ഒരു ചുമ്മാ ബ്ലോഗ്.. മസിലുപിടുത്തക്കാർ ദയവായി ക്ഷമിക്കുക..!!

Thursday, February 11, 2010

മാറുന്ന മലയാളി മുഖം, ഒരു പ്രവാസ ചിന്ത..!!


മലയാളിക്ക് രണ്ട് മുഖമുണ്ടോ..? (അതിലുമധികമുണ്ട് എന്ന് ബഹു ഭൂരിപക്ഷം..) സ്വന്തം ദൈവത്തിന്‍റെ നാട്ടില്‍ ഒരു മുഖം, ഇവിടെ ഗല്‍ഫില്‍ മറ്റൊരു മുഖം..!!

പ്ലാച്ചിമട കൊക്കക്കോള തിരുമേനിക്കെതിരെ തൊണ്ടയും പള്ളയും പൊട്ടുമാറുച്ചത്തില്‍ ആക്രോശിച്ച് പട നയിച്ച്, മൈല്‍ക്കുറ്റിയില്‍ കാലു മടക്കി അടിച്ചമാതിരി നാട്ടില്‍ നില്‍‌ക്ക‌ക്കള്ളിയില്ലാതെ കൈയ്യിലുള്ളതും കടം മേടിച്ചതും പണയം വച്ചതും വിസയാക്കി ചുട്ടുപൊള്ളുന്ന ഒരു ഉച്ച നേരത്ത് കുവൈറ്റില്‍ കാലുകുത്തിയ പ്ലാച്ചിമടയിലെ സമുന്നതനായ ധീരവീര യോദ്ധാവ് എയര്‍‌പോര്‍‌ട്ടിലിറങ്ങി നാലുപാടും പകച്ചു നോക്കി. ഹാരമില്ല, പൂമാലകലിടാന്‍‌ അനുയായികളില്ല, ധീരാ വീരാ നേതാവേ.. വിളികളില്ല..

അനുയായികള്‍ക്ക് മുന്നില്‍‌ നിന്ന് അവരെ നയിച്ചുകൊണ്ടിരുന്ന ഈ നേതാവ് നാളെമുതല്‍ ബോയിലര്‍ സ്യൂട്ടുമിട്ട് കളത്തിലിറങ്ങേണ്ടവനാണ്. പകിസ്ഥാനി ഫോര്‍മാന്‍റെ ഉച്ചത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ അണുകിട തെറ്റാതെ അനുസരിച്ചു പോകുന്ന നമ്മുടെ യുവ രക്തം നാട്ടില്‍ തൊട്ടതിനും പിടിച്ചതിനും കൊടിപിടിക്കുന്നവരാണ് എന്ന് ഊഹിക്കാന്‍‌പോലും കഴിയുന്നില്ല.

ആദ്യം പറഞ്ഞ പ്ലാച്ചിമട വീര നായകന്‍ ഇവിടെ റോഡരുകില്‍ പൈപ്പ് ലൈന്‍ ഇടുന്നതിനു വേണ്ടിയുള്ള കുഴിയെടുക്കല്‍ തിരക്കിലാണ്. ചുട്ടുപൊള്ളുന്ന ചൂട് സഹിക്കവയ്യാതെ ദാഹശമനത്തിന് അദ്ദേഹം ആശ്രയിക്കുന്നത് അതേ പ്ലാച്ചിമട കോളക്കാരന്‍റെ മറ്റൊരു പാനീയമാണ്. വ്യത്യാസം കോളയുടെ പേര് അറബിയിലും എഴുതിയിട്ടുണ്ട് എന്നത് മാത്രമാണ്.

അടിമകളെപ്പോലെ വെറും ഏറാന്‍ മൂളികളായി ഇവിടെ എന്തു ജോലിയും ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്ന മലയാളികള്‍ നാട്ടിലെ തൊഴില്‍ രീതികളില്‍ സംതൃപ്തരല്ല. എന്തു കൊണ്ട്..? നാട്ടില്‍ നിന്നും വണ്ടി കയറിക്കഴിഞ്ഞാല്‍ അവന്‍ പിന്നെ തനി നാടന്‍ എന്തും ചെയ്യും സുകുമാരന്‍ ആയിമാറുകയാണ്.

യൂസ്ഡ് കാര്‍ കടയില്‍ വണ്ടികഴുകല്‍ ജോലി ചെയ്യുന്ന കാസര്‍കോഡുകാരന്‍ സിവില്‍ എഞ്ചിനീയര്‍ ഡിപ്ലോമക്കാരനും, പമ്പില്‍ പെട്രോളൊഴിച്ചു കൊടുക്കാന്‍ നില്‍ക്കുന്ന പത്തനംതിട്ടക്കാരന്‍ കമ്പൂട്ടര്‍ ഇന്‍സ്ട്രക്റ്ററും പഞ്ച നക്ഷത്ര ഹോട്ടലില്‍ അതിഥികല്‍ക്ക് വാതില്‍ തുറന്ന് കൊടുക്കാന്‍ രാജ വേഷം കെട്ടി നില്‍ക്കുന്ന ആലപ്പുഴക്കാരന്‍ ബിരുദാനന്തര ബിരുദധാരിയുമൊക്കെ വേദനിക്കുന്ന തെളിവുകളാണ്.

സാഹചര്യങ്ങള്‍ ഇവിടെ സാധാരണ മലയാളികളെ എന്തു ജൊലിയും ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. നാട്ടില്‍ ബാക്കിയിരിക്കുന്ന പണയം, പലിശ, വിവാഹം സ്വപ്നം കണ്ടിരിക്കുന്ന സഹൊദരിമാര്‍, രോഗികളായ മാതാപിതാക്കള്‍, ഭാവിയിലേക്ക് ഉറ്റ് നോക്കുന്ന സ്വന്തം മക്കള്‍, ഭാര്യ, ഇതിനൊക്കെ പുറമെ സ്വന്തമായി ഒരുപിടി മണ്ണും അതിലൊരു കൊച്ചു വീടും അങ്ങിനെ നിരവധിയാണ് ഒരു ശരാശരി പ്രവാസി മലയാളിയെ എങ്ങിനെയും ഇവിടെ പിടിച്ചു നില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍. നാട്ടിലെ കൊടിയും സംഘട്ടനങ്ങളും സമരങ്ങളും അവനെ ബാഹ്യമായി ബാധിക്കുന്ന വിഷയങ്ങളല്ല.

നാട്ടിലെത്തിയാല്‍ നാലുപാടും പൂമണം വിതറുന്ന അത്തറും പൂശിനടക്കുമ്പോള്‍ ടക്..ടക് ശബ്ദം കേള്‍പ്പിക്കുന്ന പരുപരുത്ത ചെരുപ്പും കറുകറുത്ത കണ്ണടയുമൊക്കെ വച്ച് പത്രാസ് കാണിച്ച് മറ്റുള്ളവര്‍ക്ക് മുന്നില്‍ സ്വയം അപഹാസ്യനായിരുന്ന പഴയ ഗള്‍ഫ് മലയാളിയുടെ വംശം ഇന്ന് വേരറ്റ് പോയിരിക്കുന്നു. അവധി കഴിഞ്ഞ് അവന്‍ വീണ്ടും മടങ്ങിപ്പോകേണ്ടത് നിവൃത്തികേടുകളുടെ ഈറ്റില്ലമായ ചെരുക്കുന്ന മണമുള്ള ലേബര്‍ ക്യാമ്പുകളഇലേക്കാണ് എന്ന യാഥാര്‍ത്ഥ്യം അവനെ പത്രാസുകളുടെ നിറം മങിയ മിഥ്യാ ബോധങ്ങളേക്കാള്‍ മുന്നോട്ടുള്ള പ്രയാണത്തിന്‍റെ അനിവാര്യതകളേക്കുറിച്ചോര്‍മ്മിപ്പിക്കുന്നു.ഒരു ശരാശരി പ്രവാസി മലയാളിയുടെ യഥാര്‍ത്ഥ ജീവിതം, ആണ്ടോടാണ്ട് പണക്കൊഴുപ്പ് കാണിക്കുന്ന പ്രവാസ സംഘമം സംഘടിപ്പിക്കുന്ന നമ്മുടെ ഭരണ സം‌വിധാനത്തിനോ പണിയൊന്നുമില്ലാത്ത പ്രവാസി വകുപ്പിനോ നാട്ടിലെ കള്ളുഷാപ്പ് പോലെ ഇവിടെ ഗള്‍ഫില്‍ സുലഭമായി കാണുന്ന മലയാളി സംഘടനകള്‍ക്കൊ അന്യമാണ്. അവധിക്ക് നാട്ടിലെത്തുന്ന ഗള്‍ഫന്‍‌മാരെ പലരീതിയില്‍ കുറ്റി വയ്ക്കുന്നത് നാട്ടുകാരുടേയും സുഹൃത്തുക്കളുടേയും ഒരു സ്ഥിരം പരിപാടിയാണ്. ഗള്‍ഫന്‍ ഒരല്‍‌പം പൊങ്ങച്ചക്കാരന്‍ കൂടിയാണെങ്കില്‍ സ്ഥിതി പിന്നെ ഇപ്പൊഴത്തെ റിയാലിറ്റി ഷൊ പോലെ കരയണോ ചിരിക്കണോ എന്ന അവസ്ഥയിലാകും. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ക്ക് കുറച്ച് മാറ്റം വന്നിട്ടുണ്ട്. ഇങ്ങോട്ട് കുറ്റിവക്കാന്‍ വരുന്നവരെ തിരിച്ച് എങ്ങനെ രാവി എടുക്കാം എന്നാണ് അനുഭവങ്ങളില്‍ നിന്നും പാഠം പഠിച്ച കുറച്ച് പേരെങ്കിലും ശ്രമിച്ച് നോക്കുന്നത്. അനാവശ്യ ധൂര്‍ത്തുകള്‍ ഒഴിവാക്കി തോളത്തിരുന്ന് ചെവി കടിക്കുന്നവരെ തിരിച്ചറിയാന്‍ പലരും പഠിച്ചിരിക്കുന്നു. നിലനില്‍‌പ്പിന് അതാവശ്യമാണ്.

വാല്‍‌ക്കഷ്ണം
ഓരോ അവധിക്കാലത്ത് നാട്ടിലെത്തുമ്പോഴും റബ്ബര്‍ പാല്‍ ഒട്ടും പോലെ കൂടെ നടന്നു ദിവസങ്ങള്‍ ആഘോഷമാക്കി മാറ്റിയിരുന്ന നാട്ടുകാരായ സുഹൃത്തുക്കള്‍ കഴിഞ്ഞ അവധിക്കാലത്ത് നാട്ടിലെത്തിയപ്പോള്‍ കണ്ടിട്ടും കണ്ട ഭാവം നടിക്കാതെ വേലിചാടി മറയുന്നത് കണ്ടു എന്ന് അടുത്ത കാലത്ത് നാട്ടില്‍ പോയി മടങ്ങിവന്ന തിരുവല്ലക്കാരന്‍‌ സാഷ്യപ്പെടുത്തുന്നു. ഇപ്രാവശ്യം നാട്ടുകാരെ കുറ്റിവയ്ക്കാന്‍‌ ഗള്‍ഫന്‍ ഒരു ശ്രമം നടത്തി നോക്കിയതാണു പോലും.

4 comments:

Sakkeer said...

തള്ളെ കൊള്ളാം കേട്ടോ
സംഗതികള് കലക്കന്‍ തന്നെ .
ഡിക്ഷ നറി പൊളപ്പന്‍
ഭാവുകങ്ങള്‍ ....

മണ്ടൂസന്‍ said...

ഒരോരോ വേഷങ്ങൾ കെട്ടണ്ടേ സുഹൃത്തേ ജീവിക്കാൻ.? കേട്ടിട്ടില്ലേ ഉദരനിമിത്തം ബഹുകൃതവേഷം. നന്നായി എഴുതിയിരിക്കുന്നു, തുടരുക. സംഘമം അല്ല സംഗമം ആണ് ട്ടോ. ആശംസകൾ.

RAGHU MENON said...

വിഷയം ഒരുപാട് പേര്‍ കൈവേച്ചിട്ടുള്ള ഒന്നാണ്
എങ്കിലും, എഴുത്തിനു ഒരൊഴുക്കു ഉണ്ട്

ബിലാത്തിപട്ടണം Muralee Mukundan said...

ഇങ്ങോട്ട് കുറ്റിവക്കാന്‍ വരുന്നവരെ തിരിച്ച് എങ്ങനെ രാവി എടുക്കാം എന്നാണ് അനുഭവങ്ങളില്‍ നിന്നും പാഠം പഠിച്ച കുറച്ച് പേരെങ്കിലും ശ്രമിച്ച് നോക്കുന്നത്. അനാവശ്യ ധൂര്‍ത്തുകള്‍ ഒഴിവാക്കി തോളത്തിരുന്ന് ചെവി കടിക്കുന്നവരെ തിരിച്ചറിയാന്‍ പലരും പഠിച്ചിരിക്കുന്നു.