ഒരു ചുമ്മാ ബ്ലോഗ്.. മസിലുപിടുത്തക്കാർ ദയവായി ക്ഷമിക്കുക..!!

Thursday, February 14, 2008

ഒരു മൈതീന്‍ കഥ

തട്ടിപ്പിന് ഒരു കലാശാല ഉണ്ടെങ്കില്‍ അതിന്റെ വൈസ് ചാന്‍സ്‌ലര്‍
ആകാന്‍ യോഗ്യതയുള്ള ഒരേ ഒരു വിദ്വാന്‍ വെട്ടുക്കിളി മൈതീന്‍
ആണെന്ന് ഞാന്‍ എവിടെ വേണമെങ്കിലും നെഞ്ചില്‍ കൈ വച്ച്
പറയും. പക്ഷെ ഏത് കൊമ്പനും ചിലപ്പോള്‍ പറ്റ് പറ്റിപ്പോകും.നാട്ടിലെ
തട്ടിപ്പില്‍ പ്രത്യേകിച്ച് ഒരു പ്രഫഷണലിസം ഇല്ലാ എന്ന തോന്നല്‍
വെട്ടുക്കിളിയെ നാടു വിട്ട് പോകാന്‍ പ്രേരിപ്പിച്ചു. (നാട്ടിലെ ചെറുപ്പക്കാര്‍
കൈവച്ച് കൈവച്ച് നാട്ടില്‍ നില്‍ക്കകള്ളിയില്ലാതെ രായ്ക്ക് രാമാനം
കിട്ടിയ പാണ്ടി ലോറിയില്‍ കയറി തമിഴ് നാട്ടില്‍ എവിടെയോ
മുങിയതാണെന്ന് പിന്നാമ്പുറത്ത് കുബുദ്ധികള്‍ പറയുന്നത് മൈതീനു
പണ്ട് മത്തായി പറഞതു പോലെ..). വെടിക്കെട്ട് വിദ്വാന്റെ വീട്ടിലെ
പശുക്കുട്ടിക്ക് രാവിലെ ഒരു ഓലപ്പടക്കമെങ്കിലും ദിവസവും
പൊട്ടിക്കേട്ടില്ലെങ്കില്‍ അന്നത്തെ ദിവസം സ്വാഹ എന്ന പോലെ,
വെട്ടുക്കിളി മൈതീന്‍ മദ്രാസില്‍ എത്തിയിട്ട് ആരെ പറ്റിക്കണം എന്ന്
ഒരു പിടിയുമില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാന്‍ പറ്റാത്തതുകൊണ്ട്
അങ്ങോട്ട് മാത്രം നടന്ന് തലപുകഞ്ഞ് ആലോചിച്ചു.
കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല.. ദേ നില്‍ക്കുന്നു.. ഒരു അറബി
നേരെ മുന്നില്‍ മുകളിലേക്ക് നോക്കി.. വെട്ടുക്കിളി വെട്ടിത്തിരിഞ്ഞ്
അറബി നോക്കുന്നത് എന്താണെന്ന് ഉറപ്പ് വരുത്തി.
ഓഹോ.. മുന്നിലെ വലിയ കെട്ടിടത്തിന്റെ മുകളില്‍ ഫിറ്റ് ചെയ്തിരിക്കുന്ന
പ്രത്യേക തരത്തിലുള്ള ക്ലോക്കിലാണ് അറബിയുടെ കണ്ണ്.
ഐഡിയ വര്‍ക്കൌട്ട് ചെയ്തെടുക്കുവാന്‍ വെട്ടുക്കിളിക്ക് സൂപ്പര്‍
കമ്പ്യൂട്ടറിന്റെ ആയിരത്തില്‍ ഒരംശം സമയമെ വേണ്ടി വന്നുള്ളൂ.
പിന്നെ ഒന്നും ആലോചിച്ചില്ല..
ഒറ്റ ചാട്ടം അറബിയുടെ മുന്നിലേക്ക്.. പിന്നെ ഒരു ഡയലോഗും.. ആ
ക്ലോക്ക് വില്‍ക്കാന്‍ വച്ചിരിക്കുന്നതാ.. അറബിക്ക് വേണേല്‍ അര
വിലക്ക് തരാം.. അരമണിക്കൂര്‍ നേരത്തെ കശപിശക്ക് ശേഷം
അറബിയും മൈതീനുമായി വിലയില്‍ ഒരു ഒത്തു തീര്‍പ്പായി.. 1000
രൂപാ.. അറബി പിന്നെ തിരിഞ്ഞും മറിഞ്ഞും ആലോചിക്കാതെ
പോക്കറ്റില്‍ നിന്നും 1000 രൂപാ വെട്ടുക്കിളിക്ക് നീട്ടി.. ഒറ്റ
റാഞ്ചലായിരുന്നു..
പിന്നെ അറബിയോട് പറഞ്ഞു.. ഞാന്‍ പോയി ഒരു ഏണി എടുത്ത്
കൊണ്ട് വരട്ടെ.. അതുവരെ ഈ റോഡിന്റെ അരികിലേക്ക് മാറി നില്‍ക്ക്
അറബീ.. അല്ലെങ്കില്‍ വല്ല പാണ്ടീ ലോറിയും വന്ന് കയറും. പിന്നെ
മിന്നല്‍ പോലെ മൈതീന്‍ പിന്നാമ്പുറത്തേക്ക് മറഞു.
നട്ടുച്ച വരെ മുട്ടന്‍ വെയിലത്ത് നിന്ന് തല ചൂടായപ്പോള്‍ ഏണി
എടുക്കാന്‍ പോയ മൈതീന്റെ പിതാവിനെയും പിതാ മഹനെയും പിന്നെ
മറ്റ് കുടുംബ ശ്രേഷ്ഠ്ന്മാരെയും മനസാ സ്മരിച്ച് അവര്‍ക്കൊക്കെ
ദീര്‍ഘായുസ്സിന്നായി ഉച്ചത്തില്‍ പ്രാര്‍ഥിച്ച് അറബി കിട്ടിയ ടാക്സിക്ക്
സ്ഥലം വിട്ടു എന്ന് കഥാ ബാക്കി.

മൈതീന്റെ കഥ തുടരും..

3 comments:

ഗുപ്തന്‍ said...

ഈ പോസ്റ്റ് വായിക്കന്‍ നേരം കിട്ടിയില്ല. ക്ഷമ. ഇതിനുശേഷം കമന്റ് ഓപ്ഷന്‍ ഒഴിവാക്കിയിട്ടിരിക്കുന്ന ഒബാമ പോസ്റ്റിനെക്കുറിച്ച്:http://q8kuwait.blogspot.com/2009/01/blog-post.html

സില്ലി വര്‍ത്ത്ലെസ്സ് ആന്‍ഡ് റേഷ്യലി ഒഫെന്‍സീവ്.

മൂന്നാമതുപറഞ്ഞ ഐറ്റം പലരാജ്യങ്ങളിലും നിയമപരമായി ശിക്ഷകിട്ടാവുന്ന കുറ്റകൃത്യം കൂടിയാണ്. കുവൈറ്റ് അക്കൂട്ടത്തില്‍ ഉണ്ടെങ്കില്‍ ക്രിമിനല്‍ എന്ന അഡ്ജക്റ്റീവ് കൂടെ ചേര്‍ത്തുവായിക്കുക.

‍ആയിരങ്ങളില്‍ ഒരുവന്‍ said...

എഴുത്തിന് നന്ദി. അറിഞ്ഞുകൊണ്ട് അകത്ത് പോകാന്‍‌ ആരെങ്കിലും തയ്യാറാകുമോ മാഷെ. പോസ്റ്റിങ് പിന്വലിക്കുന്നു.

ManojChandran said...

മാഷേ.. ബ്ലോഗ് കണ്ടു.. സന്തോഷമായി..
ഞാന്‍ ഒരു മലയാളം വെബ് സൈറ്റ് കൈകാര്യം ചെയ്യു‌ന്നുണ്ട്. കുറച്ചു നാളെ ആയുള്ളൂ തുടങ്ങിയിട്ട്. താങ്കളുടെ കൃതികള്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നു. താല്പര്യമുണ്ടെങ്ങില്‍ അറിയിക്കുക.
www.mallusinkuwait.com