ഒരു ചുമ്മാ ബ്ലോഗ്.. മസിലുപിടുത്തക്കാർ ദയവായി ക്ഷമിക്കുക..!!

Tuesday, July 21, 2009

പുഷ്പുവും പുഷ്കുവും വിവാഹിതരായാല്‍

(കഥയും കഥാപാത്രങ്ങളും വെറും സാങ്കല്പികം മാത്രമാണ്. ഒന്നിന് മറ്റൊന്നിനോട് സാമ്യം തോന്നിയാലത് ഉപമയോ ഉല്‍‌പ്രേക്ഷയൊ..?? ആ.. ആര്‍ക്കറിയാം.. എന്തേലുമാകട്ടെ..)

ഒടുവില്‍ നാട്ടുകാരുടെയും വീട്ടുകാരുടെയും എതിര്‍പ്പിനെ പുല്ലുവില കല്‍പ്പിക്കാതെ പുഷ്കുവും പുഷ്പുവും കെട്ടുകല്യാണം നടത്താന്‍ തീരുമാനിച്ചു.. കൂത്താടിമുക്കില്‍ കൂട്ടം കൂട്ടമായി മൂക്കത്ത് വിരല്‍‌ വച്ചും അല്ലാതെയും നാട്ടുകാര്‍ എലിവാണം വിട്ട പോലെ കേട്ട വാര്‍ത്ത വിശ്വസിക്കാന്‍ പറ്റാതെ അപ്പുറവും ഇപ്പുറവും നിന്നവന്‍‌മാരുടെ മുഖത്തു നോക്കി ദീര്‍ഘ നിശ്വാസം വിട്ടുകൊണ്ടിരുന്നു. അടിയന്തിരമായി കൂത്താടിമുക്ക് പി.ബി.(ചുമ്മാ പൗരസമിതി എന്ന് നാട്ടു ഭാഷയില്‍ പറയും) വിളിച്ചു ചെര്‍ക്കപ്പെട്ടു. തീരുമാനം എങുമെങുമെത്താതെ പൗരസമിതി കട്ടന്‍ ചായയും പരിപ്പു വടയും തിന്നു ഊണിനുള്ള സമയമായോ എന്ന് കൂടെ കൂടെ വാച്ചില്‍ നോക്കി സമയം പോക്കി. കൂത്താടിമുക്കിലെ ഒരേ ഒരു ചായക്കട (രാത്രിയായാല്‍ ചാരായവും കിട്ടും) “കൂത്താടി ടൗണ്‍ റ്റീ ഷാപ് ഇന്റെര്‍നാഷണല്‍” സി.ഇ.ഒ. ശ്രീമാന്‍ ടുട്ടു മോന്‍ പി.പി. പൗരസമിതി പറ്റുവരവില്‍ കടം പറഞ്ഞുപോയ വടയുടെയും ചായയുടെയും ചിലവ് തുക എഴുതി കൂട്ടിയ കടലാസില്‍ നോക്കി വാ പോളിച്ചിരുന്നു.പൌരസമിതിയിലെ ഏക വനിത അംഗം ശ്രീമതി ലലനാ കുമാരി വായില്‍ നിന്നും ഒലിച്ചിറങിയ ചുവന്ന ലായനി (ലിപ്‌സ്റ്റിക് എന്ന് ആം‌ഗലേയം) കറവക്കാരന്‍ പശുവിന്റെ അകിട് വലിച്ചു പിടിക്കുന്നപോലെ സാരിതുമ്പുയര്‍ത്തി ചുണ്ടുകള്‍ ചേര്‍ത്ത് പിടിച്ചു ചുവപ്പ് വലിച്ചു തുടച്ചു. ലലനാ കുമാരിയുടെ സാരിത്തുമ്പുയര്‍ന്ന ഗ്യാപ്പില്‍ പൗരസമിതി യുവജന വിഭാഗം സെക്രട്ടറി മൊബൈലിന് റേഞ്ചുണ്ടോ എന്നു നോക്കുന്ന മാതിരി കണ്ണുകൊണ്ടൊന്ന് മ്ലാവി.. പുഷ്കുവിന്റെയും പുഷ്പുവിന്റെയും വിവാദമായ കല്യാണ പ്രഖ്യാപന കാര്യത്തില്‍ ഒരു തീരുമാനവും ഉണ്ടാകാതെ പി.ബി.(പൗരസമിതി) പുളിച്ച മോര് പിരിഞ്ഞപോലെ അടുത്ത ദിവസം വീണ്ടും ചേരും എന്ന തീരുമാനം ഐക കണ്ഠേന പാസ്സാക്കി ചുമ്മാ പിരിഞ്ഞുപോയി. കൂത്താടി ഠൗണ്‍ റ്റീ ഷാപ് ഇന്റെര്‍നാഷണല്‍ സി.ഇ.ഒ. ശ്രീമാന്‍ ടുട്ടു മോന്‍ അടുത്ത ദിവസത്തേക്കുള്ള പരിപ്പുവടക്കും ചായക്കും വേണ്ട റാമെറ്റീരിയലിയല്‍‌സിനുള്ള സ്കോപ് അന്വോഷിച്ച് നെറ്റില്‍ പരതിക്കൊണ്ടിരുന്നു. (ദൈവമെ.. നാളെയും പരിപ്പുവടയും ചായയും പി.ബി.ക്ക് കടമൊ?? ദുഷ്ടന്‍‌മാര്‍ എന്ന ആത്മഗതത്തോടെ അടുപ്പിന് ചുറ്റും കെട്ടിയ ചിലന്തിവലയില്‍ നോക്കി ടുട്ടു അന്തം വിട്ടിരുന്നു എന്ന് പരിഭാഷ).ഏതാനും ചാവാലിപ്പട്ടികളുടെ ഓലിയിടലും, കൂത്താടിമുക്ക് പ്രധാന കള്ളുകുടിയന്‍ കുട്ടപ്പന്റെ പൂസായിക്കഴിഞ്ഞാല്‍ സ്ഥിരമായുള്ള “കൂത്താടിമുക്കിലെ പട്ടികളെ..“ എന്ന പഞ്ചായത്ത്കാരെ മൊത്തവും ചേര്‍ത്തുള്ള ചില ക്ലാസിക് പദപ്രയോഗങ്ങളുടെ ഒച്ചപ്പാടും ഒഴിവാക്കിയാല്‍ അന്നത്തെ രാത്രി മറ്റ് പ്രത്യേകതകളൊന്നുമില്ലാതെ ആമിനുത്താത്തയുടെ ചുവന്ന പുവന്‍ കോഴി കൂകി നേരം വെളുപ്പിച്ചു. ഈ വക പുകിലൊന്നുമറിയാതെ പുഷ്കു, പുഷ്പുവിന് മിസ്കാളടിച്ചു. നിമിഷ നേരം കൊണ്ട് തിരിച്ചു വിളിച്ച പുഷ്പുവിനോട് വിവശാവല്ലഭയായ പുഷ്കു മൊഴിഞ്ഞു. “കശ്‌മലന്മാര്‍.. നമ്മളെ ജീവിക്കാന്‍ വിടില്ല..നമുക്ക് ഈ കൂത്താടിമുക്ക് രാജ്യം വിട്ട് വേറെ എങ്ങോട്ടെങ്കിലും പോകാം എന്റെ പുഷ്പൂ..” ജനിച്ച് വളര്‍ന്ന കൂത്താടിമുക്ക് രാജ്യം വിട്ടു പോകുന്ന കാര്യം പുഷ്പുവിന് മിസ്കാളില്ലാത്ത മൊബൈല്‍ ഫോണ്‍ പോലെ ചിന്തിക്കാനേ പറ്റില്ല. പുഷ്കുവിന്റെ സങ്കടം, ലോഡിങ് വാസു സിമന്റ് ചാക്ക് തോളത്തെടുക്കുന്ന പോലെ, പുഷ്പു സ്വന്തം നെഞ്ചിലേക്ക് ഏറ്റിവച്ചു.
“നമ്മള്‍ ഇ‌വിടെന്ന് എവിടെയും പോകുന്നില്ല പുഷ്കൂ.. നീ ധൈര്യമായിരിക്ക്..”
നാലുമണിയോടെ കൂത്താടിമുക്ക് പി.ബി വീണ്ടും കൂത്താടി ഠൗണ്‍ റ്റീ ഷാപ് ഇന്റെര്‍നാഷണല്‍ ഹോട്ടലിന്റെ കണ്‍‌വെന്‍ഷന്‍ ഹാളില്‍ ഒത്തുചേര്‍ന്നു.. (ആദ്യം വന്നവര്‍ ചായക്കടയുടെ കാലുപോയി ആടിയുലയുന്ന ബഞ്ചിലും ബാക്കിയുള്ളവര്‍ താഴത്ത് വിരിച്ച ചാക്കിലും നിരന്നിരുന്നു). സി.ഇ.ഒ.ടുട്ടു മോന്‍ ഓടിനടന്ന് ചായയും പരിപ്പുവടയും യഥാവിധി വിതരണം ചെയ്തു തളര്‍ന്ന് നെറ്റിയിലെ വിയര്‍പ്പ് തുടച്ച് കൈ‌യ്യിലിരുന്ന ചായഗ്ലാസില്‍ തന്നെ നിക്ഷേപിച്ചു പൗരസമിതി പ്രസിഡന്റിന് കൊടുത്തു നാളിതുവരെ പറ്റിയ കാശു കിട്ടാത്തതിലുള്ള പ്രതിഷേധം നടത്തി സ്വയം തൃപ്‌തനായി..പ്രശ്ന പരിഹാരത്തിനായി പുഷ്കുവിനെയും പുഷ്പുവിനേയും പി.ബി. വിളിച്ചു വരുത്തിയിരുന്നു. വലതുവശം ചരിഞ്ഞു കൈകള്‍ മുന്നിലേക്ക് പിണച്ചുകെട്ടി നിന്നിരുന്ന പുഷ്കുവിനെ പൗരസമിതി യുവജന വിഭാഗം സെക്രട്ടറി അടിമുടി നോക്കി റേഞ്ചു തിട്ടപ്പെടുത്തി. സെക്രട്ടറിയുടെ കണ്ണുകള്‍ പുഷ്കുവിനെ ചൂഴ്ന്നിറങ്ങിയപ്പോള്‍ പുഷ്കു ചുണ്ടുകള്‍ ഇടതു വശത്തേക്ക് കോട്ടിപ്പിടിച്ച് “സാധനം.. നിനക്കുമില്ലേടാ.. ആങ്ങള പെങ്ങ‌ന്‍‌മാര്‍..കശ്‌മലന്‍ ..“ എന്ന് ദേക്ഷ്യപ്പെട്ടുകൊണ്ട് പരിഹാര പി.ബി യില്‍ നിന്ന് ഇറങ്ങിപ്പോയി. പിന്നാലെ “പുഷ്കൂ.. നില്‍കവിടെ..“ എന്ന് കിളിസ്വരത്തില്‍ കൂകിക്കൊണ്ട് പുഷ്‌പുവും വാക്കൗട്ട് നടത്തി.യുവജന വിഭാഗം സെക്രട്ടറി പുഷ്കുവിനെ പ്രകോപിപ്പിച്ചെന്ന് മറുവിഭാഗം ശക്തിയുക്തം വാദിച്ചു.യുവജന വിഭാഗവും മറുവിഭാഗവും വലിച്ചാല്‍ വലിയുകയും പിന്നീട് വിട്ടാല്‍ പൂര്‍വ്വസ്ഥിതിയിലാകുകയും ചെയ്യുന്ന ടുട്ടുവിന്റെ ഗോതമ്പ് ബോണ്ട പോലെ ഉരുണ്ടും വലിഞ്ഞും വാക്കേറ്റം വരെയെത്തി. ചെത്തുകാരന്‍ വാസുവിന്റെ ലുങ്കിക്കുള്ളിലൂടെ നീണ്ടുകിടക്കുന്ന നിക്കറിന്റെ വള്ളി പോലെ ചര്‍ച്ച എങ്ങുമെത്താതെ നീണ്ടുപോകുമെന്നായപ്പോള്‍ പി.ബി. അടിയന്തിര പ്രമേയത്തിനിട്ട് അവസാന തീരുമാനം പ്രഖ്യാപിച്ചു. പ്രശ്നം സി.സി ക്ക് വിടുക. അതായത് കൂത്താടിമുക്ക് ഗ്രാമ പഞ്ചായത്ത് മെമ്പറുടെ ആഭിമുഖ്യത്തില്‍ ഈ പ്രശ്‌നത്തിന് ഒരു പരിഹാരം ഉണ്ടാക്കുക.. വിപ്‌ളവാത്മകമായ ഈ തീരുമാനത്തിന് ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ച് ബാക്കിയുണ്ടായിരുന്ന പരിപ്പുവടയും കാലിയാക്കി പി.ബി. വീണ്ടും മോരായി. ആമിനുത്താത്തായുടെ കോഴി വീണ്ടും കൂവി കൂത്താടിമുക്കിനെ സംഭവ ബഹുലമായ മറ്റൊരു ദിവസത്തിലേക്കുണര്‍ത്തി. കുഞ്ഞുന്നാളില്‍ ആവശ്യത്തിനുള്ള ഹോര്‍ലിക്സ് കഴിക്കാത്തതുകൊണ്ട് ടാളര്‍, ഷാര്‍പ്പര്‍ ആകാന്‍ പറ്റാത്തതിലുള്ള കുണ്ഡിതവും പിടലിയുടെ ഇടതു വശത്തുള്ള കുഞ്ഞു മുഴയുമായി ഗ്രാമ പഞ്ചായത്ത് മെംബര്‍ ബഹുമാന്യനായ വെള്ളുണ്ണി കൃത്യ സമയത്തു തന്നെ കന്‍‌വെന്‍‌ഷന്‍ സെന്ററില്‍ ഉരുണ്ട് ഉരുണ്ട് എത്തി.സി.സി. തുടങ്ങുന്നതിനു മുന്‍പുതന്നെ ടുട്ടുവിന്റെ വടയും ചായയും കഴിച്ച് പൗരസമിതി ശ്രീമാന്‍ ടുട്ടുവിന്റെ വിയര്‍പ്പ് രുചി വീണ്ടും നുണഞ്ഞു. സാരിക്കിടയിലൂടെ റേഞ്ച് നോക്കാന്‍ തയ്യാറായി നിന്ന യുവജന വിഭാഗത്തിനെ ചുരിദാറണിഞ്ഞു നിരാശയാക്കി ലലനാകുമാരി എണീറ്റ് കൈ കൂപ്പി അഖിലാണ്ഡ മണ്ഡലം പാടി യോഗനടപടികള്‍ ആരംഭിച്ചു.പെട്ടന്ന് പി.ബി യെയും സി.സി യെയും നടുക്കിക്കൊണ്ട് പുഷ്കു സി.സി യില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് അറിയിച്ചു. കശ്‌മലന്‍‌മാരും ശവങ്ങളുമായ, വികടനവാദികളായ യുവജന വിഭാഗം പുഷ്കുവിനെ കിട്ടുന്നിടത്ത് വച്ചൊക്കെ പീഡിപ്പിക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നതിനാല്‍ തല്‍ക്കാലം അത്തരക്കാരുടെ സി.സി. യില്‍. ഈശ്ശ്വരാ...വയ്യാ.. എനിക്ക് പറ്റില്ല.. പുഷ്കു സകല മസിലും വലിച്ച് പിടിച്ച് ഇപ്പപ്പൊട്ടും ഇപ്പപ്പൊട്ടും എന്നപോലെ ഉറച്ചു നിന്നു..പുഷ്കു ഇല്ലാത്തിടത്ത് പുഷ്പു മഞ്ഞക്കരു ഇല്ലാത്ത കോഴിമുട്ട പൊലെ അയ കൊയാ ചടഞ്ഞിരുന്നു. തീരുമാനത്തിനായെങ്കിലും വെറുതെ ഒരു തീരുമാനമെടുക്കാനാകാതെ ഇന്നും കൂടി സി.സി പിരിഞ്ഞാല്‍ കൂത്താടിമുക്കുകാര്‍ക്ക് മുന്നില്‍ സി. സി ഒരുമാതിരി ആനക്ക് ഗര്‍ഭമുണ്ടാ‍ക്കിയ അണ്ണാനെപോലെ പരിഹാസ്യമായിത്തീരും.. വെള്ളുണ്ണി ഒരെത്തും പിടിയും കിട്ടാതെ പിടലിയിലെ മുഴയില്‍ വെറുതെ ചൊറിഞ്ഞുകൊണ്ടിരുന്നു.. ഒടുവില്‍ സി.സി. രണ്ടും കല്പിച്ച് പ്രഖ്യാപിച്ചു.. പുഷ്കുവും പുഷ്പുവും ഒന്നിക്കുന്നത് സദാചാര വിരുദ്ധമാണ്. അവര്‍ രണ്ട് വിഭാഗമായിത്തന്നെ നിലകൊള്ളട്ടെ. അവരെ ഒന്നിക്കാന്‍ അനുവദിക്കില്ല..പുഷ്കുവിനെ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ കൂത്താടിമുക്കില്‍ നിന്നും പുഷ്കുവിന്റെ പഴയ തറവാട്ട് വീട്ടിലേക്ക് മാറ്റിനിര്‍ത്താനും സി.സി. തീരുമാനിച്ചു. സ്വവര്‍ഗ്ഗ രതിക്കാര്‍ക്കനുകൂലമായ കോടതി വിധി ചൂണ്ടിക്കാട്ടിയ ലലനാ കുമാരിയെ സി.സി താക്കീത് ചെയ്തു. ജന ഗണമന പാടി സി.സി യും പി. ബി യും വേഗം പൊടി തട്ടി.
“പുഷ്കുവിനും പുഷ്പുവുനും ഇനിയെന്ത്..??” ചോദ്യം ചൊദ്യമായി അവശേഷിച്ചു..
പക്ഷെ കൂത്താടിമുക്കുകാര്‍ക്ക് ഒന്നറിയാം.. സി.സി പന്തീ പക്ഷം കാണിച്ചു.. പുഷ്കുവിനോട് കാണിച്ചത് അനീതി തന്നെ...
കൂത്താടി മുക്കിനെ അടുത്ത ദിവസത്തിലേക്ക് കൂകി നേരം വെളുപ്പിക്കേണ്ടുന്നതിന്റെ ഉതരവാദിത്വം സ്വയം ഏറ്റെടുത്ത് ആമിനുത്താത്തയുടെ കോഴി ജാഗരൂകനായി.

Thursday, July 16, 2009

ഹോ..!! ഈ റ്റീവീടെ ഒരു കളി..

അഛാ.. അഛാ.. ദേണ്ടഛാ റ്റീവീല് ലാവ്‌ലിന്‍ അങ്കിള്‍ നടന്നുപോകുന്നു... രാവിലെ പത്രപാരായണം തുടങ്ങാന്‍ ചാ‍രുകസാരയിലേക്ക് ചാരാന്‍ തുടങിയപ്പോളാണ് നാല് വയസ്സുകാരന്റെ പുറകീന്നൊള്ള വിളി..അഛാ.. അഛാ.. ദേണ്ടഛാ റ്റീവീല് ലാവ്‌ലിന്‍ അങ്കിള്‍..ഇതാരപ്പാ ലാവ്‌ലിന്‍ അങ്കിള്‍.. അവന് ആകെയുള്ള ഒരങ്കിള്‍ പണ്ടെങ്ങാണ്ട് നാടു വിട്ട് പോയിട്ട് ഇന്നേക്ക് കൊല്ലം എട്ടായി. അവന് ആ സ്വന്തം അങ്കിളിനെ മുന്നില്‍ കണ്ടാല്‍പ്പോലും തിരിച്ചറിയാന്‍ കഴിയില്ല. പിന്നാരാ ഈ പുതിയ അവതാരാങ്കിള്‍.. അതും റ്റീവീല് വരുന്ന ഒരങ്കിളോ.. എന്നാ പിന്നെ അതൊന്ന് കണ്ടിട്ട് തന്നെ കാര്യം. ഇന്നലെ വൈകിട്ട് പങ്കജാക്ഷിയെ തിരിഞ്ഞുനോക്കിയ വകയില്‍ പെടലി ഉളുക്കിയിരിക്കുന്നതുകൊണ്ട് (പട്ടിയെ എറിയാന്‍ കല്ലെടുക്കാന്‍ കുനിഞ്ഞപ്പോള്‍ വാക്കല്ലാതെ ഉളുക്കി എന്നാണ് പാവം ഭാര്യയെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്). മണ്ണിടിച്ച് നിരത്തുന്ന പോര്‍ക്ക് ലിഫ്‌റ്റ് മൊത്തത്തില്‍ തിരിയുന്നതുപോലെ ബോഡി മൊത്തം കറക്കി മുഖം റ്റീവിയുടെ മുന്‍പിലേക്ക് പട്ടി പച്ച ഇറച്ചിയിലേക്ക് നോക്കുന്ന ആക്രാന്തത്തോടെ ഒന്നെത്തി നോക്കി. ഓ.. പടം മാറി.. ധീരാ ധീരാ നേതാവെ.. സഖാവിന്റെ മുഖം റ്റീവിയില്‍ വെട്ടിത്തിളങുന്നു..
“എവിടേടാ നീ പറഞ്ഞ മറ്റെ അങ്കിള്‍..
“ദേണ്ടഛാ.. അതു തന്നെ”
“ഹെന്റെ ദൈവമെ.. ങ്ഹേ..ഇതോ.. ഇത് പാര്‍ട്ടീടെ എല്ലാമെല്ലാമായ .. ടാ ആരാടാ നിന്നോട് പറഞ്ഞ് തന്നത് ലാവ്‌ലിന്‍ അങ്കിള്‍ എന്ന്..”
“റ്റീവീ ല് ദെവസോം കാണാല്ലോ അഛാ..ലാവ്‌ലിന്‍.. ലാവ്‌ലിന്‍.. എന്ന് പറഞ്ഞിട്ട് ഈ അങ്കിളിനെ കാണിക്കാറുണ്ടല്ല്ലോ..”
“ഈ റ്റീവീക്കാരുടെ ഒരു കാര്യം.. പിള്ളാരെ വഴിതെറ്റിക്കാന്‍..”
“ടാ.. പോ..പോ.. പോയി വേറെ എന്തെങ്കിലും ചെയ്യ്.. എപ്പോഴും റ്റീവീല് നോക്കിക്കൊണ്ടിരുന്നാല്‍ കണ്ണ് ഇല്ലാതായിപ്പോകും..”
“അതാണാ അഛാ.. ഇയ്യിടെ ആയിട്ട് നമ്മുടെ കൈസറ് പട്ടീടെ കണ്ണിനൊരു വീക്കം..”
“മോനെ.. അഛനോട് ഇങ്ങനെ മറുതല പറയരുതെന്ന് അമ്മ പറഞ്ഞു തന്നിട്ടില്ലേ..”
“അമ്മ അഛനോടും പറഞ്ഞിട്ടുണ്ടല്ലൊ..”
“എന്ത്..?”
“അങേലെ പങ്കജാക്ഷി ആന്റിയോട് സംസാരിക്കരുതെന്ന്.. എന്നിട്ട് അഛന്‍ ഇന്നലെയും സംസാരിക്കുന്നത് ഞാന്‍ കണ്ടല്ലോ..”
“മോനവിടെ ഇരുന്ന് റ്റിവി കണ്ടോ.. കേട്ടോ..”
ഇവന്‍ അഛ്ന്റെ വേര് തോണ്ടും എന്ന് ജോത്സ്യര്‍ പറഞ്ഞതെത്ര ശരി..
പെട്ടന്ന് റ്റിവീലെ ശബ്ദം മാറി...
“ങാ.. ഇനിപ്പറ എപ്പളാ സംഭവിച്ചെ..എങിനെ സംഭവിച്ചെ.. ടൈം പറ..ബലാത്സംഗമായിരുന്നോ... അതല്ല അബോര്‍ഷനെക്കാള്‍ ഗര്‍ഭമുണ്ടാകാതിരിക്കുന്നതല്ലെ നല്ലത്... ഐപ്പില്‍ ഉപയോഗിക്കൂ..“ഹോ.. ദൈവമേ.. ഓരോ പരസ്യങളുടെ പോക്ക് നോക്കണെ...
“ഹലോ..”“ഹലോ..”
ഫോണ്‍ ബെല്ലടിക്കാതെ ഇതാരാടാ ഹലോ .. ഹലോ പറഞ്ഞു കളിക്കുന്നത്..
“അഛാ.. ദെ മറ്റെ ചേച്ചീടെ പ്രോഗ്രാം തുടങ്ങി..”
“ഹളൊ..”
“ഇതാരാന്..”
“ഇറ്റാരാ.. വിലിക്കുനത്..”
മലയാളമാണോ.. മളയാലമാണോ..
“ഞാന്‍ മൊണ്ടി പാച്ചുണ്ണി..”
“ഹൌ ഫണ്ണി....”
“അയ്യോ.. പണ്ണി അല്ല.. പാച്ചുണ്ണി..”
“ഓകെ.. എന്ത് ഉണ്ണിയെങ്കിലും ആകട്ടെ... ചെട്ടാ.. ചെട്ടന്‍ എവിറ്റുന്നാ വിലിക്കനെ..”
“ഞാന്‍ വലിക്കാറില്ല...”
“വലിക്കലല്ല... വിലിക്കുന്നെ.. വിളിക്കുന്നെ..”
ഇതേത് ‘ബാഷ‘ ദൈവമേ..?
“ഞാന്‍ പറിങ്ങാണ്ടിപ്പെരേന്നാ..”
“എന്നതാ.. പറി... പറിങ്ങാണ്ടിയോ ... ഹാ‍..ഹീ..ഹീ.. അതെന്റുവാ.. അങിനെ ഒരു പ്ലയ്സ് ഉണ്ടോ..?”
“അതേ.. അത് പ്ലേസല്ല.. ഞങ്ങളുടെ വീട്ടില്‍ പറിങ്ങാണ്ടി കൂട്ടിയിട്ടിരിക്കുന്ന മുറീന്നാ..”
“ഫണ്ണി കൊച്ചുണ്ണി.. അതെന്തിനാ പരിം‌ഗാന്റി പുരയില്‍ കയറിയിരിക്കുന്നത്..?”
“ഞാന്‍ നേരത്തെ പറഞ്ഞു.. കൊച്ചുണ്ണി അല്ല.. പാച്ചുണ്ണിയാ..”
പറിങ്ങാണ്ടി പുരയില്‍ കയറിയിരിക്കുന്ന കാരണം പറയാന്‍ പാച്ചുണ്ണി മനപ്പൂര്‍വ്വം വിസമ്മതിച്ചു..
“ശരി പാച്ചുന്നി ചെട്ടാ.. ഏത് പാട്ടാ വേണ്ടത്..?”
“അക്കരെ ഇക്കരെ നിന്നാലെങിനെ ആശതീരും.. എന്ന പാട്ട് വേണം.”
“കൊച്ച് കല്ലന്‍.. ആരുടെ ആശതീരുന്ന കാര്യമാ..”
പാച്ചുണ്ണിക്ക് അല്പനേരം മൌനം..
“പിന്നെ അവസാനം പറയുന്ന മറ്റെ പരിപാടി ഉണ്ടല്ലൊ.. എന്നതാ അത്..” പാച്ചുണ്ണി കത്തിക്കയറുകയാണ്..
“മറ്റെ പരിപാടിയോ.. ചെട്ടാ.. ഇത് റ്റീവീലൂടെ ഒരുപാട് പേര് കണ്ടോണ്ടിരിക്കുന്നതാ. കുറച്ച് ഡീസന്റായി സംസാരിക്കണം..”
“ഞാന്‍ ആ മറ്റെ പരിപാടി അല്ല ഉദ്ദേശിച്ചത്.. വെടിക്കെട്ടില്ലേ..”
“ഈ പാട്ട് ഓരോരുത്തര്‍ക്ക് വെടിക്കെട്ട് ചെയ്യുന്ന മറ്റെ പരിപാടി..”
“ഓ.. ഡെഡിക്കേറ്റ്.... കൊച്ചുന്നി ചേട്ടന്റെ ഒരു തമാശ..”
“കൊച്ചുന്നി അല്ല.. പാച്ചുണ്ണി....”
“ഓ.. ആര്‍ക്കാ ഡെഡിക്കേറ്റ് ചെയ്യേണ്ടത്..ചെറ്റാ...”
“ചെറ്റയോ.. ചെറ്റ നിന്റെ മറ്റവന്‍”
പാച്ചുണ്ണിക്ക് തിളച്ചു വരുന്നു..
#@%$#&@&#@@..”
ലൈവ് പരിപാടി ആയതുകൊണ്ട് പിന്നീട് പാച്ചുണ്ണി പറഞ്ഞ ഡിക്ഷ്ണറിയിലുള്ളതും ഇല്ലാത്തതുമായ “മലയാല“ പദപ്രയോഗം കേട്ട് പ്രേക്ഷകര്‍ കോരിത്തരിച്ചിട്ടുണ്ടാകും. സ്ക്രീനില്‍ ഉലക്കയില്‍ തുണിചുറ്റിയപോലെയുള്ള പെണ്‍കുട്ടി നിന്ന് വിറച്ചു.
“പാച്ചുണ്ണി ചേട്ടാ. ചെറ്റ എന്നല്ല പറഞ്ഞത്.. ചേട്ടാ എന്ന് സ്റ്റൈലില്‍ പറഞ്ഞതാ.. ”
പെട്ടന്ന് സ്റ്റഡീ ടേബിളില്‍കിടന്ന് മാക്രി കൈകാലിട്ട് അടിക്കുന്നമാതിരി അങേ അറ്റം ഇങേ അറ്റം ആടിക്കളിച്ചുകൊണ്ടീരുന്ന കള്ളുകുടിയന്മാരുടെമാതിരി മലയാലം പറഞ്ഞിരുന്ന മെലിഞ്ഞ പെണ്‍കുട്ടിയുടെ നീളന്‍ കണ്ണുകള്‍ വട്ടത്തിലായി..
“എന്നാ പിന്നെ ചേട്ടാ എന്ന് മര്യാദക്ക് പറഞ്ഞുകൂടെ കൊച്ചെ..”
“അത് ചെറ്റാ.. സോറി... ചേട്ടാ.. ഇങനെ സംസാരിച്ചാലെ ഈ റ്റീവീക്കാര് എനിക്ക് ശമ്പളം തരുകയുള്ളു..”
“വിലിച്ചതില്‍ സന്തോഷം.. അപ്പോള്‍ ഇനിയും വിലിക്കനം കേറ്റോ ചേറ്റാ..പരിം‌ഗാന്റി പുരയില്‍ നിന്നും വിലിച്ച കൊച്ചുന്നി സോറി പാച്ചുണ്ണി ചേറ്റനു വേണ്ടി അക്കരെ ഇക്കരെ നിന്നാലെങിനെ ആശതീരും.. എന്ന ഈ പാട്ട് ആസ്വദിക്കൂ..”
അപ്പോഴേക്കും ലാവ്‌ലിന്‍ അങ്കിളുമായി വന്ന മകന്‍ പുതിയ പ്രസ്ഥാനം തിരക്കി പുറത്തേക്ക് പോയിക്കഴിഞ്ഞു... പാച്ചുണ്ണി ചേട്ടന് ഒരു സ്തുതി പറഞ്ഞ് പത്രത്തിലേക്ക് തിരിഞ്ഞപ്പൊള്‍ അതാ വെണ്ടക്കാ വലിപ്പത്തില്‍ അവിടെയും ലാവ്‌ലിന്‍...ആകെ ലാവ്‌ലിന്‍ മയം തന്നെ..