ഒരു ചുമ്മാ ബ്ലോഗ്.. മസിലുപിടുത്തക്കാർ ദയവായി ക്ഷമിക്കുക..!!

Thursday, July 16, 2009

ഹോ..!! ഈ റ്റീവീടെ ഒരു കളി..

അഛാ.. അഛാ.. ദേണ്ടഛാ റ്റീവീല് ലാവ്‌ലിന്‍ അങ്കിള്‍ നടന്നുപോകുന്നു... രാവിലെ പത്രപാരായണം തുടങ്ങാന്‍ ചാ‍രുകസാരയിലേക്ക് ചാരാന്‍ തുടങിയപ്പോളാണ് നാല് വയസ്സുകാരന്റെ പുറകീന്നൊള്ള വിളി..അഛാ.. അഛാ.. ദേണ്ടഛാ റ്റീവീല് ലാവ്‌ലിന്‍ അങ്കിള്‍..ഇതാരപ്പാ ലാവ്‌ലിന്‍ അങ്കിള്‍.. അവന് ആകെയുള്ള ഒരങ്കിള്‍ പണ്ടെങ്ങാണ്ട് നാടു വിട്ട് പോയിട്ട് ഇന്നേക്ക് കൊല്ലം എട്ടായി. അവന് ആ സ്വന്തം അങ്കിളിനെ മുന്നില്‍ കണ്ടാല്‍പ്പോലും തിരിച്ചറിയാന്‍ കഴിയില്ല. പിന്നാരാ ഈ പുതിയ അവതാരാങ്കിള്‍.. അതും റ്റീവീല് വരുന്ന ഒരങ്കിളോ.. എന്നാ പിന്നെ അതൊന്ന് കണ്ടിട്ട് തന്നെ കാര്യം. ഇന്നലെ വൈകിട്ട് പങ്കജാക്ഷിയെ തിരിഞ്ഞുനോക്കിയ വകയില്‍ പെടലി ഉളുക്കിയിരിക്കുന്നതുകൊണ്ട് (പട്ടിയെ എറിയാന്‍ കല്ലെടുക്കാന്‍ കുനിഞ്ഞപ്പോള്‍ വാക്കല്ലാതെ ഉളുക്കി എന്നാണ് പാവം ഭാര്യയെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്). മണ്ണിടിച്ച് നിരത്തുന്ന പോര്‍ക്ക് ലിഫ്‌റ്റ് മൊത്തത്തില്‍ തിരിയുന്നതുപോലെ ബോഡി മൊത്തം കറക്കി മുഖം റ്റീവിയുടെ മുന്‍പിലേക്ക് പട്ടി പച്ച ഇറച്ചിയിലേക്ക് നോക്കുന്ന ആക്രാന്തത്തോടെ ഒന്നെത്തി നോക്കി. ഓ.. പടം മാറി.. ധീരാ ധീരാ നേതാവെ.. സഖാവിന്റെ മുഖം റ്റീവിയില്‍ വെട്ടിത്തിളങുന്നു..
“എവിടേടാ നീ പറഞ്ഞ മറ്റെ അങ്കിള്‍..
“ദേണ്ടഛാ.. അതു തന്നെ”
“ഹെന്റെ ദൈവമെ.. ങ്ഹേ..ഇതോ.. ഇത് പാര്‍ട്ടീടെ എല്ലാമെല്ലാമായ .. ടാ ആരാടാ നിന്നോട് പറഞ്ഞ് തന്നത് ലാവ്‌ലിന്‍ അങ്കിള്‍ എന്ന്..”
“റ്റീവീ ല് ദെവസോം കാണാല്ലോ അഛാ..ലാവ്‌ലിന്‍.. ലാവ്‌ലിന്‍.. എന്ന് പറഞ്ഞിട്ട് ഈ അങ്കിളിനെ കാണിക്കാറുണ്ടല്ല്ലോ..”
“ഈ റ്റീവീക്കാരുടെ ഒരു കാര്യം.. പിള്ളാരെ വഴിതെറ്റിക്കാന്‍..”
“ടാ.. പോ..പോ.. പോയി വേറെ എന്തെങ്കിലും ചെയ്യ്.. എപ്പോഴും റ്റീവീല് നോക്കിക്കൊണ്ടിരുന്നാല്‍ കണ്ണ് ഇല്ലാതായിപ്പോകും..”
“അതാണാ അഛാ.. ഇയ്യിടെ ആയിട്ട് നമ്മുടെ കൈസറ് പട്ടീടെ കണ്ണിനൊരു വീക്കം..”
“മോനെ.. അഛനോട് ഇങ്ങനെ മറുതല പറയരുതെന്ന് അമ്മ പറഞ്ഞു തന്നിട്ടില്ലേ..”
“അമ്മ അഛനോടും പറഞ്ഞിട്ടുണ്ടല്ലൊ..”
“എന്ത്..?”
“അങേലെ പങ്കജാക്ഷി ആന്റിയോട് സംസാരിക്കരുതെന്ന്.. എന്നിട്ട് അഛന്‍ ഇന്നലെയും സംസാരിക്കുന്നത് ഞാന്‍ കണ്ടല്ലോ..”
“മോനവിടെ ഇരുന്ന് റ്റിവി കണ്ടോ.. കേട്ടോ..”
ഇവന്‍ അഛ്ന്റെ വേര് തോണ്ടും എന്ന് ജോത്സ്യര്‍ പറഞ്ഞതെത്ര ശരി..
പെട്ടന്ന് റ്റിവീലെ ശബ്ദം മാറി...
“ങാ.. ഇനിപ്പറ എപ്പളാ സംഭവിച്ചെ..എങിനെ സംഭവിച്ചെ.. ടൈം പറ..ബലാത്സംഗമായിരുന്നോ... അതല്ല അബോര്‍ഷനെക്കാള്‍ ഗര്‍ഭമുണ്ടാകാതിരിക്കുന്നതല്ലെ നല്ലത്... ഐപ്പില്‍ ഉപയോഗിക്കൂ..“ഹോ.. ദൈവമേ.. ഓരോ പരസ്യങളുടെ പോക്ക് നോക്കണെ...
“ഹലോ..”“ഹലോ..”
ഫോണ്‍ ബെല്ലടിക്കാതെ ഇതാരാടാ ഹലോ .. ഹലോ പറഞ്ഞു കളിക്കുന്നത്..
“അഛാ.. ദെ മറ്റെ ചേച്ചീടെ പ്രോഗ്രാം തുടങ്ങി..”
“ഹളൊ..”
“ഇതാരാന്..”
“ഇറ്റാരാ.. വിലിക്കുനത്..”
മലയാളമാണോ.. മളയാലമാണോ..
“ഞാന്‍ മൊണ്ടി പാച്ചുണ്ണി..”
“ഹൌ ഫണ്ണി....”
“അയ്യോ.. പണ്ണി അല്ല.. പാച്ചുണ്ണി..”
“ഓകെ.. എന്ത് ഉണ്ണിയെങ്കിലും ആകട്ടെ... ചെട്ടാ.. ചെട്ടന്‍ എവിറ്റുന്നാ വിലിക്കനെ..”
“ഞാന്‍ വലിക്കാറില്ല...”
“വലിക്കലല്ല... വിലിക്കുന്നെ.. വിളിക്കുന്നെ..”
ഇതേത് ‘ബാഷ‘ ദൈവമേ..?
“ഞാന്‍ പറിങ്ങാണ്ടിപ്പെരേന്നാ..”
“എന്നതാ.. പറി... പറിങ്ങാണ്ടിയോ ... ഹാ‍..ഹീ..ഹീ.. അതെന്റുവാ.. അങിനെ ഒരു പ്ലയ്സ് ഉണ്ടോ..?”
“അതേ.. അത് പ്ലേസല്ല.. ഞങ്ങളുടെ വീട്ടില്‍ പറിങ്ങാണ്ടി കൂട്ടിയിട്ടിരിക്കുന്ന മുറീന്നാ..”
“ഫണ്ണി കൊച്ചുണ്ണി.. അതെന്തിനാ പരിം‌ഗാന്റി പുരയില്‍ കയറിയിരിക്കുന്നത്..?”
“ഞാന്‍ നേരത്തെ പറഞ്ഞു.. കൊച്ചുണ്ണി അല്ല.. പാച്ചുണ്ണിയാ..”
പറിങ്ങാണ്ടി പുരയില്‍ കയറിയിരിക്കുന്ന കാരണം പറയാന്‍ പാച്ചുണ്ണി മനപ്പൂര്‍വ്വം വിസമ്മതിച്ചു..
“ശരി പാച്ചുന്നി ചെട്ടാ.. ഏത് പാട്ടാ വേണ്ടത്..?”
“അക്കരെ ഇക്കരെ നിന്നാലെങിനെ ആശതീരും.. എന്ന പാട്ട് വേണം.”
“കൊച്ച് കല്ലന്‍.. ആരുടെ ആശതീരുന്ന കാര്യമാ..”
പാച്ചുണ്ണിക്ക് അല്പനേരം മൌനം..
“പിന്നെ അവസാനം പറയുന്ന മറ്റെ പരിപാടി ഉണ്ടല്ലൊ.. എന്നതാ അത്..” പാച്ചുണ്ണി കത്തിക്കയറുകയാണ്..
“മറ്റെ പരിപാടിയോ.. ചെട്ടാ.. ഇത് റ്റീവീലൂടെ ഒരുപാട് പേര് കണ്ടോണ്ടിരിക്കുന്നതാ. കുറച്ച് ഡീസന്റായി സംസാരിക്കണം..”
“ഞാന്‍ ആ മറ്റെ പരിപാടി അല്ല ഉദ്ദേശിച്ചത്.. വെടിക്കെട്ടില്ലേ..”
“ഈ പാട്ട് ഓരോരുത്തര്‍ക്ക് വെടിക്കെട്ട് ചെയ്യുന്ന മറ്റെ പരിപാടി..”
“ഓ.. ഡെഡിക്കേറ്റ്.... കൊച്ചുന്നി ചേട്ടന്റെ ഒരു തമാശ..”
“കൊച്ചുന്നി അല്ല.. പാച്ചുണ്ണി....”
“ഓ.. ആര്‍ക്കാ ഡെഡിക്കേറ്റ് ചെയ്യേണ്ടത്..ചെറ്റാ...”
“ചെറ്റയോ.. ചെറ്റ നിന്റെ മറ്റവന്‍”
പാച്ചുണ്ണിക്ക് തിളച്ചു വരുന്നു..
#@%$#&@&#@@..”
ലൈവ് പരിപാടി ആയതുകൊണ്ട് പിന്നീട് പാച്ചുണ്ണി പറഞ്ഞ ഡിക്ഷ്ണറിയിലുള്ളതും ഇല്ലാത്തതുമായ “മലയാല“ പദപ്രയോഗം കേട്ട് പ്രേക്ഷകര്‍ കോരിത്തരിച്ചിട്ടുണ്ടാകും. സ്ക്രീനില്‍ ഉലക്കയില്‍ തുണിചുറ്റിയപോലെയുള്ള പെണ്‍കുട്ടി നിന്ന് വിറച്ചു.
“പാച്ചുണ്ണി ചേട്ടാ. ചെറ്റ എന്നല്ല പറഞ്ഞത്.. ചേട്ടാ എന്ന് സ്റ്റൈലില്‍ പറഞ്ഞതാ.. ”
പെട്ടന്ന് സ്റ്റഡീ ടേബിളില്‍കിടന്ന് മാക്രി കൈകാലിട്ട് അടിക്കുന്നമാതിരി അങേ അറ്റം ഇങേ അറ്റം ആടിക്കളിച്ചുകൊണ്ടീരുന്ന കള്ളുകുടിയന്മാരുടെമാതിരി മലയാലം പറഞ്ഞിരുന്ന മെലിഞ്ഞ പെണ്‍കുട്ടിയുടെ നീളന്‍ കണ്ണുകള്‍ വട്ടത്തിലായി..
“എന്നാ പിന്നെ ചേട്ടാ എന്ന് മര്യാദക്ക് പറഞ്ഞുകൂടെ കൊച്ചെ..”
“അത് ചെറ്റാ.. സോറി... ചേട്ടാ.. ഇങനെ സംസാരിച്ചാലെ ഈ റ്റീവീക്കാര് എനിക്ക് ശമ്പളം തരുകയുള്ളു..”
“വിലിച്ചതില്‍ സന്തോഷം.. അപ്പോള്‍ ഇനിയും വിലിക്കനം കേറ്റോ ചേറ്റാ..പരിം‌ഗാന്റി പുരയില്‍ നിന്നും വിലിച്ച കൊച്ചുന്നി സോറി പാച്ചുണ്ണി ചേറ്റനു വേണ്ടി അക്കരെ ഇക്കരെ നിന്നാലെങിനെ ആശതീരും.. എന്ന ഈ പാട്ട് ആസ്വദിക്കൂ..”
അപ്പോഴേക്കും ലാവ്‌ലിന്‍ അങ്കിളുമായി വന്ന മകന്‍ പുതിയ പ്രസ്ഥാനം തിരക്കി പുറത്തേക്ക് പോയിക്കഴിഞ്ഞു... പാച്ചുണ്ണി ചേട്ടന് ഒരു സ്തുതി പറഞ്ഞ് പത്രത്തിലേക്ക് തിരിഞ്ഞപ്പൊള്‍ അതാ വെണ്ടക്കാ വലിപ്പത്തില്‍ അവിടെയും ലാവ്‌ലിന്‍...ആകെ ലാവ്‌ലിന്‍ മയം തന്നെ..

No comments: