ഒരു ചുമ്മാ ബ്ലോഗ്.. മസിലുപിടുത്തക്കാർ ദയവായി ക്ഷമിക്കുക..!!

Thursday, February 26, 2009

ശ്രീമാന്‍ മിണ്ടാതിരിയും ഒരു ഈമെയില്‍ ദുരന്തവും..!!

(ഈമെയിലില്‍ കളര്‍ഫുള്‍ സ്വപ്നം കാണാന്‍ കാത്തിരിക്കുന്ന സകലമാന വയസ്സ മിണ്ടാതിരിമാര്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നു...)

ഡബ്ലിയു.ഡബ്ലിയു.യാഹൂ ഡോട്ട് കോം.. ഹോ ഒരു വിധത്തില്‍ അത്രേം ടയിപ്പ് ചെയ്ത്
ഒരു നെടു നിശ്വാസവും വിട്ട് മിണ്ടാതിരി മൂപ്പീന്ന് സോഡാ ഗ്ലാസ്സ് മാതിരിയുള്ള കണ്ണട
ഊരി മെശപ്പുറത്ത് വച്ചിട്ട് അര കപ്പ് വെള്ളവും കുടിച്ച് ഒന്നുകൂടി നിവര്‍ന്നിരുന്നു. കുറെ നാളായി ഒരു ഈ മെയില്‍ ഉണ്ടാക്കാന്‍ മൂപ്പീന്ന് പെടാപ്പാട് പെടുന്നു..
പിള്ളാരോടൊക്കെ അതിന്‍റെ വഴി ചോദിച്ച് ചോദിച്ച് മടുത്തു... എല്ലാര്‍ക്കും ഒരു
തരം "പുന്‍‌ഞ്ഞ" ഭാവം.. വയസ്സാം കാലത്ത് മൂപ്പീന്നിന് ഇമെയില്‍
എന്തിനാണെന്നാവും.. ഒടുവില്‍ ഒരു കൊച്ചന് ഒരു ഹാഫും (വളരെ പാടു പെട്ടാണ്
ഹാഫാക്കിയത്.. ചെക്കന് ഫുള്ളിലായിരുന്നു പിടിത്തം) പറോട്ടയും, ചിക്കന്‍ 65 -ഉം
കാണിക്ക വച്ചിട്ടാണ്ഇമെയില്‍ ഉണ്ടാക്കാനുള്ള സൂത്ര വഴി ചെക്കന്‍ കടലാസില്‍ കുറിച്ച് തന്നത്.
ദൈവമേ പേപ്പറെവിടെ..? ഹാവൂ.. ഇവിടുണ്ട്.. ഭൂലോകത്തിന്‍റെ
ഉള്ളറകളിലേക്കുള്ള രഹസ്യ താക്കോലുമായി യാഹു എന്ന ഭൂതം മിണ്ടാതിരി
മൂപ്പീന്നിനു മുന്നില്‍ ഹാജര്‍.. സോഡാ ഗ്ലാസ്സ് കണ്ണട വീണ്ടും ഫിറ്റ് ചെയ്ത് മൂപ്പീന്ന്
കസേര ഒന്നുകൂടി മോണിട്ടറിന് മുന്നിലേക്ക് വലിച്ചിട്ടു. നമ്പര്‍ 2 എന്ന് ചെക്കന്‍
എഴുതിയ ഭാഗത്ത് മൂപ്പീന്ന് അടുത്തതെന്തു എന്നു നോക്കി ഉറപ്പു വരുത്തി.. ങ്ഹാ..
കണ്ടു.. സൈന്‍ അപ്പ്.. കൈയ്യുടെ വിറയല്‍ കാരണം ഞെക്കി പിടിക്കുന്നതിനുള്ള
സുനാപ്പി (എന്താ അതിന്‍റെ പേര്.. മറവി ഉള്ളതു കൊണ്ട് പഴയതു പോലെ ഒന്നും
ഓര്‍മ്മയില്‍ നില്‍ക്കുന്നില്ല. എന്തെങ്കിലും ആകട്ടെ..) പായല്‍ തെറ്റുന്ന പൊലെ
കൈയ്യില്‍ നിന്നും വഴുതി പോകുന്നു.. മൂപ്പീന്ന് അതൊന്നും പക്ഷെ കാര്യമാക്കിയില്ല..
മൂന്നാമത്തെ കുത്തിന് പ്രയത്നം ഫലം കണ്ടു. വീണ്ടും ചെക്കന്‍ എഴുതിയ പേപ്പ‌ര്‍
നോക്കി നമ്പര്‍ 3: അടുത്ത പേജിലെ ആദ്യത്തെ വരിയില്‍ സോഡാ ഗ്ലാസ്സിലൂടെ
കണ്ട full name: എന്ന കോളത്തില്‍ കുറുന്തോട്ടി വീട്ടില്‍ ശ്രീമാന്‍ മിണ്ടാതിരി എന്ന്
അക്ഷരങള്‍ പെറുക്കി എടുത്ത് വച്ച് തീര്‍ന്നപ്പോള്‍ ഒന്ന് കിതച്ചു . ആഗ്രഹിക്കുന്ന e
-mail ID എന്ന കോളത്തില്‍ കുറുന്തോട്ടി മിണ്ടാതിരി അറ്റ് യാഹൂ ഡോട്ട് കോം എന്ന്
അടിച്ചിട്ട് മറ്റാരെങ്കിലും ഇതിനു മുന്‍പ് അത് റാഞ്ചി പോയോ എന്ന് രണ്ട് മിനിറ്റ്
മൗനമായി താടിക്ക് കൈ കൊടുത്ത് ആലോചിച്ച് ഇരുന്ന് പോയി. ഹൂറേ...
കിട്ടിപ്പോയീ.. വായ തുറന്ന് ആഹ്ലാദിച്ചപ്പൊള്‍ വെയ്പ് പല്ല് കീബോര്‍ഡിലേക്ക് വീണ്
മോണിട്ടറിലെന്തോ ഒന്ന് മിന്നി മറഞ്ഞു. വീണ്ടും എഴുതി നിറക്കാനുള്ള കോളങളുടെ
നീളവും എണ്ണവും കണ്ടപ്പോള്‍ ശ്രീമാന്‍ മിണ്ടാതിരി ഒന്നു ഞെട്ടി. പക്ഷെ രണ്ടും
കല്‍‌പ്പിച്ച് ഇറങ്ങിത്തിരിച്ച സ്ഥിതിക്ക് ഒരു കര കണ്ടിട്ടു തന്നെ ബാക്കി കാര്യം.
ഇനിയൊരു ജീവിതം ഉണ്ടെങ്കില്‍ അറ്റ്ലീസ്റ്റ് ഒരു ഈമെയിലെങ്കിലും ഇല്ലാതെ ..ഛ
ഛായ്.. സംഭവിക്കാന്‍ പാടില്ല.. നാണം കെട്ട് ജീവിക്കുന്നതിലും ഭേദം
വയസ്സുകാലത്ത് ആത്മഹത്യ ചെയ്യുകയല്ലാതെ വേറെ വഴിയില്ല. ആ ചെക്കന്‍റെ
ഒരു കൂട്ടുകാരന്‍ പറഞത് കേട്ടപ്പോള്‍ മുതല്‍ തോന്നിയ മോഹമാണ്. കിളവന്‍റെ
അതിമോഹമെന്ന് നാട്ടുകാര് പറയും.. പോയി ജോലി നോക്കാന്‍ പറ. എന്തൊക്കെ
പരിപാടികളാ ആ പയ്യന്‍സും കൂട്ടുകാരും ഒപ്പിക്കുന്നത്.. ഓരോ ദിവസം അവന്മാരുടെ
ബൈക്കിന്‍റെ പുറകില്‍ ഓരോരോ കളര്‍ഫുള്‍..മാറി മാറി.. ഹോ.. ദൈവമെ..എന്നെ
ഇത്രയും നേരത്തെ എന്തിനാ വയസ്സനാക്കി മാറ്റിയത്.. അല്ലെങ്കില്‍ ഈ ഇന്‍റര്‍
നെറ്റ് പരിപാടി ഒരു പത്തെഴുപത് വര്‍ഷം നേരത്ത രംഗത്തിറക്കിക്കൂ‌ടായിരുന്നോ
ഭഗവാനെ.. ഹാ.. ഇനി പറഞിട്ടെന്തു ഫലം.. ബാക്കി ഉള്ള സമയം ഒട്ടും പാഴാക്കാന്‍
പാടില്ല.. മുട്ടയിടാന്‍ വെമ്പുന്ന പിടക്കോഴിയുടെ ഉശിരോടെ കിളവന്‍ വളഞ്ഞു
കുത്തിയ നടുവിനെ നിവര്‍ത്തിയെടുത്ത് വീണ്ടും ഉഷാര്‍ ആയി നിവര്‍ന്നിരുന്നു..
ഏകദേശം പാതിരാക്കോഴി കൂവിത്തീര്‍ന്നതോടെ കുറുന്തോട്ടി മിണ്ടാതിരി അറ്റ് യാഹൂ
ഡോട്ട് കോം എന്ന സ്വന്തം ഈമെയിലുമായി ശ്രീമാന്‍ മിണ്ടാതിരി തന്‍റെ ആദ്യ
ദൗത്യം പൂര്‍ത്തിയാക്കി അല്പം മയങാനുള്ള തയ്യാറെടുപ്പിനായി കിടക്കയിലേക്ക്
ചാഞു. കിടന്നു കൊണ്ട് നാളെമുതല്‍ തന്‍റെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്ന
പുതു പുത്തന്‍ മാറ്റത്തിന്‍റെ വര്‍ണ പൊലിമയിലേക്ക് വീഴാന്‍ തുടങ്ങവെ "എന്തുവാ
മനുഷ്യനെ വയസ്സുകാലത്ത് ഉറക്കമൊന്നുമില്ലെ?" എന്ന ശബ്ദം കേട്ടിടത്തേക്ക്
രൂക്ഷമായി ഒന്നു നോക്കി.. "ഹോ..കളഞ്ഞു.. പിശാശ്.." വയസ്സുകാലത്തും സ്വന്തം
ഭാര്യയുടെ സ്നേഹ സം‌രക്ഷണ സ്വരം ഒരു തരം ചൊറിച്ചിലായി ശ്രീമാന്‍
മിണ്ടാതിരിക്ക് അനുഭവപ്പെട്ടു. നാളെ എന്‍റെ ജീവിതത്തില്‍ വരാനിരിക്കുന്ന പുത്തന്‍
അനുഭവങ്ങളെക്കുറിച്ച് ഈ മൂശേട്ട കിളവിക്ക് എന്തറിയാം.. ഹോ.. തിരിഞ്ഞു
നോക്കിയ വഴിയില്‍ പെഡലിയൊന്നു പിടിച്ചു.. കൂട്ടത്തില്‍ പ്രായത്തിന്‍റെ
അഷ്കിതയില്‍ മുന്‍പു മുതലേ ഉണ്ടായിരുന്ന വലിവ് പെട്ടന്ന് തലപൊക്കിയതും
പുതിയതായി ആയാസപ്പെട്ട് ഉണ്ടാക്കി എടുത്ത കുറുന്തോട്ടി മിണ്ടാതിരി അറ്റ് യാഹൂ
ഡോട്ട് കോം എന്ന് ഈ മെയില്‍ ഒരു ഊര്‍ദ്ധ ശ്വാസം പോലെ കീഴ് വായുവായി
തുരുതുരെ പുറത്തേക്ക് പോകാന്‍ തുടങിയതും കളര്‍ഫുളായി മനക്കോട്ട
കെട്ടിയതെല്ലാം ഒരു ബ്ലാക്‍ ആന്‍റ് വൈറ്റ് ആയി മുന്നില്‍ വട്ടം കറങ്ങാന്‍ തുടങി.
ശ്രീമാന്‍ മിണ്ടാതിരി ചരിഞ്ഞ് ഒന്നെണീക്കാന്‍ ഒരു ശ്രമം അതോ ഒരു ശ്രമം പോലെ
എന്തൊ ഒന്ന് നടത്തി നോക്കി. കൂട്ടത്തില്‍ ശ്വാസം വിടാനുള്ള ശ്രമം പാളുന്നതായി
ശ്രീമാന്‍ മിണ്ടാതിരിക്ക് അനുഭവപ്പെട്ടു.. ഈശ്വരാ.. മിണ്ടാതിരി അറ്റ് യാഹൂ ഡോട്ട്
കോം എന്ന എന്‍റെ ഈ മെയില്‍, നാളെ മുതല്‍ കാണാനിരുന്ന പുത്തന്‍ കളര്‍ഫുള്‍
ജീവിതം.. എല്ലാം ഒരൊറ്റ പിടലി വെട്ട് കൊണ്ട് അവസാനിച്ചോ..?? എണ്‍പതാം
വയസ്സില്‍ വയസ്സായിപ്പോയതിന്‍റെ മനക്ലേശത്തില്‍ ശ്രീമാന്‍ മിണ്ടാതിരിയുടെ
കണ്ണുകള്‍ അവസാന കുപ്പിയും വിറ്റ് തീര്‍ന്ന സിവില്‍ സപ്ലൈസ് മദ്യ ഷാപ്പിന്‍റെ
ഷട്ടര്‍ താഴുന്ന മാതിരി മെല്ലെ മെല്ലെ ഒരു പുതിയ ഈമെയില്‍ ലോകത്തേക്ക്...

No comments: