ഒരു ചുമ്മാ ബ്ലോഗ്.. മസിലുപിടുത്തക്കാർ ദയവായി ക്ഷമിക്കുക..!!

Thursday, October 28, 2010

നീ പോയിട്ട് ശനിയാഴ്ച വരിക

കവി ചിന്താകുലനായി
റോഡരുകില്‍ നടക്കുകയായിരുന്നു
ഊഴം കാത്തുനിന്ന കാലന്‍
ഒന്നുകൂടിസമയം തിട്ടപ്പെടുത്തി
കവിയുടെ മുന്നിലേക്ക് ചാടി വഴി തടഞ്ഞു
എന്തൊ ഓര്‍ത്തെടുത്ത് കവി നിന്നു
പിന്നീടെല്ലാം പെട്ടന്നായിരുന്നു
മൊബൈല്‍ ഫോണെടുത്ത്
കവി തുരു തുരെ കുത്തി വിളിച്ചു
ഒടുവില്‍ നിസ്സഹായതയോടെ
കാലന്‍റെ മുഖത്തു നോക്കികവി പറഞ്ഞു
"സുഹൃത്തെ"
"മന്ത്രിമാര്‍ക്കാര്‍ക്കും നാളെ ഒഴിവില്ല"
രാഷ്ട്രീയ പുംഗവന്‍മാരാണെങ്കില്‍
ജനങളെ സേവിച്ചിട്ട്
തറയില്‍ നില്‍ക്കാന്‍ നേരമില്ല
നേതാക്കന്‍മാരെ കിട്ടാനില്ല
സാഹിത്യ സാംസ്കാരിക
സ്നേഹിതന്‍മാരെല്ലാംപലവഴിക്കാണ്"
"യമസ്നേഹിതാ,
ഇവരൊന്നുമില്ലാതെ
എന്‍റെ ശവമടക്ക് എങിനെ നടത്തും
ഇവര്‍ക്കൊക്കെ ഒഴിവ് കിട്ടുന്നതുവരെ
വീണ്ടും ഞാന്‍ അനാഥ ശവമായി
ഇവരെ കാത്തിരിക്കണ്ടെ
പറ്റില്ല സ്നേഹിതാ
സാംസ്കാരിക മന്ത്രി കോപിക്കും
നീ പോയിട്ട് ശനിയാഴ്ച വരിക"
വായപൊളിച്ചു നില്‍ക്കുന്ന
യമരാജന്‍റെ കൈ വകഞ്ഞുമാറ്റി
കവി വീണ്ടും മുന്നിലേക്ക് നടന്നു

വാല്‍കഷ്ണം
ഔദ്യോഗിക ബഹുമതിയോടെയുള്ള ശവമടക്കിനു വേണ്ടി മരിക്കാനിരിക്കുന്ന മറ്റ് കവികള്‍, കഥ, കലാ, കായിക, സാംസ്കാരിക പ്രമുഖര്‍ തുടങ്ങിയവര്‍ സാംസ്കാരിക മന്ത്രിയുടേയും മറ്റ് പ്രമാണി പുംഗവന്‍മാരുടേയും ഒഴിവ് ദിനം നോക്കി മരണദിവസം ഉറപ്പാക്കാന്‍ വിവരം ചിത്രഗുപ്തനെ
നേരത്തെ അറിയിക്കേണ്ടതാണ്

Wednesday, March 24, 2010

മത്തായിയെ പറഞ്ഞു പറ്റിക്കല്ലെ..

(ഒരു ചുമ്മാ ബ്ലോഗ്)

ഒരു കാലഘട്ടത്തിൽ റ്റീ.വീ വാർത്ത വായനക്കാരുടെ ഹരമായി ചാനലുകളിൽ ഫോൺ ഇൻ പരിപാടികളുമായി നിറഞ്ഞു നിന്നിരുന്ന ഉണ്ണിത്താൻ ദേണ്ടെ കിടക്കുന്നൂ, സാക്ഷാൽ ക്ലിന്റൺ മുതൽ കണ്ടരരു മോഹനരരു വരെ അടിതെറ്റി സുല്ലിട്ട് പോയ ദുർവ്വാസാവ് മഹർഷിയുടെ കാലം മുതൽക്കെ കേട്ടറിഞ്ഞിട്ടുള്ള പെണ്ണ് കേസിൽ തട്ടി പ്ലക്കോം..! പത്രമെടുത്ത് വാർത്തയുടെ തുടക്കം വായിച്ച് തുടങ്ങിയപ്പോൾ മത്തായിക്ക് ശരീരമാസകലം ഇക്കിളിയിട്ട് വന്നു. രോമം ഇല്ലാത്തതുകൊണ്ട് രോമാഞ്ചം വന്നില്ല. ഭാഗ്യം..! പിന്നെ പെട്ടന്ന് മുഖത്ത് കൃത്രിമ ഗൌരവം പണിപ്പെട്ട് വരുത്തിയിട്ട് മനോഗതം എന്ന പോലെ “ ഇവന്മാർക്കൊക്കെ തുണിയുരിഞ്ഞു കളഞ്ഞിട്ട് വല്ല എർത്ത് കമ്പിയിലും കയറി കൈ വിട്ട് കളഞ്ഞാൽ പോരായിരുന്നോ.. നാറികൾ” എന്നുരുവിട്ടുകൊണ്ട് പുറത്തേക്ക് ഉന്തി തള്ളി വന്ന കോട്ടുവായ ബ്..ഹ..ഹോ.. എന്ന് സംഗതികളുള്ള ഒരു കീർത്തനം പോലെ ഉച്ചത്തിൽ ഓരിയിട്ട് സ്വയം ആശ്വസിച്ചു. ചിതലരിക്കാറായ ചിന്തകൾക്ക് വിരാമമിടാൻ ചുമ്മാ റ്റീവി ഓണാക്കി വായ പൊളിച്ചിരുന്നു.
“കാലിൽ എന്താ...?”
സുന്ദരിയുടെ ചോദ്യം കേട്ട് മത്തായി കറണ്ട് ബിൽ കണ്ട് ഷോക്കടിച്ചമാതിരി ഒന്ന് ഞെട്ടി.
“കാലിലെ വരട്ട് ചൊറി ഇവളും കണ്ടോ.. ഹെന്റെ ദൈവമേ..!“
“കാലിൽ മൂന്നാർ ചെരിപ്പാ.. ഇതിട്ടാൽ എവിടേം കേറിപ്പോകാം.. എന്റെ ഫേവറേറ്റ്..”
“ഹോ.. പരസ്യമായിരുന്നു..“ മത്തായിക്ക് ആശ്വാസം
കാലിലെ പൂപ്പല് പിടിച്ച വട്ട വരട്ടു ചൊറിയെങാനും സുന്ദരി കാണുമോ എന്ന പേടിയായിരുന്നു.. ഗ്ലാ‍മർ പോയേനെ.. ദൈവം കാത്തു..
“നാവടക്കൂ.. പണിയെടുക്കൂ.. ചവച്ചു രസിക്കൂ..നിങളുടെ നാവിന് വിലങ്ങിടുന്നു..”
ച്യൂയിംഗ പരസ്യം സ്ക്രീനിൽ ഒട്ടിപ്പിടിച്ചു..
തൊട്ടു പിന്നാലെ.. “സംസാരിച്ചു കൊണ്ടേ ഇരിക്കൂ.. ഇപ്പോൾ മിനിറ്റിന് മുപ്പതു പൈസമാത്രം.. പിന്നെ എന്തിന് നാവടക്കി ഇരിക്കണം..” പട്ടി എല്ലിങ്കഷ്ണം കടിച്ചെടുത്തുകൊണ്ട് ഓടുന്ന പടം പുറകെ..
ഒരുത്തൻ പറയുന്നു നാവടക്കാൻ.. വേറൊരുത്തൻ പറയുന്നു സംസാരിച്ചു കൊണ്ടേ ഇരിക്കാൻ.. എല്ലാം ഇവന്മാർ തന്നെ തീരുമാനിച്ചാൽ മതിയൊ..?? പ്ഫൂ‍... മത്തായിക്ക് ചൊറിഞ്ഞു വന്നു..
“ഹ..ഹ്ഹ...ഹി..ഹ്ഹി..ഹി.....”
ഉച്ചത്തിലുള്ള പൊട്ടിച്ചിരി കേട്ട് പെട്ടന്ന് ഞെട്ടിത്തിരിഞ്ഞ മത്തായിയുടെ പിടലി “ക്ടിം“ എന്നു കേട്ടു. ഉടക്കിയ പിടലിയുമായി മൊത്തം ബോഡി കറക്കിത്തിരിഞ്ഞു നോക്കി.. “ആരാടാ..”
“ഹ..ഹ്ഹ...ഹി..ഹ്ഹി..ഹി.....” വീണ്ടും പിന്നാമ്പുറത്തുനിന്നും അതെ പൊട്ടിച്ചിരി.. ആരെയും കാണുന്നുമില്ല. എന്തോ ഓർമ്മ വന്നപോലെ മത്തായി അടുത്തിരുന്ന മൊബൈൽ ഫോൺ കൈയ്യിലെടുത്തു.. ആരോ വിളിക്കുന്നു.. പുതിയ റിംഗ് ട്യൂണാ..“ഹ..ഹ്ഹ...ഹി..ഹ്ഹി..ഹി.....” പൊട്ടിച്ചിരി.. ഞെട്ടി പിടലി ഉളുക്കിയത് മിച്ചം..
ഫോണിന്റെ ബട്ടൺ ഞെക്കി മകൻ ദുഫായീന്ന് കൊണ്ട് വന്ന വളഞ്ഞ കൊണി (ബ്ലൂ ടൂത് എന്നും പറയും) എടുത്ത് ചെവിയിൽ ഫിറ്റ് ചെയ്തു.
“അലോ..” “ആരാ..” ഭവ്യമായ ചോദ്യം..
“അനുരാഗ വിലോചിതനായി... അതിലേറെ മോഹിതനായി...” ഈണത്തിൽ പാട്ടും പിന്നെ ഒരു കിളി മൊഴിയും അങ്ങേ തലക്കൽ നിന്നും കേട്ടപ്പോൾ കുറേ നേരമായി വയറ്റിനകത്തു കിടന്ന് കറങ്ങിയ, വായു, സോഡ കുടിച്ചപ്പോൾ ഏമ്പക്കം വിട്ടു പുറത്തേക്ക് പോയ ഒരു നിർവൃതി..
“നീ ഏതാ മോളേ... എവിടുന്നാ വിളിക്കുന്നേ.. നിന്റെ പേരെന്താ..” പിടലി ഉളുക്കിയ ഹാംഗ്‌ഓവറിൽ നിന്നും സടകുടഞ്ഞെണീറ്റ മത്തായിയുടെ അസ്ത്രം മാതിരിയുള്ള നൂറായിരം ചോദ്യങ്ങൾക്ക് ചെവി കൊടുക്കാതെ കിളിമൊഴി വീണ്ടും..
“ഈ ഗാനം ഡയലർ ടോൺ ആയി കിട്ടാൻ ഒന്ന് അമർത്തുക..”
ഒന്നല്ല.. ഒരായിരം പ്രാവശ്യം അമർത്താൻ തയ്യാറായി നിൽക്കുന്ന മത്തായി ചുറ്റും നോക്കി ജാഗരൂകനായി..അടുത്തെങ്ങും ആരുമില്ലെന്നുറപ്പുവരുത്തി..
“ഒന്നോ രണ്ടോ അമർത്താം.. ഇതൊക്കെ ഫോണിലൂടെ പറ്റുമോ.. നീ എവിടുന്നാ വിളിക്കുന്നതെന്ന് പറ..കൊച്ചേ..”
“അനുരാഗ വിലോചിതനായി... “ വീണ്ടും അതേ ഗാനം. ചലപില മൊഴിഞ്ഞുകൊണ്ടിരുന്ന കിളി‌മൊഴിയുടെ വിശ്വാസ്യതയിൽ വികാര വിശ്വംഭരനായി നിന്ന മത്തായിക്ക് എന്തൊ പന്തികേട് തോന്നി. മൊബൈൽ കമ്പനിക്കാരന്റെ അസ്ഥാനത്തുള്ള പരസ്യ തന്ത്രത്തിൽ ഇളിഭ്യനായ മത്തായി ചെവിയിൽ നിന്നും കൊണി ഊരി മേശപ്പുറത്തു വച്ചു..
“വിശ്വാസം അതല്ലെ എല്ലാം..” കളിയാക്കുന്ന മാതിരി ബാക്കി പരസ്യവാചകം റ്റിവിയിൽ മുറിഞ്ഞു മുറിഞ്ഞു കേൾക്കുന്നു.. ഇവന്മാർ എല്ലാം കൂടെ ഒരുമ്പെട്ടിറങ്ങിയിരിക്കുവാണല്ലോ ദൈവമേ... ഇവന്മാർക്കിടയിൽ പിടിച്ചുനിൽക്കാൻ ത്രാണി തരണേ.. അറിയാതെ പ്രാർത്ഥിച്ചു പോയി.
അറുപതും എഴുപതും വയസ്സുള്ള കിളവന്മാർ വിഗ്ഗും മേക്കപ്പുമൊക്കെ വച്ച് ചെറുമക്കളുടെ പോലും പ്രായം ഇല്ലാത്തകൊച്ചു പെൺകുട്ടികളോടൊപ്പം മരംചുറ്റി ആടി തിമിർക്കുന്നത് കാണുമ്പോൾ.. ഹോ..”
മിനിസ്ക്രീനിൽ സംസ്കാരിക നായകൻ പത്രസമ്മേളനത്തിൽ രോഷാകുലനാകുന്നു.. ഇപ്പോൾ പഴയതു പോലെ ആരും ശ്രദ്ധിക്കുന്നില്ല എന്ന കുണ്ഠിതമാണോ പ്രശസ്ഥരായവർക്കെതിരെ സ്വത്ത് തട്ടിയെടുത്തു എന്നൊക്കെ ബുദ്ധിഭ്രമം വിളിച്ചു പറയുവാൻ അദ്ദേഹത്തേ പ്രേരിപ്പിക്കുന്നത് എന്നു മത്തായിയുടെ വരണ്ട തലയിൽ ചുമ്മാ തോന്നിപ്പോയി.. തോന്നലിനിടയിൽ മത്തായിയുടെ ബനിയന്റെ ഉള്ളിലൂടെ എന്തൊ പരതി നടക്കുന്നത് പോലെ തോന്നി. കിട്ടിയ സ്ഥലത്ത് കൂടെ കൈയ്യ് ഉള്ളിലേക്കിട്ട് എന്തോ ഒന്നിനെ പുറത്തേക്ക് വലിച്ചെറിഞ്ഞു. കവർ പാലിന്റെ വില നോക്കുന്നത് പോലെ താഴെ വീണ സാധനത്തിൽ മത്തായി സൂക്ഷിച്ച് നോക്കി. ഒരു ഉണക്ക വിട്ടിൽ. “ഇതെങിനെ ബനിയന്റെ ഉള്ളിൽ കയറിപ്പറ്റി.“
“മൂന്നാറിൽ നിന്നെങ്ങാനും വന്നതായിരിക്കും.. അല്പം കൂടി കഴിഞ്ഞിരുന്നെങ്കിൽ.. ഈശോയേ.. ഇവൻ വിലമതിക്കാനാകാത്ത ഠൌൺ ഏരിയ മൊത്തം കൈയ്യേറിയേനേല്ലോ.. ഈശോമിശിഹാക്ക് സ്ഥുതിയായിരിക്കട്ടെ..”
“ഹ..ഹ്ഹ...ഹി..ഹ്ഹി..ഹി.....” ഫോണിന്റെ പൊട്ടിച്ചിരി വീണ്ടും.. മത്തായി ഫോണിലേക്ക് ഒന്ന് മ്ലാവി നോക്കി..
“പോടീ ഡാഷ് മോളെ... ഇനീം മത്തായിയെ പറ്റിക്കാൻ ഒരുത്തിക്കും കഴിയില്ലെടീ.. കാരണം മത്തായിയുടെ കൈയ്യിൽ മുസ്‌ലി പവ്വർ എക്സ്ട്ര ഉണ്ട്.. മുസ്‌ലി പവ്വർ എക്സ്ട്ര..“

Thursday, February 11, 2010

മാറുന്ന മലയാളി മുഖം, ഒരു പ്രവാസ ചിന്ത..!!


മലയാളിക്ക് രണ്ട് മുഖമുണ്ടോ..? (അതിലുമധികമുണ്ട് എന്ന് ബഹു ഭൂരിപക്ഷം..) സ്വന്തം ദൈവത്തിന്‍റെ നാട്ടില്‍ ഒരു മുഖം, ഇവിടെ ഗല്‍ഫില്‍ മറ്റൊരു മുഖം..!!

പ്ലാച്ചിമട കൊക്കക്കോള തിരുമേനിക്കെതിരെ തൊണ്ടയും പള്ളയും പൊട്ടുമാറുച്ചത്തില്‍ ആക്രോശിച്ച് പട നയിച്ച്, മൈല്‍ക്കുറ്റിയില്‍ കാലു മടക്കി അടിച്ചമാതിരി നാട്ടില്‍ നില്‍‌ക്ക‌ക്കള്ളിയില്ലാതെ കൈയ്യിലുള്ളതും കടം മേടിച്ചതും പണയം വച്ചതും വിസയാക്കി ചുട്ടുപൊള്ളുന്ന ഒരു ഉച്ച നേരത്ത് കുവൈറ്റില്‍ കാലുകുത്തിയ പ്ലാച്ചിമടയിലെ സമുന്നതനായ ധീരവീര യോദ്ധാവ് എയര്‍‌പോര്‍‌ട്ടിലിറങ്ങി നാലുപാടും പകച്ചു നോക്കി. ഹാരമില്ല, പൂമാലകലിടാന്‍‌ അനുയായികളില്ല, ധീരാ വീരാ നേതാവേ.. വിളികളില്ല..

അനുയായികള്‍ക്ക് മുന്നില്‍‌ നിന്ന് അവരെ നയിച്ചുകൊണ്ടിരുന്ന ഈ നേതാവ് നാളെമുതല്‍ ബോയിലര്‍ സ്യൂട്ടുമിട്ട് കളത്തിലിറങ്ങേണ്ടവനാണ്. പകിസ്ഥാനി ഫോര്‍മാന്‍റെ ഉച്ചത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ അണുകിട തെറ്റാതെ അനുസരിച്ചു പോകുന്ന നമ്മുടെ യുവ രക്തം നാട്ടില്‍ തൊട്ടതിനും പിടിച്ചതിനും കൊടിപിടിക്കുന്നവരാണ് എന്ന് ഊഹിക്കാന്‍‌പോലും കഴിയുന്നില്ല.

ആദ്യം പറഞ്ഞ പ്ലാച്ചിമട വീര നായകന്‍ ഇവിടെ റോഡരുകില്‍ പൈപ്പ് ലൈന്‍ ഇടുന്നതിനു വേണ്ടിയുള്ള കുഴിയെടുക്കല്‍ തിരക്കിലാണ്. ചുട്ടുപൊള്ളുന്ന ചൂട് സഹിക്കവയ്യാതെ ദാഹശമനത്തിന് അദ്ദേഹം ആശ്രയിക്കുന്നത് അതേ പ്ലാച്ചിമട കോളക്കാരന്‍റെ മറ്റൊരു പാനീയമാണ്. വ്യത്യാസം കോളയുടെ പേര് അറബിയിലും എഴുതിയിട്ടുണ്ട് എന്നത് മാത്രമാണ്.

അടിമകളെപ്പോലെ വെറും ഏറാന്‍ മൂളികളായി ഇവിടെ എന്തു ജോലിയും ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്ന മലയാളികള്‍ നാട്ടിലെ തൊഴില്‍ രീതികളില്‍ സംതൃപ്തരല്ല. എന്തു കൊണ്ട്..? നാട്ടില്‍ നിന്നും വണ്ടി കയറിക്കഴിഞ്ഞാല്‍ അവന്‍ പിന്നെ തനി നാടന്‍ എന്തും ചെയ്യും സുകുമാരന്‍ ആയിമാറുകയാണ്.

യൂസ്ഡ് കാര്‍ കടയില്‍ വണ്ടികഴുകല്‍ ജോലി ചെയ്യുന്ന കാസര്‍കോഡുകാരന്‍ സിവില്‍ എഞ്ചിനീയര്‍ ഡിപ്ലോമക്കാരനും, പമ്പില്‍ പെട്രോളൊഴിച്ചു കൊടുക്കാന്‍ നില്‍ക്കുന്ന പത്തനംതിട്ടക്കാരന്‍ കമ്പൂട്ടര്‍ ഇന്‍സ്ട്രക്റ്ററും പഞ്ച നക്ഷത്ര ഹോട്ടലില്‍ അതിഥികല്‍ക്ക് വാതില്‍ തുറന്ന് കൊടുക്കാന്‍ രാജ വേഷം കെട്ടി നില്‍ക്കുന്ന ആലപ്പുഴക്കാരന്‍ ബിരുദാനന്തര ബിരുദധാരിയുമൊക്കെ വേദനിക്കുന്ന തെളിവുകളാണ്.

സാഹചര്യങ്ങള്‍ ഇവിടെ സാധാരണ മലയാളികളെ എന്തു ജൊലിയും ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. നാട്ടില്‍ ബാക്കിയിരിക്കുന്ന പണയം, പലിശ, വിവാഹം സ്വപ്നം കണ്ടിരിക്കുന്ന സഹൊദരിമാര്‍, രോഗികളായ മാതാപിതാക്കള്‍, ഭാവിയിലേക്ക് ഉറ്റ് നോക്കുന്ന സ്വന്തം മക്കള്‍, ഭാര്യ, ഇതിനൊക്കെ പുറമെ സ്വന്തമായി ഒരുപിടി മണ്ണും അതിലൊരു കൊച്ചു വീടും അങ്ങിനെ നിരവധിയാണ് ഒരു ശരാശരി പ്രവാസി മലയാളിയെ എങ്ങിനെയും ഇവിടെ പിടിച്ചു നില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍. നാട്ടിലെ കൊടിയും സംഘട്ടനങ്ങളും സമരങ്ങളും അവനെ ബാഹ്യമായി ബാധിക്കുന്ന വിഷയങ്ങളല്ല.

നാട്ടിലെത്തിയാല്‍ നാലുപാടും പൂമണം വിതറുന്ന അത്തറും പൂശിനടക്കുമ്പോള്‍ ടക്..ടക് ശബ്ദം കേള്‍പ്പിക്കുന്ന പരുപരുത്ത ചെരുപ്പും കറുകറുത്ത കണ്ണടയുമൊക്കെ വച്ച് പത്രാസ് കാണിച്ച് മറ്റുള്ളവര്‍ക്ക് മുന്നില്‍ സ്വയം അപഹാസ്യനായിരുന്ന പഴയ ഗള്‍ഫ് മലയാളിയുടെ വംശം ഇന്ന് വേരറ്റ് പോയിരിക്കുന്നു. അവധി കഴിഞ്ഞ് അവന്‍ വീണ്ടും മടങ്ങിപ്പോകേണ്ടത് നിവൃത്തികേടുകളുടെ ഈറ്റില്ലമായ ചെരുക്കുന്ന മണമുള്ള ലേബര്‍ ക്യാമ്പുകളഇലേക്കാണ് എന്ന യാഥാര്‍ത്ഥ്യം അവനെ പത്രാസുകളുടെ നിറം മങിയ മിഥ്യാ ബോധങ്ങളേക്കാള്‍ മുന്നോട്ടുള്ള പ്രയാണത്തിന്‍റെ അനിവാര്യതകളേക്കുറിച്ചോര്‍മ്മിപ്പിക്കുന്നു.ഒരു ശരാശരി പ്രവാസി മലയാളിയുടെ യഥാര്‍ത്ഥ ജീവിതം, ആണ്ടോടാണ്ട് പണക്കൊഴുപ്പ് കാണിക്കുന്ന പ്രവാസ സംഘമം സംഘടിപ്പിക്കുന്ന നമ്മുടെ ഭരണ സം‌വിധാനത്തിനോ പണിയൊന്നുമില്ലാത്ത പ്രവാസി വകുപ്പിനോ നാട്ടിലെ കള്ളുഷാപ്പ് പോലെ ഇവിടെ ഗള്‍ഫില്‍ സുലഭമായി കാണുന്ന മലയാളി സംഘടനകള്‍ക്കൊ അന്യമാണ്. അവധിക്ക് നാട്ടിലെത്തുന്ന ഗള്‍ഫന്‍‌മാരെ പലരീതിയില്‍ കുറ്റി വയ്ക്കുന്നത് നാട്ടുകാരുടേയും സുഹൃത്തുക്കളുടേയും ഒരു സ്ഥിരം പരിപാടിയാണ്. ഗള്‍ഫന്‍ ഒരല്‍‌പം പൊങ്ങച്ചക്കാരന്‍ കൂടിയാണെങ്കില്‍ സ്ഥിതി പിന്നെ ഇപ്പൊഴത്തെ റിയാലിറ്റി ഷൊ പോലെ കരയണോ ചിരിക്കണോ എന്ന അവസ്ഥയിലാകും. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ക്ക് കുറച്ച് മാറ്റം വന്നിട്ടുണ്ട്. ഇങ്ങോട്ട് കുറ്റിവക്കാന്‍ വരുന്നവരെ തിരിച്ച് എങ്ങനെ രാവി എടുക്കാം എന്നാണ് അനുഭവങ്ങളില്‍ നിന്നും പാഠം പഠിച്ച കുറച്ച് പേരെങ്കിലും ശ്രമിച്ച് നോക്കുന്നത്. അനാവശ്യ ധൂര്‍ത്തുകള്‍ ഒഴിവാക്കി തോളത്തിരുന്ന് ചെവി കടിക്കുന്നവരെ തിരിച്ചറിയാന്‍ പലരും പഠിച്ചിരിക്കുന്നു. നിലനില്‍‌പ്പിന് അതാവശ്യമാണ്.

വാല്‍‌ക്കഷ്ണം
ഓരോ അവധിക്കാലത്ത് നാട്ടിലെത്തുമ്പോഴും റബ്ബര്‍ പാല്‍ ഒട്ടും പോലെ കൂടെ നടന്നു ദിവസങ്ങള്‍ ആഘോഷമാക്കി മാറ്റിയിരുന്ന നാട്ടുകാരായ സുഹൃത്തുക്കള്‍ കഴിഞ്ഞ അവധിക്കാലത്ത് നാട്ടിലെത്തിയപ്പോള്‍ കണ്ടിട്ടും കണ്ട ഭാവം നടിക്കാതെ വേലിചാടി മറയുന്നത് കണ്ടു എന്ന് അടുത്ത കാലത്ത് നാട്ടില്‍ പോയി മടങ്ങിവന്ന തിരുവല്ലക്കാരന്‍‌ സാഷ്യപ്പെടുത്തുന്നു. ഇപ്രാവശ്യം നാട്ടുകാരെ കുറ്റിവയ്ക്കാന്‍‌ ഗള്‍ഫന്‍ ഒരു ശ്രമം നടത്തി നോക്കിയതാണു പോലും.