ മാന്യ ദേഹത്തിനെ ഏത് രാജ്യത്തായലും തിരോന്തരത്തോ കൊച്ചിയിലോ ഒന്ന് കൊണ്ട് വന്ന് കാര്യങള്‍ പഠിക്കാന്‍ ഒരവസരം ഉണ്ടാക്കി കൊടുക്കാന്‍ നമ്മുടെ സര്‍ക്കാരോ (സര്‍ക്കാരിന്‍റെ കാര്യം പറഞ്ഞപ്പോഴാ ഓര്‍ത്തത്, പിടിച്ച് വച്ചിരിക്കുന്ന പുലിവാല്‍‌ വിട്ടിട്ട് അവര്‍ക്ക് ഭരിക്കാന്‍ എവിടാ നേരം) അല്ലെങ്കില്‍‌ ഇവിടുത്തെ മാന്യ പൗര ദേഹങളോ ശ്രമിക്കണം എന്നാണ് എന്‍റെ അഭിപ്രായം. ഇവിടുത്തെ സിനിമാ കൊട്ടകകളായ കൊട്ടകളിലെല്ലാം സൂപ്പര്‍സ്റ്റാറന്‍‌മാരുടെ സിനിമകള്‍ക്ക് തള്ളോടെ തള്ള് തന്നെ. ഇവിടെ മാന്ദ്യം ടിക്കറ്റ് കിട്ടാതെ പൊരിവെയിലത്ത് നിന്ന് രാവിലത്തെ ക്യൂവില്‍ നിന്ന് വൈകിട്ടത്തെ ക്യൂവിലേക്ക് സ്ഥലം മാറി നില്‍‌ക്കേണ്ടീ വരുന്ന പ്രേക്ഷക ലക്ഷങള്‍ക്കല്ലെ. നാടനും ഫോറിനും പിന്നെ ഫോറിന്‍ കോട്ടിട്ട നാടനും സര്‍ക്കാര്‍ ലേബലില്‍ ലോപമേതുമില്ലാതെ സദാ സമയവും ജനങള്‍ക്ക് എത്തിച്ച് കൊടുക്കാന്‍ ജാഗരൂഗരായിരിക്കുന്ന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍റെ മുന്നിലെ മനുഷ്യ ചങല പോലത്തെ ക്യൂ കണ്ടാല്‍ ആര്‍ക്കെങ്കിലും പറയാന്‍ പറ്റുമോ സര്‍ മാന്ദ്യം ആര്‍ക്കാണെന്ന്? തോളത്ത് മൊബൈല്‍ ഫോണും ഫിറ്റ് ചെയ്ത് ബൈക്കില്‍ ചെത്തിനടന്ന് അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും ഗാന്ധിത്തലയുള്ള താളുകള്‍ ഒരു മടിയുമില്ലാതെ ലാവിഷായി ചിലവാക്കി നടക്കുന്ന യുവാക്കളോട് ചോദിക്കണം സര്‍ നിങള്‍ ആഗോള മാന്ദ്യം ഈ വഴിയെങാനും പൊയത് കണ്ടോ എന്ന്. ദൈവങളെ വിറ്റ് കീശ വീര്‍പ്പിക്കുന്ന പുതുക്കൂറ്റന്‍ കച്ചവട തന്ത്രജ്‌ഞന്‍‌മാരുടെയും മതങളെ തമ്മിലടിപ്പിക്കലാണ് പുതു രാഷ്ട്രീയപ്പിടിച്ച് നില്‍‌പ്പിന്‍റെ ഏക വഴിയെന്നു വിശ്വസിക്കുന്ന ജനാധിപത്യ വിശ്വാസികളുടെയും പിന്നെ ദൈവത്തിന്‍റെയും (കണ്ടാല്‍ പിടിച്ച് സീരിയലാക്കിക്കളയുമെന്ന് പേടിച്ച് ദൈവങ്ങളാരും ഇപ്പൊള്‍ ഈ വഴിക്ക് വരുന്നില്ലെന്ന് കുബുദ്ധികള്‍) സ്വന്തം നാടായ കേരളാവില്‍ നിന്ന് ഏതാനും പേരെ ഈ പറയുന്ന സാമ്പത്തിക മാന്ദ്യമുള്ള എല്ലാ രാജ്യങളിലേക്കും കണ്‍സല്‍റ്റണ്ടുമാരായി അയച്ചാല്‍ അവരുടെ മാന്ദ്യവും തീരും, നമ്മുടെ നാട്ടിലെ തൊഴിലില്ലായ്മക്ക് ഒരല്‍‌പ്പം പരിഹാരവുമാകും. എന്താണു സര്‍ ഞാന്‍ പറഞ്ഞത് അവിവേകമാണോ? അഭിപ്രായമറിയാന്‍ താല്‍‌പര്യമുണ്ട്..