ഒരു ചുമ്മാ ബ്ലോഗ്.. മസിലുപിടുത്തക്കാർ ദയവായി ക്ഷമിക്കുക..!!

Wednesday, March 24, 2010

മത്തായിയെ പറഞ്ഞു പറ്റിക്കല്ലെ..

(ഒരു ചുമ്മാ ബ്ലോഗ്)

ഒരു കാലഘട്ടത്തിൽ റ്റീ.വീ വാർത്ത വായനക്കാരുടെ ഹരമായി ചാനലുകളിൽ ഫോൺ ഇൻ പരിപാടികളുമായി നിറഞ്ഞു നിന്നിരുന്ന ഉണ്ണിത്താൻ ദേണ്ടെ കിടക്കുന്നൂ, സാക്ഷാൽ ക്ലിന്റൺ മുതൽ കണ്ടരരു മോഹനരരു വരെ അടിതെറ്റി സുല്ലിട്ട് പോയ ദുർവ്വാസാവ് മഹർഷിയുടെ കാലം മുതൽക്കെ കേട്ടറിഞ്ഞിട്ടുള്ള പെണ്ണ് കേസിൽ തട്ടി പ്ലക്കോം..! പത്രമെടുത്ത് വാർത്തയുടെ തുടക്കം വായിച്ച് തുടങ്ങിയപ്പോൾ മത്തായിക്ക് ശരീരമാസകലം ഇക്കിളിയിട്ട് വന്നു. രോമം ഇല്ലാത്തതുകൊണ്ട് രോമാഞ്ചം വന്നില്ല. ഭാഗ്യം..! പിന്നെ പെട്ടന്ന് മുഖത്ത് കൃത്രിമ ഗൌരവം പണിപ്പെട്ട് വരുത്തിയിട്ട് മനോഗതം എന്ന പോലെ “ ഇവന്മാർക്കൊക്കെ തുണിയുരിഞ്ഞു കളഞ്ഞിട്ട് വല്ല എർത്ത് കമ്പിയിലും കയറി കൈ വിട്ട് കളഞ്ഞാൽ പോരായിരുന്നോ.. നാറികൾ” എന്നുരുവിട്ടുകൊണ്ട് പുറത്തേക്ക് ഉന്തി തള്ളി വന്ന കോട്ടുവായ ബ്..ഹ..ഹോ.. എന്ന് സംഗതികളുള്ള ഒരു കീർത്തനം പോലെ ഉച്ചത്തിൽ ഓരിയിട്ട് സ്വയം ആശ്വസിച്ചു. ചിതലരിക്കാറായ ചിന്തകൾക്ക് വിരാമമിടാൻ ചുമ്മാ റ്റീവി ഓണാക്കി വായ പൊളിച്ചിരുന്നു.
“കാലിൽ എന്താ...?”
സുന്ദരിയുടെ ചോദ്യം കേട്ട് മത്തായി കറണ്ട് ബിൽ കണ്ട് ഷോക്കടിച്ചമാതിരി ഒന്ന് ഞെട്ടി.
“കാലിലെ വരട്ട് ചൊറി ഇവളും കണ്ടോ.. ഹെന്റെ ദൈവമേ..!“
“കാലിൽ മൂന്നാർ ചെരിപ്പാ.. ഇതിട്ടാൽ എവിടേം കേറിപ്പോകാം.. എന്റെ ഫേവറേറ്റ്..”
“ഹോ.. പരസ്യമായിരുന്നു..“ മത്തായിക്ക് ആശ്വാസം
കാലിലെ പൂപ്പല് പിടിച്ച വട്ട വരട്ടു ചൊറിയെങാനും സുന്ദരി കാണുമോ എന്ന പേടിയായിരുന്നു.. ഗ്ലാ‍മർ പോയേനെ.. ദൈവം കാത്തു..
“നാവടക്കൂ.. പണിയെടുക്കൂ.. ചവച്ചു രസിക്കൂ..നിങളുടെ നാവിന് വിലങ്ങിടുന്നു..”
ച്യൂയിംഗ പരസ്യം സ്ക്രീനിൽ ഒട്ടിപ്പിടിച്ചു..
തൊട്ടു പിന്നാലെ.. “സംസാരിച്ചു കൊണ്ടേ ഇരിക്കൂ.. ഇപ്പോൾ മിനിറ്റിന് മുപ്പതു പൈസമാത്രം.. പിന്നെ എന്തിന് നാവടക്കി ഇരിക്കണം..” പട്ടി എല്ലിങ്കഷ്ണം കടിച്ചെടുത്തുകൊണ്ട് ഓടുന്ന പടം പുറകെ..
ഒരുത്തൻ പറയുന്നു നാവടക്കാൻ.. വേറൊരുത്തൻ പറയുന്നു സംസാരിച്ചു കൊണ്ടേ ഇരിക്കാൻ.. എല്ലാം ഇവന്മാർ തന്നെ തീരുമാനിച്ചാൽ മതിയൊ..?? പ്ഫൂ‍... മത്തായിക്ക് ചൊറിഞ്ഞു വന്നു..
“ഹ..ഹ്ഹ...ഹി..ഹ്ഹി..ഹി.....”
ഉച്ചത്തിലുള്ള പൊട്ടിച്ചിരി കേട്ട് പെട്ടന്ന് ഞെട്ടിത്തിരിഞ്ഞ മത്തായിയുടെ പിടലി “ക്ടിം“ എന്നു കേട്ടു. ഉടക്കിയ പിടലിയുമായി മൊത്തം ബോഡി കറക്കിത്തിരിഞ്ഞു നോക്കി.. “ആരാടാ..”
“ഹ..ഹ്ഹ...ഹി..ഹ്ഹി..ഹി.....” വീണ്ടും പിന്നാമ്പുറത്തുനിന്നും അതെ പൊട്ടിച്ചിരി.. ആരെയും കാണുന്നുമില്ല. എന്തോ ഓർമ്മ വന്നപോലെ മത്തായി അടുത്തിരുന്ന മൊബൈൽ ഫോൺ കൈയ്യിലെടുത്തു.. ആരോ വിളിക്കുന്നു.. പുതിയ റിംഗ് ട്യൂണാ..“ഹ..ഹ്ഹ...ഹി..ഹ്ഹി..ഹി.....” പൊട്ടിച്ചിരി.. ഞെട്ടി പിടലി ഉളുക്കിയത് മിച്ചം..
ഫോണിന്റെ ബട്ടൺ ഞെക്കി മകൻ ദുഫായീന്ന് കൊണ്ട് വന്ന വളഞ്ഞ കൊണി (ബ്ലൂ ടൂത് എന്നും പറയും) എടുത്ത് ചെവിയിൽ ഫിറ്റ് ചെയ്തു.
“അലോ..” “ആരാ..” ഭവ്യമായ ചോദ്യം..
“അനുരാഗ വിലോചിതനായി... അതിലേറെ മോഹിതനായി...” ഈണത്തിൽ പാട്ടും പിന്നെ ഒരു കിളി മൊഴിയും അങ്ങേ തലക്കൽ നിന്നും കേട്ടപ്പോൾ കുറേ നേരമായി വയറ്റിനകത്തു കിടന്ന് കറങ്ങിയ, വായു, സോഡ കുടിച്ചപ്പോൾ ഏമ്പക്കം വിട്ടു പുറത്തേക്ക് പോയ ഒരു നിർവൃതി..
“നീ ഏതാ മോളേ... എവിടുന്നാ വിളിക്കുന്നേ.. നിന്റെ പേരെന്താ..” പിടലി ഉളുക്കിയ ഹാംഗ്‌ഓവറിൽ നിന്നും സടകുടഞ്ഞെണീറ്റ മത്തായിയുടെ അസ്ത്രം മാതിരിയുള്ള നൂറായിരം ചോദ്യങ്ങൾക്ക് ചെവി കൊടുക്കാതെ കിളിമൊഴി വീണ്ടും..
“ഈ ഗാനം ഡയലർ ടോൺ ആയി കിട്ടാൻ ഒന്ന് അമർത്തുക..”
ഒന്നല്ല.. ഒരായിരം പ്രാവശ്യം അമർത്താൻ തയ്യാറായി നിൽക്കുന്ന മത്തായി ചുറ്റും നോക്കി ജാഗരൂകനായി..അടുത്തെങ്ങും ആരുമില്ലെന്നുറപ്പുവരുത്തി..
“ഒന്നോ രണ്ടോ അമർത്താം.. ഇതൊക്കെ ഫോണിലൂടെ പറ്റുമോ.. നീ എവിടുന്നാ വിളിക്കുന്നതെന്ന് പറ..കൊച്ചേ..”
“അനുരാഗ വിലോചിതനായി... “ വീണ്ടും അതേ ഗാനം. ചലപില മൊഴിഞ്ഞുകൊണ്ടിരുന്ന കിളി‌മൊഴിയുടെ വിശ്വാസ്യതയിൽ വികാര വിശ്വംഭരനായി നിന്ന മത്തായിക്ക് എന്തൊ പന്തികേട് തോന്നി. മൊബൈൽ കമ്പനിക്കാരന്റെ അസ്ഥാനത്തുള്ള പരസ്യ തന്ത്രത്തിൽ ഇളിഭ്യനായ മത്തായി ചെവിയിൽ നിന്നും കൊണി ഊരി മേശപ്പുറത്തു വച്ചു..
“വിശ്വാസം അതല്ലെ എല്ലാം..” കളിയാക്കുന്ന മാതിരി ബാക്കി പരസ്യവാചകം റ്റിവിയിൽ മുറിഞ്ഞു മുറിഞ്ഞു കേൾക്കുന്നു.. ഇവന്മാർ എല്ലാം കൂടെ ഒരുമ്പെട്ടിറങ്ങിയിരിക്കുവാണല്ലോ ദൈവമേ... ഇവന്മാർക്കിടയിൽ പിടിച്ചുനിൽക്കാൻ ത്രാണി തരണേ.. അറിയാതെ പ്രാർത്ഥിച്ചു പോയി.
അറുപതും എഴുപതും വയസ്സുള്ള കിളവന്മാർ വിഗ്ഗും മേക്കപ്പുമൊക്കെ വച്ച് ചെറുമക്കളുടെ പോലും പ്രായം ഇല്ലാത്തകൊച്ചു പെൺകുട്ടികളോടൊപ്പം മരംചുറ്റി ആടി തിമിർക്കുന്നത് കാണുമ്പോൾ.. ഹോ..”
മിനിസ്ക്രീനിൽ സംസ്കാരിക നായകൻ പത്രസമ്മേളനത്തിൽ രോഷാകുലനാകുന്നു.. ഇപ്പോൾ പഴയതു പോലെ ആരും ശ്രദ്ധിക്കുന്നില്ല എന്ന കുണ്ഠിതമാണോ പ്രശസ്ഥരായവർക്കെതിരെ സ്വത്ത് തട്ടിയെടുത്തു എന്നൊക്കെ ബുദ്ധിഭ്രമം വിളിച്ചു പറയുവാൻ അദ്ദേഹത്തേ പ്രേരിപ്പിക്കുന്നത് എന്നു മത്തായിയുടെ വരണ്ട തലയിൽ ചുമ്മാ തോന്നിപ്പോയി.. തോന്നലിനിടയിൽ മത്തായിയുടെ ബനിയന്റെ ഉള്ളിലൂടെ എന്തൊ പരതി നടക്കുന്നത് പോലെ തോന്നി. കിട്ടിയ സ്ഥലത്ത് കൂടെ കൈയ്യ് ഉള്ളിലേക്കിട്ട് എന്തോ ഒന്നിനെ പുറത്തേക്ക് വലിച്ചെറിഞ്ഞു. കവർ പാലിന്റെ വില നോക്കുന്നത് പോലെ താഴെ വീണ സാധനത്തിൽ മത്തായി സൂക്ഷിച്ച് നോക്കി. ഒരു ഉണക്ക വിട്ടിൽ. “ഇതെങിനെ ബനിയന്റെ ഉള്ളിൽ കയറിപ്പറ്റി.“
“മൂന്നാറിൽ നിന്നെങ്ങാനും വന്നതായിരിക്കും.. അല്പം കൂടി കഴിഞ്ഞിരുന്നെങ്കിൽ.. ഈശോയേ.. ഇവൻ വിലമതിക്കാനാകാത്ത ഠൌൺ ഏരിയ മൊത്തം കൈയ്യേറിയേനേല്ലോ.. ഈശോമിശിഹാക്ക് സ്ഥുതിയായിരിക്കട്ടെ..”
“ഹ..ഹ്ഹ...ഹി..ഹ്ഹി..ഹി.....” ഫോണിന്റെ പൊട്ടിച്ചിരി വീണ്ടും.. മത്തായി ഫോണിലേക്ക് ഒന്ന് മ്ലാവി നോക്കി..
“പോടീ ഡാഷ് മോളെ... ഇനീം മത്തായിയെ പറ്റിക്കാൻ ഒരുത്തിക്കും കഴിയില്ലെടീ.. കാരണം മത്തായിയുടെ കൈയ്യിൽ മുസ്‌ലി പവ്വർ എക്സ്ട്ര ഉണ്ട്.. മുസ്‌ലി പവ്വർ എക്സ്ട്ര..“