ഒരു ചുമ്മാ ബ്ലോഗ്.. മസിലുപിടുത്തക്കാർ ദയവായി ക്ഷമിക്കുക..!!

Friday, August 7, 2009

വെള്ളിമൂങ്ങയുണ്ടോ ചേച്ചീ ഒന്നെടുക്കാന്‍..!

ഇരുണ്ട ഊട് വഴികളിലൂടെ കറുത്ത ഇരുട്ടിനെ വകവയ്ക്കാതെ മുന്‍പില്‍ നടക്കുന്ന ഇരുട്ടിനെപോലും പേടിപ്പിക്കുന്ന, മുഖത്ത് ഒരുമാതിരി വസൂരിക്കുത്തുള്ള മുരുകന്‍ എന്ന് പേരുള്ള മിരുവന്റെ പിന്നാലെ നടന്നിട്ടും നടന്നിട്ടും ലക്ഷ്യസ്ഥാനം കാണാതെ വന്നപ്പോള്‍ എല്ലാര്‍ക്കും തോന്നുന്ന പോലെ വല്ലാത്ത സംശയം തോന്നി..
"ടേയ് അപ്പീ വല്ലോം നടക്കൂടെയ് മിരുവാ"
"ധൈര്യമായിട്ട് വരീം അണ്ണാ.. ഞാനല്ലീ കൂട വരണത്..”
"നിന്റെ കൂടെ വരണതാണ് പ്രശ്നം...”
പല പ്രാവശ്യം ആലോചിച്ചതാണ് ഈ പണിക്ക് പോണോ വേണ്ടെ എന്ന്.. പിന്നെ ഈ ചെക്കന്‍ പറഞ്ഞ് പറഞ്ഞ് മനസ്സില്‍ വല്ലാത്തൊരു പ്രതീക്ഷ.. പോരെങ്കില്‍ പുരോഗമന വാദിയായ ഭാര്യ പ്രസവത്തിന് അവളുടെ വീട്ടില്‍ പോയിരിക്കുക കൂടിയാണ്.. അവളെങ്ങാനും ഇതറിഞ്ഞാല്‍ എന്റെ കട്ടേം പടോം മടങ്ങും..ശ്ശോ..
"അണ്ണാ.. ഇപ്പഴെ ഇതു പറ്റൂ..”
ചെറുക്കന്‍ പ്രലോഭിപ്പിച്ചുകൊണ്ടേ ഇരുന്നു.. മുതലാളിത്തത്തിന്റെ കസേരയില്‍ ടൈ കെട്ടി വടിവാക്കി വച്ചിരുന്ന കോട്ടിനും സ്യൂട്ടിനും ഉള്ളില്‍ നിന്നും ശരീരത്തിനെ അല്‍‌പ്പനേരത്തേക്ക് ശംഖ് മാര്‍ക് ലുങ്കിക്കുള്ളിലാക്കി തലയില്‍ പത്ത് രൂപയുടെ ഒരു തോര്‍ത്തും ചുറ്റി ഇവന്റെ പുറകെ നടക്കാന്‍ തുടങിയിട്ട് മുപ്പത് മിനിട്ടാകുന്നു.. ഇതറിഞ്ഞിരുന്നെങ്കില്‍ വണ്ടിയെടുക്കാമായിരുന്നു..
"എന്നാ പിന്നെ പസ്റ്റായിപ്പോയി..”
"അണ്ണാ ഇതിനൊക്ക പോവമ്പഴാണാ വലിയ ബെന്‍സ് കാറും കൊണ്ട് പോണത്.. വണ്ടി കാണമ്പഴെ ആളുകള്‍ക്ക് മനസ്സിലാവും ആരാണെന്ന്..”
ബിസിനസ്സ് മണ്ടക്ക് പെട്ടന്ന് കത്താത്ത ഒരു നാടന്‍ ലോജിക് പറഞ്ഞിട്ട് അവന്‍ സിഗററ്റിന്‍റെ പുക പ്ഫൂ... എന്ന് ഊതി വിട്ട് കുറച്ച് കൂടി വേഗത്തില്‍ നടക്കാന്‍ തുടങ്ങി..
"ടാ.. ഇനീം കൊറെ പോണൊ.. ആരെങ്കിലും കണ്ടാല്‍ ഇതുവരെയുള്ള എല്ലാ വെലയും പോകും..”
"ഓ.. വെലേടെ കാര്യം കളയീം അണ്ണാ.. അമേരിക്കന്‍ പ്രസിഡന്‍റിന് പറ്റി.. പിന്നേണ്....നിങള് ചുമ്മാ ഇഞ്ഞോട്ട് നടക്കീം അണ്ണാ..”
ഇരുട്ടിന്റെ മറവില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കൂറ്റന്‍ പാണ്ടി ലോറികളുടെ ഇടയിലൂടെ പാത്തും പതുങ്ങിയും ഉള്ള ഈ നടപ്പ് ആരെങ്കിലും കണ്ടാല്‍ ... പോകുന്ന സ്ഥലം അങ്ങിനുള്ളതാണ്...ഹെന്റെ ദൈവമേ..
“എടാ നീ എല്ലാം പറഞ്ഞിട്ടുണ്ടല്ലോ... ”
“അതു പിന്നെ പ്രത്യേകം പറയണോ അണ്ണാ‍..”
“അവിടെ ചെല്ലുമ്പോള്‍ വേറെ എന്തെങ്കിലും ഗുലുമാല് ഇടക്ക് ഉടക്കുണ്ടാക്കുമോടാ..??”
“നിങളെന്തിനണ്ണാ.. അതുമിതുമൊക്കെ ആലോചിച്ച് തല ചൂടാക്കണെ.. ”
“ചെന്നാ ഒടനെ കാര്യം നടക്കൂ..?”
“നിങ്ങളെന്തരണ്ണാ‍.. ഇങ്ങന..?”
“ബലാത്സം‌ഗം ചെയ്യാന്‍ പോണ അരെങ്കിലും ബ്രേസിയര്‍ തച്ചതാണാ റെഡിമേടാണാ എന്നു നോക്കൂ അണ്ണാ..”എന്നു പറഞ്ഞിട്ട് അവന്‍ ഇറച്ചിക്കടക്കാരന്‍ അദ്രുമാനിക്കാടെ മുട്ടനാട് മുക്രിയിടുന്ന പോലെ മ്‌ര്‍‌ര്‍‌ര്‍.. എന്ന് ഒരു ശബ്ദം പുറത്തേക്ക് വിട്ടു... കുറെ നാളത്തെ പറിചയം ഉള്ളതുകൊണ്ടു അവനൊരു ചിരി ചിരിച്ചതാണെന്ന് എനിക്ക് മനസ്സിലായി.
“ങ്ഹാ.. എന്തും വരട്ടെ... എന്തായലും ഇറങിത്തിരിച്ചു... ഇനി കര കണ്ടിട്ട് തന്നെ വേറെ കാര്യം.. സംഗതി ഒത്തുകിട്ടിയാല്‍ രക്ഷപ്പെട്ടു..” ലുങ്കി ഒന്നു കൂടെ മുറുക്കി ഉടുത്തു ആഞ്ഞു പിടിച്ചു നടന്നു. ആഗോള പ്രതിസന്ധിയില്‍ നിന്നും കമ്പനിയെ എങ്ങനെ കരകയറ്റാം എന്ന വന്‍ ചര്‍ച്ചകളെ
അഭിമുഖീകരിച്ച് സംസാരിക്കുമ്പോള്‍ പോലും ഇത്രക്കും റ്റെന്‍ഷന്‍ ഉണ്ടായിട്ടില്ല..
“ആരാടാ ഇരുട്ട് വാക്കിന് തലേ തുണിയിട്ട് വീട്ടിന്റെ മുമ്പീ കിടന്ന് ചുറ്റിക്കറങ്ങണത്...” പെട്ടന്ന് ഉത്സവപ്പറമ്പിലെ ബലൂണ്‍ കച്ചവടക്കാരന്റെ കയ്യിലെ നീണ്ടു വളഞ്ഞ ബലൂണ്‍ പോലെ ഒരു രൂപം മുന്നിലേക്ക് ചാടി വീണു.. തുടര്‍ന്ന് നാടന്‍ വാണം കത്തിച്ചു വിടുന്നതുപോലെ ഷ്ശ്‌‌ശ്‌ശ്‌ശൂ...... എന്ന ശബ്ദവും.. മുന്നിലേക്ക് വീണ സാധനത്തിലേക്ക് ചവിട്ടാതെ പെട്ടന്ന് ഒരുവശത്തേക്ക് ചാടി മാറി..
“ഹ്‌..ഹെന്താടാ അത്.. ”
“ഓ.. അത് ലങേര് വെള്ളമടിച്ച് പാമ്പായി വീണതാ.. രാവിലെ എണീച്ച് പൊയ്ക്കോളും..“
രണ്ട് മൂന്ന് വളവിനപ്പുറത്ത് കണ്ട വെളിച്ചത്തിലേക്ക് കൈ ചൂണ്ടി (ചിലപ്പം ചൂണ്ടിക്കാണും.. ഇരുട്ടായതുകൊണ്ട് കണ്ടില്ല..) അവന്‍ പറഞ്ഞു..
“ദോണ്ട അണ്ണാ‍.. ലവിടെ ആണ് പോവാനുള്ളത്..”
“അതു ഇനീം കൊറേ പോണോല്ലടാ..”
“പിന്നെ... അണ്ണാ.. ഇത്തിരി മെനക്കെടാത കാര്യം നടക്കൂല്ല... യേത്.. ഇത്തിരി നടക്കീം.. ഒത്താ ഒത്തത് അല്ലീ...”
അവന്‍ പറഞ്ഞതിലും കാര്യം ഉണ്ടെന്ന് തോന്നി... കുറച്ച് നടക്കുക തന്നെ..ഒത്താ ഒത്തത് തന്നെ..മുറ്റത്തേക്ക് കാലെടുത്ത് വച്ചപ്പോള്‍ തന്നെ പെരുച്ചാഴി ചാടുന്ന പോലെ എന്തോ ഒന്ന് പുറത്തേക്ക് ചീറിപ്പാഞ്ഞ് പോയി.. പിന്നാലെ അനൌണ്‍സ്മെന്റ് പോലെ ഒരു ഒച്ചയും..
“എടീ എന്തരുവളെ...നിന്റെ മറ്റെ പരിപാടി എന്റെ വീട്ടിനുള്ളില്‍ നടക്കത്തില്ല...”
പിന്നാലെ ചളോം എന്ന ശബ്ദത്തോടെ വീണ്ടും എന്തൊ പുറത്തേക്ക് തെറിച്ച് വീണു...
“അണ്ണാ‍.. ഇതല്ല വീട്.. ഇഞ്ഞോട്ട് വരീം..ദാണ്ട അപ്രത്താണ്..”
പറഞ്ഞത് ന‌ന്നായി.. അല്ലാരുന്നേല്‍ പുറത്തേക്ക് പാഞ്ഞു പോയ അടുത്ത എസ് എല്‍ വി ത്രീ പറയാന്‍ പറ്റാത്ത എവിടക്കൂടയെങ്കിലും ഒരഞ്ഞോണ്ട് പോയേനെ..ആകാംഷയുടെ പൊടി ഡബ്ബയില്‍ വെള്ളമൊഴിച്ചുകൊണ്ട് മിരുവന്‍ എന്ന മുരുകന്‍ സഡന്‍ ബ്രേക്കിട്ടു. മുന്നില്‍ മതിലാണോ, റോഡാണോ,
ഒന്നുമറിയാന്‍ വയ്യ.. കൂരിരുട്ട്..
“ചേച്ചീ.. കൂയ് ചാച്ചിയേയ്... ആരുമില്ലെ.. എറങ്ങി വരീം.. ഒരു കോളൊണ്ട്..”
തോള്ള തുറന്നുള്ള മിരുവന്റെ അലറല്‍ കേട്ടാകണം തുറന്ന വാതിലിലൂടെ മണ്ണണ്ണ വെളക്കിന്റെ വെട്ടത്തില്‍ ഒരു സ്ത്രീ രൂപം പുറത്തേക്കിറങി ഇടതും വലതും തുറിച്ചു നോക്കി..
“ദാണ്ട ഇവിട.. ദാ ഇഞ്ഞോട്ട്.. ചാച്ചി .ഇവിട..ഇവിട..”
മിരുവന്‍ ആള് നില്‍ക്കുന്നിടം ചേച്ചിക്ക് വ്യക്തമാക്കിക്കൊടുത്തു.
“എന്താ.. ആരാ..”
“ചാച്ചി ഇതു ഞാനാ..”
“ഏത് ഞാന്‍..”
“ഓണ്ടെ പാലത്തിന്റവിടുത്തെ ശാന്തിഅക്കന്റെ മോനാ..”
“ആര് മിരുവനാ.. എന്തെര് വിശേഷൊടെ..”
ചേച്ചീ എന്റെ കൂടെ ഒരു സാര്‍ ഒണ്ട്..സാറിന് ചേച്ചീടടുത്ത് എന്തൊ പറയാനുണ്ട്. അല്ലെങ്കില്‍ വേണ്ട.. ഞാന്‍ തന്നെ പറയാം..
“സാറിന്റെ കമ്പനിക്ക് ഇപ്പം പണ്ടാത്തപ്പോല വലിയ കോളൊന്നുമില്ല..”
മിരുവന്‍ ഒന്ന് നിര്‍ത്തി..ആഗോള സാമ്പത്തിക പ്രതിസന്ധിയൊക്കെ മിരുവന്റെ വാക്കില്‍ വെറും കോള് മാത്രം.
“അപ്പഴാണ് ആരങ്ങാണ്ട് പറഞ്ഞത് ഒരു മന്ത്രവാദം നടത്തിയാല്‍ എല്ലം ശരി ആവും ന്ന്‍.”
“അതിന് നിന്റൂടി ആരടാ പറഞ്ഞത് എനിക്ക് മന്ത്രവാദം അറിയാമെന്ന്..”
“അയ്യോ.. ചേച്ചി മന്ത്രവാദം നടത്തണമെന്നല്ല..”
“പിന്നെ..”
“മന്ത്രവാദത്തിനൊരു മൂങ്ങ വേണം.. വെറും മൂങ്ങയല്ല.. വെള്ളിമൂങ്ങ തന്നെ വേണം..”
“അതിന് ഇവിടെ എവിട മിരുവാ.. മൂങ്ങ..”
“ചേച്ചീടടുത്ത് ഒരു മൂങ്ങ ഉണ്ടന്ന് നമ്മള പിഞ്ഞാണി മണിയന്‍ പറഞ്ഞല്ല.. ചേച്ചി അതിനെക്കൊണ്ട് തോറ്റന്നും എങോട്ടെങ്കിലും എറക്കി വിടാന്‍ പോവേണന്നും പറഞ്ഞല്ല.. ഈ സാറ് കാശ് തരും ചേച്ചീ..ചുമ്മാ വേണ്ട..”
“ഓ..അതാ... ടാ അത് ഇവിടുത്ത പിള്ളര തന്തേ നാട്ടുകാര് മൂങ്ങേന്നല്ലേ വിളിക്കണത്... എങോട്ടെങ്കിലും എറക്കി വിട്ടാലെ എനിക്കും പിള്ളരുക്കും സ്വൈര്യം കിട്ടൂ..ദാണ്ട വെള്ളമടിച്ച് തിണ്ണേല് എടുത്ത് കെടത്തീട്ടൊണ്ട്.. വേണോങ്കി എടുത്തോണ്ട് പോ..നീ ആയോണ്ട് കാശൊന്നും തരണ്ടന്ന്
നിന്റെ സാറിനോട് പറ..”
“പക്ഷേങ്കി അയാള കെട്ടിറങ്ങണേന് മുമ്പ് മന്ത്രവാദോ എന്തരാണാണെന്ന് വെച്ചാ ചെയ്ത് പരിപാടി തീര്‍ത്തോണം..ഇങ്ങോട്ട് തിരിച്ച് കൊണ്ട് വരെം ചെയ്യല്ല്..”മണ്ണണ്ണ വിളക്കിന്റെ വെട്ടം അടഞ്ഞ വാതിലിന് പുറകില്‍ ഇരുട്ടായി..
“സാറേ വണ്ടി എടുത്തോണ്ട് വരാനുള്ളതായിരുന്നു.. അല്ലെ..”
ഇരുണ്ട വഴിയില്‍ തിരിഞ്ഞു നടക്കുമ്പോള്‍ മിരുവന്റെ സ്വരം പുറകില്‍ നിന്നും കേള്‍ക്കുന്നുണ്ടായിരുന്നു..

3 comments:

yoonus said...

കുശുമ്പാ.. നന്നായി..ട്ടോ.. വെറുതേ ആശിപ്പിച്ചു.

റിയാസ് കൂവിൽ said...

kidilan

enikkishttaayi

n

Muralee Mukundan , ബിലാത്തിപട്ടണം said...

മൂങ്ങ മുങ്ങി